Saturday, June 1, 2013

പതിനഞ്ചു മിനിറ്റ്





അടുക്കളയില്‍ നിന്നും നോക്കുമ്പോള്‍ കാണാം എട്ടേകാലാവാന്‍ തിരക്കിട്ടോടുന്ന ആ സൂചികളെ ...ചിലപ്പോ പ്രഷര്‍ കുക്കെറില്‍  നിന്നും വമിക്കുന്ന പോലെ   ആവിയാവുന്ന നിമിഷങ്ങള്‍  ..


പിന്നെ എനിക്കറിയാം പതിനഞ്ചു മിനിറ്റ് ഫാസ്ടാനു അത് കാണിക്കുന്ന സമയമെന്ന് ..ചുറ്റുപാടുമുള്ള ലോകം ആ സമയത്തിനോട്‌ ചേര്‍ന്നാണ് ഓടുക ഞാന്‍ അതിനു മുന്‍പേ...


എന്നാലും കുട്ടികളുടെ  ബസ്‌ കൃത്യ സമയത്ത് വരും..ഉണ്ണിയേട്ടന്‍ വാച്ചില്‍ നോക്കി പ്രാതല്‍ കഴിക്കും എന്നിട്ട്  മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ഓഫീസിലേക്ക് പോകും അപ്പോഴൊക്കെ  എന്റെയും  ക്ലോക്കിന്റെയും  സമയക്രമം ശരിയായിരിക്കും പലപ്പോഴും .. അപ്പൊ ആ പതിനഞ്ചു മിനിറ്റ് എവിടെയോ നഷ്ടമാവുന്നുണ്ടോ..?


ചിലപ്പോ ആലോചിക്കും ..പിന്നെ ആലോചിക്കാനൊന്നും വലിയ സമയം കിട്ടാത്തത് കൊണ്ടു  ആ ചിന്ത അങ്ങ് വിട്ടേക്കും..ആ ചിന്തയും മുന്‍പേ ഓടുന്ന  സൂചിക്കൊപ്പം  അങ്ങിനെ പോവും.. ഒരു കാളവണ്ടികാരന്‍  ഒരു കെട്ട്  പുല്ലു കാളയുടെ മുന്നിലേക്ക്‌ നീട്ടി കെട്ടി വച്ച ഒരു കഥ ഓര്‍മവരും ..ഒരിക്കലും ഓടി എത്താത്ത ദൂരം ...


അങ്ങിനെ ഓരോന്ന് ഓര്‍ത്തു ബസ്‌സ്ടോപ്പെത്തുംബോഴെയ്ക്കും  മുറുക്കാന്‍ കടയുടെ മുന്‍വശത്ത് ധൃതിയില്‍  അടിച്ചു വരുന്ന കടക്കാരനെ കാണാം ..എന്താണോ അയാളുടെ പേര്..? അയാള്‍ എതെല്ലാം ബസാണ് കടന്നു  പോയതെന്നും പതിവ് ബസ്‌ മുടക്കമാനെന്നോ ഒക്കെ പറയും അപ്പൊ എതിര്‍ ദിശയില്‍ പോവുന്ന ബസിലെ ഡ്രൈവറോട് കാര്യങ്ങള്‍ തിരക്കുന്നതും കാണാം ബസ്‌ സമയങ്ങലെല്ലാം അറിഞ്ഞിരികേണ്ടതും   അത് മറ്റുള്ളവരോട് പറയേണ്ടതുമാണ് എന്നതാവും അയാളുടെ ജീവിത നിയോഗം ..ബസ്‌സ്ടോപിലേക്ക് വരുന്ന എല്ലാവരോടും ഈ കാര്യങ്ങള്‍ അയാള്‍ തിരക്കിട്ട്  അല്പം വിക്കുള്ള ശബ്ദത്തില്‍ പറഞു കേള്‍പ്പിക്കും ..അയാള്‍ പറയും പോലെ അടുത്ത ബസ്‌ വലിയ തിരക്കിലാതെ വരും ..അതില്‍ കയറി ഇരിക്കും പതിവ്  യാത്രക്കാര്  വെറുതെ ചിരിക്കും യാത്ര തുടരും  പിന്നെ സീറ്റ് കിട്ടാതെ നില്‍ക്കുന്നവരു പിടിക്കാന്‍ ബാഗ്, കുട ..കുറച്ചു പരാതികള്‍ ..  എപ്പോള്‍  പുറപ്പെട്ടാലും ഓഫീസില്‍ ഒരേ സമയത്ത് എത്തി ചേരും അതെന്തു മായാജാലമാണോ ..?

ചെറുപ്പത്തിലെ വീട്ടില്‍ ക്ലോക്ക് പതിനഞ്ചു മിനിറ്റ് ഫാസ്ടായിരുന്നു അതാവാം ഞാന്‍ ഇവിടെയും അങ്ങിനെ അതിരാവിലെ  ഉണരുവാന്‍ ,നേരത്തെ ഉറങ്ങുവാന്‍ ,സ്കൂളില്‍ പോവാന്‍ അങ്ങിനെ അങ്ങിനെ ..ആദ്യമൊക്കെ ബസ്‌ സ്റൊപിലേക്ക് നേരത്തെ  പോയി കാത്തു നിന്നിരുന്നു ..അത് കൊണ്ടാണ്  ആ സമയത്ത് കോളേജിലേക്ക്  പോവുന്ന സിദ്ധാര്തനുമായി സംസാരിച്ചു നില്‍ക്കുന്നത് പതിവായത് ..ഒട്ടും സമയം കളയാത്ത സൌമ്യനായ ഒരാള്‍ ..രാവിലെ വീട്ടില്‍ ഒരു പാട് ജോലികള്‍ ..പിന്നെ പാരലല്‍ കോളേജിലെ ജോലി ..പഠനം.. സംസാരിച്ചു സമയം പോവുന്നത്തെ അറിയില്ല .പക്ഷെ ഇടയ്ക്ക്  ഒരു ദിവസം അമ്മ പറഞ്ഞു മോളെ ക്ലോക്ക് കുറച്ചു നേരത്തെയാണ് ..പതിനഞ്ചു മിനിറ്റ് നേരത്തെ അപ്പൊ ആ സമയത്ത് ഇറങ്ങിയാല്‍ പോരേന്നു   പിന്നീട് ഒരിക്കലും സിദ്ധാര്‍ഥനെ  അവിടെ വച്ച് കണ്ടില്ല ..
പിന്നെ സമയം അങ്ങിനെയായി.... ക്ലോക്കിന് ഒരു സമയം ഉണരാന്‍ ...ഉറങ്ങാന്‍ ..സ്കൂളില്‍ പോവാന്‍ എന്‍റെ സമയം ..കൂട്ടുകാരോടൊത് പുറത്തു പോയി മടങ്ങാന്‍  ക്ലോക്കിന്റെ സമയം .."സിനിമ തീരുമ്പോ സമയം വൈകും പിന്നെ  ടുഷന്‍ വൈകും അത് കൊണ്ടു പോവണ്ട "..അങ്ങിനെയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ കാണാന്‍ പറ്റാതെ പോയത് ..സിനിമയ്ക്ക്‌ പോയവരും കൃത്യ സമയത്ത് ടുഷന് എത്തി ".



അങ്ങിനെ സമയ ക്രമങ്ങള്‍ മാറി മാറി ജീവിതം എത്ര നീണ്ടു പോയി രിക്കുന്നു ..ആ പതിനഞ്ചു മിനിറ്റ് ..ഇപ്പോഴും എന്‍റെ മുന്നിലാണോ പിന്നിലാണോ ബാക്കിയാവുന്നത് ?

പിന്നെ സിദ്ധാര്‍ഥനെ കാണുന്നത് കഴിഞ്ഞ ദിവസം ഓഫീസില്‍ വന്നപ്പോഴാണ് ..വിദേശത്താണ് .. അന്നത്തെ  എന്‍റെ  ചില  താല്പര്യങ്ങള്‍ എം ടീ ടെ മഞ്ഞ്‌ ..പോക്കുവെയില്‍ പൊന്നുരുകി ..എന്ന പാട്ട് ..സിദ്ധാര്‍ത്ഥന്‍ എന്‍റെ താല്പര്യങ്ങള്‍   എന്നെ തന്നെ ഓര്‍മിപ്പിച്ചു  ..ശരിക്കും അത്ഭുതം തോന്നി ഇത്ര കാലത്തിനു ശേഷം ഇതെല്ലാം ഓര്‍ക്കുന്ന ഒരാള്‍ ..

വെരിഫികെഷന് ശേഷം നാളെ  തന്നെ വേണം  പേപ്പറുകള്‍   സിദ്ധാര്‍ത്ഥന്‍  സഹായം  ചോദിച്ചു  
നാളെ  രാവിലെ  തന്നെ  റെഡിയായിരിക്കുമെന്നു   ഞാന്‍  ഉറപ്പു  പറഞ്ഞു  

"കുറച്ചു തിരക്കുണ്ട്‌ സമയം വേഗത്തില്‍ ഓടി പോവുന്നു ..." അറിയാതെ ഇടറിയ ശബ്ദം ശ്രദ്ധിച്ചു ..
അപ്പോളാണ്  നിറഞ്ഞു  തുടങ്ങിയ  സിദ്ധാര്‍ഥന്റെ  കണ്ണുകള്‍   കണ്ടത്..


"എന്താ  പറ്റിയത് .."
"ഇല്ല ഒരു സംശയം ...സംശയം മാത്രം ...ബയോപ്സി ..റിസള്‍ട്ട്‌ വന്നിട്ടില്ല .."

സംഭരിച്ചു വച്ച ധൈര്യത്തിനെ മൂടുപടം അഴിഞ്ഞു പോയത് സിദ്ധാര്‍ത്ഥന്‍ അറിഞ്ഞില്ല  മുഖത്ത്   പാതി വിടര്താന്‍ ശ്രമിച്ച  ചിരി മരവിച്ചു നിന്നു .
ചുരുങ്ങിയ വാക്കുകള്‍ കൊണ്ടു കുടുംബ ചിത്രം ..വരാന്‍ പോവുന്ന ബാധ്യതകള്‍ ...സമയം  വളരെ കുറച്ചു അത് കൊണ്ടാവണം ചുരുങ്ങിയ വാക്കുകള്‍ ..അര്‍ഥം നിറഞ്ഞു കനം കൂടിയ വാക്കുകള്‍ ...


യാത്ര പറഞ്ഞു  കടന്നു പോവുമ്പോഴും സമയമില്ല ഞാന്‍ ഇറങ്ങട്ടെ എന്നാണു സിദ്ധാര്‍ത്ഥന്‍ പറഞ്ഞത് അയാള്‍ ഒന്ന് നടന്നു വാതിലിനു അടുതെതതി  തിരിഞ്ഞു  നോക്കി  മറഞ്ഞു.  

കുറച്ചു നേരം വെറുതെയിരുന്നു ..അടുത്ത സ്കൂളിലെ മൈതാനത്ത്  വരി വരിയായി കുട്ടികള്‍ 
 ഒരു പോലെ കയ്യുകള്‍ വശത്തേയ്ക്ക് നീട്ടുകയും ഉയര്‍ത്തുകയും ചെയ്യുന്നു ..ഓഫീസിലെ ക്ലോക്കില്‍  സമയമാവുന്നു ബാഗുകള്‍ നിറയുന്നു അത് വരെ നിലനിന്ന അന്തരീക്ഷം മാറുന്നു .  പതിവില്ലാതെ അഞ്ചു മിനിറ്റ് വൈകി  ഇറങ്ങുമ്പോള്‍   ..ബസ്‌ പതിവ് സമയത്ത് തന്നെ വന്നു ബസ്സിനുള്ളില്‍ ആളുകള്‍ തിരക്കുകൂട്ടുകയും അക്ഷമരാവുകയും ചെയ്യുന്നുണ്ടായിരുന്നു
. .


സ്റ്റോപ്പില്‍ ഇറങ്ങി നടക്കുമ്പോള്‍ തിരക്ക് കൂട്ടിയും   സാവധാനവും  ആളുകള്‍  നടന്നു  പോവുന്നുണ്ടായിരുന്നു  മുന്നിലും  പിന്നിലുമായി ..
എന്നത്തേയും  പോലെ, പക്ഷെ എന്ത് കൊണ്ടോ അവരെല്ലാം എന്നിലൂടെ കടന്നു പോവുന്നത് പോലെ തോന്നി.
  

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..