Sunday, October 27, 2013

Tuesday, July 16, 2013


വയലെറ്റ് ദിനങ്ങൾക്ക്‌ 

Monday, July 1, 2013

ഒരു പ്രണയ കഥ


"and the trouble with the illusions is that you dont realise, you have them till they are shattered"
* * * * *

അവള്‍ ആദ്യം ഇറങ്ങി ..
പരസ്പരം നോക്കാതെ, കണ്ണുകള്‍ ഇടയാതെ ,വിദൂരതയിലേക്ക് മിഴികള്‍ നട്ട് ആ യാത്ര അവസാനിച്ചപ്പോള്‍ പിന്നില്‍ ഉപേക്ഷിച്ചത് എന്താണെന്നു ..ഒരിക്കല്‍ കൂടെ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു ...
ആള്‍ കൂട്ടത്തിലേക്ക് ,തിരിഞ്ഞു നോക്കാതിരിക്കാന്‍ ബദ്ധപെട്ടു പലപ്രാവശ്ശ്യം സാരി തലപ്പ് അബോധപൂര്‍വം വലിച്ചിട്ടു ,അവള്‍ അലിഞ്ഞു പോയി ...

* * * * *
വിഷാദവും ലഹരിയും സ്നേഹവും ചേര്‍ന്നൊരു ഉത്സവകാലമായിരുന്നു അത്, കാമ്പസ് കൂട്ടായ്മകളുടെ വസന്തം ..താനേ ഒഴുകി അടുത്ത ഒരേ മനസ്സുകള്‍ പരസ്പരം പിരിയാത്തവരായി കാലങ്ങള്‍ക്ക് ശേഷവും മനസ്സിന്റെ തൊട്ടടുത്ത് ഉണ്ട് ആ ഓര്‍മ്മകളുടെ ആദ്യ ചിത്രങ്ങളില്‍ ഏത് പ്രക്ഷുബ്ധത യിലും ചുരുണ്ട മുടി പിന്നിലേക്കു അലസ്സം തഴുകിയോതുക്കി പാതി ചിരിയോടെ നില്ക്കുന്ന അവനെ കാണാം അകാരണമായ അസ്വസ്ഥകളും ലഹരിയുടെ പുതിയ വെളിച്ചം വീണ വിജനമായ വഴിത്താരകള്‍ കാണാം ..കാണാതെ പോയ അര്‍ത്ഥതലങ്ങള്‍ തേടി പുലര്‍ന്ന രാവുകള്‍ .....

..
രാത്രി വൈകി അവസാനിക്കുന്ന കോളേജ് ദിനങളില്‍.. ആഘോഷങ്ങള്ക്കൊടുവില്‍്.. അവസാനത്തെ ബസ്സില്‍ അവനെ യാത്രയാക്കി മടങ്ങുമ്പോഴും ..മരച്ചുവട്ടില്‍ ആള്‍കൂട്ടം ബാക്കി കാണും ..പോകുന്ന വഴിക്കുള്ള ജോഷിയും രതീഷും കൂടെ ചേര്ന്നു വീട്ടിലേക്ക് നടക്കുമ്പോള്‍ നഗരം വിജനമായിട്ടുണ്ടാവും ...


അറിയാത്ത ഏതോ വഴികളാണ് പലരുമായും നമ്മെ ബന്ധിപ്പിക്കുന്നത് .. ആ ദിവസ്സങ്ങള്‍ ആഘോഷിക്കുകയായിരുന്നു .. അവന്റെ വീട്ടിലും നാട്ടിലും വിശേഷങ്ങളില്‍ പങ്കുകാരനായി ആ തറവാടും അതിനോട് ചേര്‍ന്ന ബന്ധു വീടുകളും , കളികളും തര്‍ക്കവും ഉത്സവങ്ങളും പൊട്ടി ചിരികളും

അത് സാന്ത്വനത്തിന്റെ ,സ്നേഹത്തിന്റെ ,അംഗീകാരതിന്റെ ഒരു പച്ച പടര്പ്പായിരുന്നു..
രാത്രികള്‍ നീണ്ട വാഗ്വാധങ്ങളില് ,വിനോദങ്ങളില്‍, ആഘോഷങ്ങളില്‍ അവള്‍ നിറ സാന്നിധ്യമായി ...
അനിത ..അനിലിന്റെ മൂത്ത സഹോദരിയായിരുന്നു ..

രണ്ടാം റൗണ്ടില്‍ റമ്മി നിരത്തിയും അന്തരീക്ഷത്തില് നിന്നും ഭസ്മം എടുത്തും ..എന്നെ
അമ്പരപ്പിച്ച് ....
അവളുടെ ചുളുങ്ങി അശ്രദ്ധമായ വസ്ത്ര രീതിയില്‍,
ജീവിതത്തോടുള്ള നിസംഗതയില്‍ ....ലാഘവത്തിന്റെ സൌന്ദര്യമായി
അനിത മനസ്സില്‍ ഒരു ഒരു പ്രതിഭാസ്സമായി ..

""കൈകൊണ്ടു ച്ചുളുക്കിയാണോ ഇതു ധരിക്കുന്നത് " നിറഞ്ഞ ചിരി ചോദ്യത്തിനു മറുപടിയായി ..,
ഏത് വസ്ത്രത്തിലും അവള്‍ അതി സുന്ദരിയായിരുന്നു..,


അനിത അടുത്ത വര്‍ഷം വീണ്ടും കോളേജില്‍ ചേര്‍ന്ന് പി ജി പഠനം തുടങ്ങി .
പലപ്പോഴും കാന്റീനിലും തീയറ്ററിലും പാര്‍കിലും ബുക്ക് സ്ടോളിലും ഒരുമിച്ചു ഏതോ സംകല്പ ലോകം തിരഞ്ഞു ..
..


ചോര വീണു കാമ്പസും നഗരവും സ്തംഭിച്ച ദിവസ്സങ്ങള്‍ക്ക് ശേഷം ഒരു ദിവസ്സം .വിരിഞ്ഞു വളര്‍ന്ന തണല്‍ മരങ്ങള്‍ താഴെയും നീണ്ട ഇടനാഴികളിലും ഓരോ സംഘവും രഹസ്യമായി പരസ്പരം എന്തൊക്കെയോ പറഞ്ഞു ..മുന്നിലെ വഴിയില്‍ പോലീസ് കാവലായി ..
പാതി അടച്ചിട്ട ഗേറ്റ് കടന്നു നേര്‍ക്ക്‌ നടന്നു വരുമ്പോള്‍ എന്തോ അത്യാവശ്യം പറയാനുണ്ടെന്ന് മനസ്സു പറഞ്ഞു

"അനിലിനെന്തെകിലും ?"

"ഇല്ല അവന് കുഴപ്പമൊന്നുമില്ല ..പക്ഷെ ആകെ ഒരു വീര്പ്പുമുട്ടല്‍് വീട്ടില്‍ "
"ആരോടെന്കിലും സംസാരിചില്ലെന്കില്‍ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി ..നിന്നെ തേടിയാണ് വന്നത് "

ഒരേ വഴികളില്‍ പലവട്ടം ചുറ്റി പാര്‍ക്കിലെ നടപ്പാതകളില്‍ ..പലവട്ടം ..കാഫ്കയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഛെ ഗുവേരയെയും റിച്ചാര്‍ഡ്‌ ബാക്കും ബീട്ടില്സും കൃഷ്ണമൂര്‍ത്തിയും പ്രതീഷ് നന്ദി യും കടന്നു പോയി ..
ഒടുവില്‍ ഒരു വിയോജനതിന്റെ പാതയില്‍ വാശിയില്‍് ചുവന്ന മുഖത്തോടെ..

"നീയും , ഒരിക്കലും ഈ slavery യില്‍ നിന്നും രക്ഷപെട്ടിട്ടില്ല ..Sisters and Brothers of America,
It fills my heart with joy unspeakable to rise in response to the warm and cordial welcome which you have given us. I thank you in the name of the most ancient order ...."
ചിക്കാഗോ അഡ്രസ്സ് മുഴുകാന്‍ ഒരു ശ്വാസ്സത്തിലാണോ പ്രയോഗിച്ച് ഒടുങ്ങിയത് .. ചരിഞ്ഞു വീണ വെയില് കൂടുതല്‍ ചുവപ്പിച്ച
ആ മുഖ ഭാവം കണ്ടു എനിക്ക് ചിരിയാണ് വന്നത്

"നീ എന്താ ചിരിച്ചത് .. "

കയ്യിലുള്ള പുസ്‌തകം എടുത്ത് അടിക്കാന്‍ ഓങ്ങി ...

ഞാന്‍ ഓടി മാറി ..

"ഇപ്പോ വീര്‍പുമുട്ടല്‍ മാറി കാണുമല്ലോ ? "

അതിന് നിന്റെ കൂടെ നടന്ന എന്നെ വേണം പറയാന്‍ ..

"ഞാന്‍ പോകുവാ ..."

നടന്നു നീങ്ങുമ്പോള്‍ എന്തോ വിഷമം തോന്നി ..
വരണ്ട ശിഖരങ്ങളില്‍ വെളുത്ത ചെമ്പകങ്ങള്‍ വിരിഞ്ഞു തുടങ്ങുന്നു ..അസ്തമയത്തിന്റെ ചുവപ്പ് ഒരു നനുത്ത ശോണിമ ആ പൂവുകളില്‍ പകര്‍ന്നു...

"ദേഷ്യപെടുതേണ്ടായിരുന്നു... "

അസ്തമയം നോക്കി ഒറ്റയ്ക്കിരുന്നു ..പിന്നെ പതിവു മരച്ചുവടുകളിലെക്കും എന്ത് കൊണ്ടോ അവരു പറയുന്നതൊന്നും ശ്രദ്ധിക്കാന്‍് കഴിഞ്ഞില്ല

രാത്രി ... പതിവു തെറ്റാതെ നടന്നു നീങ്ങുമ്പോള്‍ ലഹരിയുടെ നിലാവില്‍ ചെമ്പകചോട്ടിലെ കല്ലില്‍ കാല്‍ ഉയര്തി വച്ചു ഗിറ്റാറില്‍ മീട്ടി ഫ്രെഡി
പാടുന്നുണ്ടായിരുന്നു

Is there anybody goin to listen to my story,
all about the girl who came to stay?
She's the kind of girl you want so much it makes you sorry.
Still, you don't regret a single day.
Ah, girl!
Girl! girl!

പെയ്തിറങ്ങുന്ന മഴതുള്ളികല്‍ക്കിടയിലൂടെ എത്ര ദൂരം നമുക്കൊരുമിച്ചു നടക്കാം ..
ഓരോ മഴനൂലിന്റെ രണ്ടറ്റങ്ങളില്‍ നിന്നും എങ്ങിനെ ഒരു സ്നേഹ സന്ദേശം കൈമാറാം ..

നിറഞ്ഞു പെയ്ത മഴ യുടെ കറുപാര്‍്ന്ന പച്ചയില്‍ ആര്‍ദ്രമായ ഏതോ ഗാനം നാം മാത്രം കേട്ടു....
ഏതോ മഴയില്‍ പരസ്പരം തണലായി ..

വര്‍ണം വിതറിയ വസന്തദിനങ്ങളില്‍ നീ മനസ്സില്‍ ഒരു പൂക്കളമായി ..

വേര്‍പിരിയലിന്റെ വേനലില്‍ പൂത്തുലഞ്ഞ വാകമാരങ്ങള്ക്ക് താഴെ നെടുവീര്‍പുകളുടെ ചൂടു കാറ്റു...
അപ്പോഴും നമ്മുടെ ലോകത്ത് ..French Lieutenant's Woman ..ചിരിച്ചു...
നാം പ്രണയത്തിന്റെ ചാപല്യങ്ങള്‍ക്ക് അപ്പുറം എന്ന് ആര്‍ക്കോ വേണ്ടി നടിച്ചു ....


തര്‍ക്കിച്ചും തമ്മിലടിച്ചും ഒടുവില്‍ എവിടൊയോ ഒരു സാമ്യം കണ്ടെത്തിയും ..കാലം ഒരു പാടു കടന്നു പോയി ..

നാം മാത്രം മാറ്റമില്ലാതതവരെ പോലെ ഏതോ അദ്രൃശ്യമായ ലോകത്ത് ചുറ്റി നടന്നു ..

എന്നും ജോലികഴിഞ്ഞെതുന്ന നിന്നെ കാത്തു നിനക്കായി പുതിയ വാര്‍ത്തകള്‍ കരുതി ..
ഒരു കറക്കം, ഇന്ത്യന്‍ കോഫി ഹൌസില്‍ കാപ്പി , പുതിയ ബുക്കുകള്‍ കണ്ടെത്തല്‍ ,ചര്‍ച്ച, തര്‍ക്കം ... സ്റ്റുഡിയോവിലെ ഒരു സ്ഥിരം സന്ദര്‍ശകയാവുംബോഴും എന്നും പറയാന്‍ ഒരായുസ്സിന്റെ വിഷയങ്ങള്‍ ബാക്കിയുണ്ടായിരുന്നു ..

കനം നിറഞ്ഞ അന്തരീക്ഷം വല്ലാത്ത നിശ്ശബ്ദത ചൂഴ്ന്ന ഒരു ദിവസ്സമാണ്‌ പരസ്പരം എന്തോ പറയാന്‍ മറന്നെന്നു തോന്നി .
നിശബ്ദതയെ അവള്‍ തന്നെയാണ് മുറിച്ചത്

"നീ ആ പറഞ്ഞിരുന്ന ബുക്ക് തന്നില്ല ...റിച്ചാര്‍ഡ്‌ ബാക്ക് "

"ഓ ഞാനത് കൊണ്ടു വന്നിട്ടുണ്ട് .."

വളരെ കാലമായി ചോദിച്ചിരുന്ന റിച്ചാര്‍ഡ്‌ ബാക്കിന്റെ illusions.. the adventures of reluctuant Messiah..
കണ്ണുകളിലെ തിളക്കം ..ഏതോ അറിയാത്ത നൊമ്പരങ്ങള്‍ വിടര്‍ത്തി ..
അവള്‍ നിശബ്ദം പടികളിറങ്ങി നടന്നു


വീട്ടില്‍ അനിയത്തിയുടെ കല്യാണ തിരക്ക് ..കുറച്ചു ദിവസ്സങ്ങള്‍ പരസ്പരം കണ്ടില്ല .
വിവാഹ തലേന്ന് ..മനോഹരമായ വസ്ത്രം ധരിച്ചു അതീവ സുന്ദരിയായി എന്നെ ഞെട്ടിച്ചു കൊണ്ടു അവള്‍ കടന്നു വന്നു . കയ്യില്‍ തിരിച്ചു തരാന്‍ messiah's handbook ,

"you are so fascinating .."

"പോടാ "

ബുക്ക് ഷെല്‍ഫില്‍ വച്ചു ഞാന്‍ തിരക്ക് കളിലേക്ക് മടങ്ങി ..
അവള്‍ വിവാഹ വീടിലെ മുഖ്യ ആകര്‍ഷണവും അലങ്കാരവുമായി അവിടെ ഉത്സാഹപൂര്‍വ്വം ഒഴുകി നടന്നു

കുറച്ചു ദിവസ്സങ്ങള്‍ തമ്മില്‍ കാണാതെ കടന്നു പോയി ..
മടക്കി തന്ന ബുക്ക് മറിച്ചു നോക്കുമ്പോഴാണ് പൊതിഞ്ഞിരുന്ന ആദ്യ പേജിന്റെ ഒരു വശത്തായി വൃത്തിയുള്ള അക്ഷരങ്ങള്‍

"and the trouble with the illusions is that you dont realise, you have them till they are shattered"

മനസ്സില്‍ അര്‍ഥം അറിയാതെ പോകുന്ന വികാരങ്ങളുടെ നിറങ്ങള്‍ ഒന്നൊന്നായി കടന്നു പോയി ..

ഏത് നിറമാണ് പ്രണയത്തിന്റെത്..?


വീണ്ടും പതിവുപോലെ അവളെത്തി പതിവു ദിനങള്‍ ഒരു കണ്ണില്‍ പ്രണയം എന്റെ മാത്രം തോന്നലാണോ ?.. തികച്ചും അപരിചിതമായ പരിഭ്രാന്തിയുടെ പരിവേഷമാണ് ഓരോ ആ ദിനങ്ങള്‍ തന്നത് ..പലപ്പോഴും തുറന്നു പറയാന്‍ കാത്തു വച്ചിരുന്ന വാക്കുകള്‍ ഇടറി തൊണ്ടയില്‍ കുരുങ്ങി ...

"നമുക്കു എക്സിബിഷന്‍ ഗ്രൗണ്ടില്‍ ചുറ്റാം ..പുസ്തക മേളയില്‍ പുഴുക്കളാകാം..നീ ആണ്‍ പുഴു ..ഞാന്‍ പെണ് പുഴു"


തിരക്ക് ..നിറമുള്ള വെളിച്ചം വിതറി കറങ്ങുന്ന ജയന്റ് വീലില്‍ നിന്നും ആര്പുവിളി..പുസ്തക സ്ടാളിലും നല്ല തിരക്ക് ..

പുതിയ പുസ്തകതാളുകളുടെ തിളക്കത്തില്‍ കണ്‍ നിറഞ്ഞു

അവള്‍ വിളിച്ചു " നിന്നോട് പറയാന്‍ മറന്നു ... ഇന്നു ഓഫീസില്‍ പ്രതീഷ് നന്ദി യുടെ LOVE കൊണ്ടു വന്നു..... ഞാന്‍ വാങ്ങിച്ചു ".

"ഓഹോ എനിക്ക് എപ്പോഴാ തരിക LOVE"

മുകളിലേക്ക് കറങ്ങി അകന്ന ജയന്റ് വീല്‍ എന്തുകൊണ്ടോ ശ്രദ്ധ ക്ഷണിച്ചു ..

പിന്നില്‍ നിശ്ശബ്ദത ..

തിരിഞ്ഞു നോക്കുമ്പോള്‍ ഇതു വരെ കാണാത്ത ഒരു മുഖ ഭാവം ..നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍

"ഞാന്‍ .... അത് എന്നേ തന്നു കഴിഞ്ഞു "

ചുറ്റും നിറഞ്ഞ ആരവം ഒരു നിമിഷം നിശബ്ദമായി ..
ആ കണ്ണുകള്‍ക്ക് നേരെ നടന്നടുക്കുമ്പോള്‍ ...ഈ ലോകം നമ്മുടേത് മാത്രമായി ചുരുങ്ങി

രാത്രികള്‍ നിശബ്ദമായി വിരിയിക്കുന്ന പൂവുകളുടെ ഗന്ധം ..പകലിന്റെ നിറങ്ങള്‍ ചാര്‍ത്തിയ അപരിചിത ഭാവങ്ങള്‍ ..പുതിയ ബോധമായിരുന്നു ഓരോ ദിവസ്സവും നിന്‍റെ ഓരോ ഭാവങ്ങള്‍ ..

ഇനി ..

പ്രണയം പരിഭ്രാന്തിയുടെ വേഷപകര്‍ച്ചയായി ...

പക്ഷെ ....
എല്ലാ ഉത്സവങ്ങളും അവസ്സാനിക്കുമല്ലോ .. എല്ലാ കൂടിചെരലും പിരിയുവാനുളളതാണല്ലോ ..

***

നമ്മള്‍ വിവേകികളാണെന്നു അവര്‍ പറയുന്നു .. അത് കൊണ്ടു നാം വിവേകികളാകണം......
പിന്നെ നാമറിയാത്ത യഥാര്ത്യങ്ങളുണ്ട് നമുക്കിടയിലെന്നു നാം അറിയണം ..

കാരണങ്ങള്‍ ഒരു പാടു കണ്ടെത്താം ...നമുക്കെന്താവണം ......

ഇങ്ങിനെ.......ഇങ്ങിനെ.......

കടലിന്‍റെ കാണാ ദൂരങ്ങളില്‍ കണ്ണയച്ചു ചേര്ന്നു നില്‍ക്കുമ്പോള്‍ വിദൂര ചക്രവാളങ്ങളില്‍ നിന്നും ഒഴുകിഅടുത്ത നനുത്ത മഴക്കാറ്റ് അവളുടെ കുംകുമ പൊട്ടു മായിച്ചൊഴുക്കി...വിതുമ്പുന്ന ചുണ്ടുകള്‍ ക്ക് മേല്‍ ഒരു ഒരു ചുവന്ന രാശി.. ..
കടല്‍ക്കരയില്‍ നിന്നും ആള്‍കൂട്ടം ധൃതിയില്‍ ഒഴിഞ്ഞു തുടങ്ങുന്നു ....മഴ ..കടലിന്‍റെ അതിര്‍ത്തികള്‍ ഓരോന്നായി കടന്നു തീരങ്ങളില്‍ ഭ്രാന്തമായ താളത്തില്‍ ഉതിര്‍ന്നു വീണു ..

നെഞ്ചില്‍ പെയ്തൊഴിയാന്‍ ഒരു കാര്‍മേഘം വിങ്ങി...

അറിയില്ല..അറിയില്ല..

രണ്ടു വഴികളുണ്ട് ..നാം മുന്നോട്ടു പോകുന്നു...മറ്റുള്ളവരില്‍ നിന്നും അകന്നു..

രണ്ടു... നമ്മള്‍ പിന്നോട്ട് പോകുന്നു ..മറ്റുള്ളവരോടൊപ്പം ,
നമ്മളില്‍ നിന്നും അകന്നു..
പിന്നോട്ട്.....
മോഹിപ്പിച്ചു നിറഞ്ഞു പൂത്ത വാകമരങ്ങള്‍്ക്കും ...
നീണ്ട ഇടനാഴിയില്‍ ചാഞ്ഞു വീണു നിഴല്‍ വീഴ്ത്തിയ ചുവന്ന സന്ധ്യകള്‍ക്കും
ജാലകങ്ങള്‍ക്കപ്പുറം പെയ്തോഴിഞ്ഞ തുലാമഴയ്കും അപ്പുറത്തേക്ക് ..
നാം കണ്ടു മുട്ടിയ ആ ദിനത്തിനുമപ്പുറതേത്ക്ക് ....

മനസ്സില്‍ നിറഞ്ഞ വിങ്ങല്‍ കണ്ണുകളില്‍ ഇരുട്ട് വീഴ്ത്തി പെയ്തു ...

ഞാന്‍ ... ഞാന്‍ നിന്നെയൊന്നു കെട്ടിപിടിച്ചു കരയട്ടെ .....

മഴയില്‍ ചുവന്നലിഞ്ഞ സന്ധ്യ..ദൂരെ തുറമുഖം വിട്ടകന്ന ഒരു കപ്പല്‍ ....

സമയം വല്ലാതെ വൈകിയിരിക്കുന്നു ...നമുക്കു നടന്നു തുടങ്ങാം .....

********************************
കാലം മാറിയിരിക്കുന്നു ..എല്ലാം ..മാറിയിരിക്കുന്നു ..ഇന്നലെ
ഷെല്‍ഫില്‍ തേടിയ പുസ്തകത്തിന് തൊട്ടു ചേര്‍ന്ന് ആ പഴയ കവേറോട് കൂടി തന്നെ ആ പുസ്തകം ...സാവധാനം തുറന്നു ആദ്യ പുറത്തിലേക്ക് മടക്കിയ താളില്‍ ആ അക്ഷരങള്‍ മായാതെ കിടന്നു..

ആ പഴയ താള് മിടിക്കുന്നുണ്ടയിരുന്നോ ..? ആ വാക്കുകള്‍ ,അക്ഷരങ്ങള്‍ ....

ഇന്നലെകള്‍ പുറം താളിലെ നീല തൂവല്‍ പോലെ ...ഹൃദയത്തിലൂടെ ....കാലത്തിലൂടെ മന്ദം... മന്ദം ...

Wednesday, June 5, 2013

ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്


പ്രണയകഥ - ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്
*********************************************************

നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കുവാന്‍ മുഖം തിരിക്കുമ്പോള്‍ അറിയാതെ വിതുമ്പിയ ചുണ്ടിനു മുകളിലെ മറുക് ചേര്‍ത്ത് കടിച്ചൊതുക്കിയത് എന്തായിരുന്നു ..?
അറിയാതെ പോയത് മറ്റൊരു ഹൃദയമായിരുന്നു... ******************************************************

കാണാന്‍ എന്നും മോഹിച്ച സ്ഥലങ്ങളില്‍ നില്‍ക്കുമ്പോഴും എത്രയും വേഗം തിരിചെത്തുവാനായിരുന്നു തിടുക്കം ..കൊയ്ത്തു കഴിഞ്ഞ പാടത്ത് കത്തികയറുന്ന പൂരമേളം ,ഉറക്കം മറക്കുന്ന ആള്‍കൂട്ടം . ദീപങ്ങളുടെ രാത്രി ,ആരവങ്ങളുടെ ഉല്‍സവം , .............അതോ ...നിന്റെ കണ്ണുകളില്‍ വിരിയുന്ന ദീപ കാഴ്ചകള്‍ ,ആ സാന്നിധ്യം പകരുന്ന ഉന്മാദം ......... എന്നും ചുറ്റി പറന്ന മനസ്സിനെ തിരിച്ചു വിളിക്കാന്‍ ആ ഒരു ക്ഷണം ......കൊട്ടെക്കാവ് പൂരം


ഉച്ചവെയില്‍ ജന്നലിനപ്പുറം വരണ്ടുപോയ വേനല്‍പകലിനെ കാഴ്ച്ചയില്‍ നിന്നും മറച്ചു ...പൂത്തു നിന്ന കണികൊന്നകളും വാകകളും വെയില്‍ നീട്ടിയ തീകാഴ്ചയില്‍ മറഞ്ഞു പോയി . കര്ട്ടന്‍് ഇളക്കി സുഖകരമായ ഒരു കാറ്റ് എവിടെയോ നിന്ന് ചുറ്റി അടുത്തു. ദൂരെ ഒരു ഉത്സവമേളത്തിന്റെ ധ്വനി കേട്ടതായി തോന്നി .. ഹൃദയം വിളിച്ചുനര്തുന്നുണ്ടായിരുന്നു ......പോകാം ..നടക്കാം ..... ഉല്‍സവ രാത്രി വിളിക്കുന്നു ..നിന്റെ കണ്ണുകളും

ശൂന്യമായ വഴികളിലൂടെ നടന്നു... ഒരു ഭാഗത്ത് വേനലിന്റെ തീക്ഷ്ണതയില്‍ കണ്ചിമ്മിക്കുന്ന വെള്ളിവെളിച്ചം ചിതറി കായല്‍ .....കാഴ്ചകള്‍ ഇരുണ്ടു മാറി ..ഉച്ചമയക്കത്തിന്റെ ആലസ്യം തീരങ്ങള്‍ക്ക് ,നഗര വീതികള്‍ക്കും ...യാത്രക്കാര്‍ നന്നേ കുറഞ്ഞ ബസ്സില്‍ മനസ്സില്‍ ഉയരുന്ന , ഇനിയും തുറന്നു പറയാത്ത പ്രണയത്തിന്റെ ഉല്‍സവമേളവുമായി കടന്നിരുന്നു .

ബസ് സ്റ്റോപ്പില്‍ അനില്‍ കാത്തു നില്കാറുള്ളതായിരുന്നു പതിവ് അവനെ അവിടെയെങ്ങും കണ്ടില്ല ..ഉത്സവങ്ങളുടെ ക്യാമറകാഴ്ചകള്‍ക്ക് നിറച്ചാര്‍ത്ത് ഏറും ..പക്ഷെ ചിത്രങ്ങളുടെ ഫ്രെയിമിനപ്പുറം വളരുന്ന ഉല്‍സവത്തിന്റെ വികാരം അത് അനുഭവിച്ചേ അറിയാനാകൂ . ഒരു ഗ്രാമം മുഴുവന്‍ കാത്തിരിക്കുന്ന രാത്രി പൂരം .. മണിക്കൂറുകള്‍ നീളുന്ന മേളത്തിന്റെ ആസുര താളം ..സന്ധ്യ മയങ്ങുന്ന ഗ്രാമവഴികളില്‍ ഉത്സവതിമിര്‍പ്പ് കാണാം ..ആകെ തിരക്ക് പിടിച്ച വഴികള്‍ ,,എവിടെനിന്നോ മുഴങ്ങി കേള്‍ക്കുന്ന മേളധ്വനി... വിശേഷങ്ങള്‍ വര്‍ണിച്ചു നടന്നു പോകുന്ന ഒരു വലിയ ഒരു കുടുംബസംഘത്തിന്‍റെ പിന്നാലെ ആ വീട്ടിലേക്കു നടന്നടുക്കുന്തോറും മുന്‍പെങ്ങോ കണ്ടു മറന്ന അപരിചിതത്വം മനസ്സില്‍ വളര്‍ന്നു അവളെ നേരില്‍ കണ്ടിട്ട് ദിവസ്സങ്ങളെ ആയിട്ടുള്ളൂ .. എങ്കിലും .....മനസ്സില്‍ വളര്‍ന്ന പ്രണയഭാവം ,നേരില്‍ കാണുംവരെ ..സങ്കല്‍പത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഇടയില്‍ പുതിയ രൂപങ്ങള്‍ തീര്‍ക്കുന്നു ..


ഗേറ്റ് കടന്നു ചെല്ലുമ്പോള്‍ ഒരു കസേരയിലേക്ക് കാല് ഉയര്‍ത്തി വച്ച് അവനിരിപ്പുണ്ടായിരുന്നു .. കണ്ണുകള്‍ പരതിയത് മറ്റാരെയോ ആയിരുന്നു .


" നീയെന്താ വൈകിയത് ? നിന്നെ രാവിലെ മുതലേ കാത്തിരുപ്പാണ് അനിതേച്ചി.. .. ഞാന്‍ ഒന്ന് വീണു ..കാലിനു ചെറിയ ഒരു ..."

പ്ലാസ്ടറിട്ട കാലില്‍ നിന്നും അവന്റെ കണ്ണിലേക്കു നീണ്ട നോട്ടത്തിനു ഒരു കുസൃതി കണ്ണ് ചിമ്മല്‍ ..
"ഓ ഉത്സവാഘോഷം..! ...എന്നായിരുന്നു അഭ്യാസം "
"ഇന്നലെ രാത്രി ."..മറുപടി കടന്നു വന്നത് അല്പം നീരസതിലായിരുന്നു ...അനിത ..


പരസ്പരം കാണാതെ പോയ കുറച്ചു ദിവസ്സങ്ങളുടെ പരിഭവം. ..? നീ അറിയുന്നുവോ .. ഈ സൌഹൃതതിനും അപ്പുറം നീയെന്നെ പിന്തുടരുന്നു എന്ന് ... രാത്രികളിലും സ്വപ്നങളിലും ഏകാന്തതകളിലും ...ഓരോ ശ്വാസത്തിലും ...നിന്നോട് മാത്രം പറയാന്‍ ...നിന്റെ കണ്ണുകള്‍ അറിയുന്നുവോ ...ഓരോ നോക്കിലും ഹൃദയത്തില്‍ വിടരുന്ന പ്രണയപുഷ്പങ്ങള്‍ .


സംസാരം തുടരുംതോറും ഔപചാരികതയുടെ മഞ്ഞു ഉരുകുകയും കണ്ണുകളുടെ ഭാഷയ്ക്ക് മായികമായ വരം തിരിച്ചു കിട്ടുകയും ചെയ്തു ...ഏതോ നേരമ്പോക്കില്‍ വീണ്ടും പൊട്ടിച്ചിരിക്കുമ്പോള്‍ മനസ്സിന് മേല്‍ വീണിരുന്ന അശാന്തിയുടെ നിഴല്‍ മാറി പോയതായും മനസ്സ് പ്രസ്സന്നമായതായും തിരിച്ചറിഞ്ഞു.അവളുടെ കണ്ണുകളില്‍ തിളക്കം മടങ്ങി വരുന്നു .. കുംഭ ചൂടില്‍ വരണ്ട പാടങ്ങള്ക്ക് മുകളിലൂടെ തണുത്ത ഒരു കാറ്റ് തേടിയെത്തി ...അവളുടെ മുടിയിഴകളെ പറപ്പിച്ച് മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു .. "ഓ മഴ വരുന്നു "... അവള്‍ ഒന്ന് തിരിഞ്ഞു നോക്കി പിന്‍ഭാഗത്തേക്ക് തിടുക്കത്തില്‍ നടന്നു പോയി .. ...
മരങളെ ആകെ ഇളക്കിയ പൊടിപാറിയ കാറ്റിനൊപ്പം ഒരു വലിയ തുള്ളികളായി തെറിച്ചു വീണ മഴ കുളിര് ബാക്കിയാക്കി പെട്ടെന്ന് കടന്നു പോയി .. യാത്രയുടെ വിശേഷങ്ങള്‍ .. നേരമ്പോക്കുകള്‍ .പുതുതായി കടന്നു വന്ന സുഹൃത്തുക്കളോടൊപ്പം പങ്കിട്ടു രാത്രി വൈകും വരെ സംസാരം നീണ്ടു ...
പരിഭവതിനുമപ്പുറം ആ കണ്ണുകളില്‍ നിറഞ്ഞത് എന്തായിരുന്നു ..മനസ്സിന്റെ കോണില്‍ ഒരു സംശയം ബാക്കിയായി .. പിന്നീട് രാപൂരത്തിന് ഒറ്റയ്ക്ക് ....അനില്‍ തന്റെ അവസ്ഥയില്‍ നിസ്സഹായനായി ....
രാത്രി ഇരുട്ടി വളരുന്ന ഗ്രാമവഴികളില്‍് ഒറ്റയ്ക്ക് ..കൂടെ ഓരോ ചുവടിലും അവളുടെ സാന്നിധ്യം സങ്കല്പിച്ചു ..പക്ഷെ ആ കണ്ണുകളില്‍ കണ്ട ഭാവം മനസ്സ് കണ്ടെടുത്ത കാരണങ്ങളുമായി പൊരുതപെടാതെ അറിയാത്ത ഏതോ വേദനയുടെ ബാക്കിയായി ....

പൂര മൈതാനവും ക്ഷേത്രവും കുറച്ചു ദൂരെയാണ് ...ഒരു വിശാലമായ പാടത്തിനു നടുവില്‍ കൊയ്തൊഴിഞ്ഞ ഭൂമിയിലാണ് മേളം ...മഴ ആള്‍കൂട്ടത്തെ ഒഴിച്ചിരിക്കുന്നു ..അകലങ്ങളില്‍ അവിടവിടയായി മങ്ങി കത്തുന്ന വിളക്കുകള്‍ ...ക്ഷേത്രത്തിലേക്കുള്ള നടവഴി ഇരുട്ടിലേക്ക് നീണ്ടുകിടന്നു ...

ഈ ഇരുട്ടിന്റെ ഇടനാഴിക്കപ്പുറം ....നീയുണ്ട് ..നീയറിയുന്നുവോ നിന്നോട് പറയാന്‍ ബാക്കിയായ പ്രണയപരിഭവങ്ങളുമായി... ഞാനിവിടെ ...

വയലില്‍ നിന്നും വീണ്ടും കാറ്റ് വീശിയടുക്കുന്നു...മഴ ...ഇടിയുടെ തിമിര്‍പ്പില്‍ ശക്തമായി പെയ്തു തുടങ്ങി .ഇരുട്ടിനു മേല്‍ പെയ്ത മഴയുടെ വെള്ളിനൂലുകള്‍ .....തെങ്ങുകള്‍ക്ക് കീഴില്‍ നനയാതിരിക്കാന്‍ വൃഥാ ശ്രമിച്ച് ...ചെളിയില്‍ വഴുകാതെ ആകെ നനഞ്ഞു ക്ഷേത്രത്തിന്റെ മുന്നിലെ വൃക്ഷത്തിന് താഴെ ഓടി എത്തുമ്പോള്‍ അവിടമാകെ വിജനമായിരുന്നു..

മഴയിലും കെടാതെ കല്‍വിളക്കില്‍ തിരികള്‍് .. ഇരുട്ടിന്‍റെ മഴയില്‍ ഒരു വെളിച്ചത്തിന്റെ പ്രതിരോധം ..ഇളകിയാടിയ വിളക്കിന്റെ നിഴലുകള്‍ രൂപങ്ങളായി ...ചാഞ്ഞു പെയ്യുന്ന മഴയില്‍ ഒരു നിഴല്‍ നാടകം ..നിഴലുകള്‍ കാറ്റില്‍ ഒന്ന് നീണ്ടു ചാഞ്ഞു ....അമ്പലത്തിന്റെ ഒരു വശത്ത് നിന്നും ഒരാള്‍രൂപം വിളക്ക് കടന്നു വരുന്നു ...ഒരു പെണ്‍കുട്ടി ...മുന്നിലെ പാതയിലേക്ക് നടന്നടുത്ത കുട്ടിയെ മനസ്സ് വളരെ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു ..ആനി ..

ഈ വിജനതയില്‍ ഒരു പരിചയക്കാരിയെ കണ്ടതിന്റെ സന്തോഷം ...അനിതയുടെ അയല്‍ക്കാരി ,...അവളുടെ നിറഞ്ഞ ചിരിയും തുറന്നു സംസാരിക്കുന്ന പ്രകൃതവും ..അനിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെന്ന പരിഗണന , മനസ്സാക്ഷി സൂക്ഷിപ്പ് കാരി എന്നാണു പറയാറ്‌ ...എത്രയോ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ,വല്ലപ്പോഴും ചില അഭിപ്രായ ഐക്യങ്ങളും ...ആനി ഒരു വേറിട്ട ശബ്ദമായിരുന്നു

"ആനി ...നീ ഒറ്റയ്ക്കാ ഇവിടെ .."..

ഇളകി പരന്ന വെളിച്ചത്തില്‍ ആനിയുടെ മഴയില്‍ നനഞ്ഞമുഖം തിളങ്ങിയോ ..?

"ആഹ മാഷോ ...ഇനി എന്താ ഇവിടെ......പൂരം മഴ കാരണം ഉപേക്ഷിച്ചു .ഞാന്‍ ജാനകിയുടെ വീട്ടുകാരോടോത്ത് വന്നതാണ് ..ഇനി ഈ വരമ്പിലൂടെ തിരിച്ചു പോവാന്ന് കരുതി ..മാഷും പോരൂ ... .." "

പൂരമില്ലെന്കില്‍ പിന്നെ ഇവിടെ എന്ത് ചെയ്യാന്‍ ..ഞാനും വരാം"

ആനിയുടെ പിന്നാലെ നടന്നു ...ഇരുട്ട് പുതച്ച പാടം.. മഴ ഉപേക്ഷിച്ചു പോയ തണുപ്പ് .. വയല്‍ വരമ്പ് തെങ്ങുകള്‍ക്കരികിലൂടെ .. ..ഇടത്തേയ്ക്ക് പിന്നെ വലത്തേയ്ക്ക് ...പിന്നെ നേരെ ....പിന്നെ വലത്തേയ്ക്ക് ... ദൂരെ .മുനിഞ്ഞു കത്തുന്ന വെളിച്ചപൊട്ടുകള്ക്ക് നേര്‍ക്ക്‌ നീണ്ടു .. പൊന്തയില്‍ നിന്നും ചാടി മറയുന്ന തവളകള്‍ ...
" പാംബ് ഉണ്ടാവോ ..? "

"പേടിക്കാതെ വാ മാഷെ ..ഞാനില്ലേ കൂടെ ..."

വഴുക്കലുള്ള വരമ്പിലൂടെ... എപ്പോ വേണമെന്കിലും വീഴുമെന്ന സുഖമുള്ള ഭയം ... ഇടയ്ക്ക് ചില ഓളം വെട്ടലുകള്‍ പുതു മഴയുടെ ഗന്ധം ..ചീവീടുകള്‍ ... രാത്രി നീലവെളിച്ചം ബാക്കിയാക്കി .. ദൂരെ ഒരു പൊട്ടു വെളിച്ചം ..അവളുടെ മുറിയാവണം..

"അതാണോ അനിലിന്റെ വീട് "..
ആനി ഒന്ന് മൂളിയോ ..? ആ വെളിച്ചപൊട്ടു ഒരു കനലായി അഗ്നിയായി മുളപൊട്ടുന്നു..മുളപൊട്ടി ഇലയായി... ഇലവളര്‍ന്നു അങ്ങിനെയങ്ങിനെ വളരുകയാണ് ...അനിത .. അവള്‍ ഉറങ്ങി കാണുമോ ..?

"പിന്നെ എന്തൊക്കെ ഉണ്ട് മാഷേ .. വിശേഷങ്ങള്‍ ?യാത്രയിലാണെന്ന് അറിഞ്ഞല്ലോ ..?
കുറച്ചു യാത്ര വിവരണം അവളോടും .. ...വരമ്പ് മുറിഞ്ഞു വെള്ളം പതഞൊഴുകുന്നു...പതിയെ ചെളിയില്‍ പുതഞ്ഞ കാലുകള്‍ വലിച്ചെടുത്ത് നടന്നു .. .

"ആനിയ്ക്ക് നല്ല പരിച്ചയമാണല്ലോ ഈ വരമ്പിലൂടെ വേഗം നടക്കാന്‍ ..?"
" ഇത് നമ്മുടെ ഹൈവേ അല്ലെ മാഷേ .." .............

"ചിലര്‍ വിളിച്ചാല്‍ എത്ര ദൂരെ നിന്നായാലും തിരിച്ചു വന്നെ പറ്റൂ അല്ലെ മാഷേ .."
"അതെന്താ .."
"സ്നേഹം എത്ര ദൂരെ നിന്നും തിരിച്ചു വിളിക്കും ..അതങ്ങനാ.... അത്രയ്ക്കിഷ്ടാ അനിതേചിയ്ക്ക് ... "
"നിന്നോട് പറഞ്ഞോ ..? "അത് പറയാതെ തന്നെ അറിയണമല്ലോ ..എല്ലാം പറഞ്ഞു തന്നെ അറിയണമെന്നുണ്ടോ ?"
"അവള്‍ നിന്നോട് എന്ത് പറഞ്ഞു ?"

"നിന്നെ അവള്‍ക്കു ......നിന്നെ പറ്റി പറയുമ്പോ ...നിന്നെ കാത്തിരിക്കുമ്പോ ആ കണ്ണിലെ തിളക്കം എല്ലാം പറയും ..പിന്നെ അവള്‍ പറഞ്ഞു...അവള്‍ക്കു .."
അവള്‍ക്കു ..?"
"ടെന്‍ഷന്‍ ആവാതെ ..പറയാം " "നിന്നെ അവള്‍ക്കു ഭയങ്കര ഇഷ്ടാണ് ...പിന്നെ ......"

എത്രയോ നാളുകളായി കേള്‍ക്കാന്‍ കാത്തിരുന്നത് ..ഇന്ന് ഇവളിലൂടെയെന്കിലും .... എങ്കിലും ..എന്നോട് നേരിട്ട് എന്തെ പറഞ്ഞില്ല ....അല്ലെങ്കില്‍ എന്ത് കൊണ്ട് ഞാന്‍ നേരിട്ട് പറഞ്ഞില്ല ... എത്രയും വേഗം അനിതയുടെ അടുത്തെത്തി ആ കണ്ണുകളില്‍ നോക്കി പറയണം ..ഒരു നൂറു വട്ടം ....

പിന്നെ എന്താ ഒരു പിന്നെ ?"
പാടത്തിനുമപ്പുറം നടന്നു കയറുന്നത് വിസ്തൃതമായ ഒരു പുരയിടത്തിലേക്കാണ്.. മരങ്ങള്‍ക്കിടയിലൂടെ ഒരു നടപ്പാത നീണ്ടു ...ചുറ്റും കുറ്റികാടുകളില്‍ വെളിച്ചത്തിന്റെ തുള്ളികള്‍ ..ഒരു വൃക്ഷം നിറയെ മിന്നി മറയുന്ന മിന്നാമിനുങ്ങുകളുടെ വസന്തം ...
"പിന്നെ ?......"
അവള്‍ ഒന്ന് തിരിഞ്ഞു നിന്നു... അവളുടെ കണ്ണുകള്‍ മിന്നി തിളങ്ങി ..
"പിന്നെ ....പിന്നെ...പിന്നെ....അത് ഞാന്‍ പറയുന്നില്ല ...ഓരോന്നിനും ഓരോ സമയമുണ്ട് മാഷേ .. "
ഒന്നും മിണ്ടാതെ ആ കണ്ണുകളെ നോക്കി നിന്നു ...അവള്‍ ഒന്ന് ചിരിച്ചു നടത്തം തുടര്‍ന്നു...കുറച്ചകലെ വീടുകള്‍ ,നടപ്പാത രണ്ടായി പിരിയുന്നു ....അനിലിന്റെ വീടിനടുതേത്യ്ക്ക് ..അവിടെ വരാന്തയില്‍ വെളിച്ചം ....ആരൊക്കെയോ നില്‍ക്കുന്നു ... ആനി നിന്നു ...

"അപ്പൊ ഞാനീ വഴി പൊക്കോട്ടെ ...എനിക്കീ വഴിയാണ് എളുപ്പം ..." ഇത് കയ്യില്‍ വച്ചോളൂ ".. നീട്ടിയ കയ്യിലേക്ക് എന്തോ വച്ച് തന്ന് അവള്‍ മുന്നോട്ടു നടന്നു പോയി ...ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്...ആ കുരിശില്‍ നോക്കി അവള്‍ പോയ ഭാഗത്തേക്ക് ഞാന്‍ നോക്കി നിന്നു ...

ആരാത് ..? വെളിച്ചത്തില്‍ നിന്നും ആരോ വിളിക്കുന്നു മുന്നോട്ടു നടക്കുമ്പോഴേ അനില്‍ കണ്ടു ...

"എടാ നീ ഇതെവിടെയാ ...നിന്നെ തിരയാന്‍ ഇനി സ്ഥലമില്ല .."

"ആഹ തിരഞ്ഞ ആള് വന്നല്ലോ ..എന്നാല്‍ ഞങ്ങള്‍ പോവാ ...രാത്രി ഒത്തിരിയായി.." കാണാതായ ആളെ തിരയാന്‍ വന്ന സംഘം അതി വേഗം പിരിഞ്ഞു പോയി .

കര്ട്ടന് പിറകില്‍ നിന്നും ഒരു ചോദ്യഭാവത്തില്‍ അനിത ...
"ഞാന്‍ പൂരപറമ്പില്‍ മഴയില്‍ നില്ക്കുംബോഴാ ആനിയെ കണ്ടത് ... അവളാ പൂരമില്ലെന്നു പറഞ്ഞത് എന്നെ ഈ പാടവരമ്പിലൂടെ ഇവിടെ എത്തിച്ചത് .."

ഒരു വിചിത്ര ജന്തുവിനെ കാണുന്നത് പോലെ അനിത തറപ്പിച്ചു നോക്കി ... ഒന്ന് പ്രയാസപെട്ടു എഴുനേറ്റു നില്ക്കാന്‍ ശ്രമിച്ച അനില്‍ വീണ്ടും കസ്സേരയിലെക്കിരുന്നു ..

"ഏതു ആനി ?".

"നമ്മുടെ ...ആനി .ആ വീട്ടിലെ .....മത്തായി സാറിന്റെ മോള് .."

വക്രിച്ച ഒരു ചിരി അനിലിന്റെ മുഖത്ത് ... ക്ലോകില്‍ ...സമയം ഒരു മണി കഴിഞ്ഞതായി കണ്ടു .. ഒരല്‍പ്പ നേരം അനില്‍ ഒന്നും മിണ്ടിയില്ല ..അകലെയെവിടെയ്ക്കോ നോക്കി ..അല്പം ഇടറിയ ശബ്ദത്തില്‍ അവന്‍ പറഞ്ഞു ..
" അപ്പൊ നീയറിഞ്ഞിരുന്നില്ലേ.. ...ആനി കഴിഞ്ഞ ശനിയാഴ്ച ..മരിച്ചു ..... suicide ..."

പ്രണനറ്റ ഇഴജന്തുവിന്റെ ചലനം ബാക്കിയായ വാലറ്റം പോലെ ചകിരിനാര് കൊണ്ട് നെയ്ത കുരിശ്..കയ്യില്‍ ഇഴഞ്ഞു ..ഉയര്‍ന്നു നിന്ന രോമ കൂപങ്ങളെ വിറപ്പിച്ചു കൊണ്ട് ഒരു തണുത്ത കാറ്റ് കടന്നു പോയി

******************************************************************************************

ഒരു വിശദീകരിക്കാനാവാത്ത സംഭവം കേട്ട ഭാവം അനിതയില്‍ കണ്ടില്ല എന്നത് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി.. പക്ഷെ നിര്‍വചികാനാവാത്ത ഭാവം ആ മുഖത്ത് ...ഈ നിമിഷങ്ങളില്‍ ഞാന്‍ കേള്‍ക്കാന്‍ കാത്തിരുന്നത് ..പറയാന്‍ ബാക്കിയായത് . എനിക്കായി കരുതി വച്ചത് ..ഹൃദയം അത് കേള്‍ക്കാന്‍ കാതോര്‍ത്തു ..പറയൂ ഈ നിമിഷങ്ങളില്‍ ...നമുക്ക് മാത്രമായി കാലം കരുതി വച്ച ഈ മാത്രകളില്‍ ...
ആ ചുണ്ടിനു മുകളിലെ ചെറിയ മറുക് വിറയ്ക്കുന്നു ...ആ മറുകില്‍ ചേര്‍ന്ന് നിന്ന് ഞാനതിനു മറുപടി നല്‍കും .....അക്ഷമയുടെ നിമിഷങ്ങള്‍ മനസ്സില്‍ ....
നിശബ്ദതയുടെ ഒരിടവേളയ്ക്ക് ശേഷം അവള്‍ എന്നെ നോക്കി ...പിന്നെ ആകാശത്തെയ്ക്കും..
"ആനിയ്ക്കു നിന്നെ ഇഷ്ടമായിരുന്നു ..."
ഒരു നിമിഷം ..നിശ്ചലമായ ഒരു നിമിഷം .

നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കുവാന്‍ മുഖം തിരിക്കുമ്പോള്‍ അറിയാതെ വിതുമ്പിയ ചുണ്ടിനു മുകളിലെ മറുക് ചേര്‍ത്ത് അവള്‍ കടിച്ചൊതുക്കിയത് എന്തായിരുന്നു ..?
ഞാന്‍ അറിയാതെ പോയത് മറ്റൊരു ഹൃദയമായിരുന്നു...

ആനീ എന്നോട് പറഞ്ഞത് എന്തായിരുന്നു എന്ന് ഞാന്‍ അനിതയോട് പറഞ്ഞില്ല ... അല്ലെങ്കില്‍ ഒരു കണ്‍കോണിലെ ആര്‍ദ്രത , സ്നേഹധിക്യത്തില്‍ അറിയാതെ ഇടറുന്ന ശബ്ദം, ഒരു തലോടലില്‍ ഒളിഞ്ഞിരുന്ന കരുതല്‍ ഇങ്ങിനെ എത്ര ഭാഷകളിലാണ് .....പറയാതെ പറഞ്ഞും കേള്‍ക്കാതെ കേട്ടും ....ഒരു വികാരം പ്രകടമാവുക .. എന്തെല്ലാം പറയുന്നു ...... എന്തെല്ലാം കേള്‍ക്കുന്നു ....എന്നിട്ടുംപറയാതെ പോകുന്ന ഒരു വാക്കിനായി അറിയാതെ ചെവിയോര്‍ക്കുന്നു ... അങ്ങിനെ പാതി മൂടി വച്ച ഒരു ഹൃദയവുമായി വീണ്ടും എത്രയോ നാള്‍ .. ..പക്ഷെ ആനി..?

Saturday, June 1, 2013

പതിനഞ്ചു മിനിറ്റ്

അടുക്കളയില്‍ നിന്നും നോക്കുമ്പോള്‍ കാണാം എട്ടേകാലാവാന്‍ തിരക്കിട്ടോടുന്ന ആ സൂചികളെ ...ചിലപ്പോ പ്രഷര്‍ കുക്കെറില്‍  നിന്നും വമിക്കുന്ന പോലെ   ആവിയാവുന്ന നിമിഷങ്ങള്‍  ..


പിന്നെ എനിക്കറിയാം പതിനഞ്ചു മിനിറ്റ് ഫാസ്ടാനു അത് കാണിക്കുന്ന സമയമെന്ന് ..ചുറ്റുപാടുമുള്ള ലോകം ആ സമയത്തിനോട്‌ ചേര്‍ന്നാണ് ഓടുക ഞാന്‍ അതിനു മുന്‍പേ...


എന്നാലും കുട്ടികളുടെ  ബസ്‌ കൃത്യ സമയത്ത് വരും..ഉണ്ണിയേട്ടന്‍ വാച്ചില്‍ നോക്കി പ്രാതല്‍ കഴിക്കും എന്നിട്ട്  മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ഓഫീസിലേക്ക് പോകും അപ്പോഴൊക്കെ  എന്റെയും  ക്ലോക്കിന്റെയും  സമയക്രമം ശരിയായിരിക്കും പലപ്പോഴും .. അപ്പൊ ആ പതിനഞ്ചു മിനിറ്റ് എവിടെയോ നഷ്ടമാവുന്നുണ്ടോ..?


ചിലപ്പോ ആലോചിക്കും ..പിന്നെ ആലോചിക്കാനൊന്നും വലിയ സമയം കിട്ടാത്തത് കൊണ്ടു  ആ ചിന്ത അങ്ങ് വിട്ടേക്കും..ആ ചിന്തയും മുന്‍പേ ഓടുന്ന  സൂചിക്കൊപ്പം  അങ്ങിനെ പോവും.. ഒരു കാളവണ്ടികാരന്‍  ഒരു കെട്ട്  പുല്ലു കാളയുടെ മുന്നിലേക്ക്‌ നീട്ടി കെട്ടി വച്ച ഒരു കഥ ഓര്‍മവരും ..ഒരിക്കലും ഓടി എത്താത്ത ദൂരം ...


അങ്ങിനെ ഓരോന്ന് ഓര്‍ത്തു ബസ്‌സ്ടോപ്പെത്തുംബോഴെയ്ക്കും  മുറുക്കാന്‍ കടയുടെ മുന്‍വശത്ത് ധൃതിയില്‍  അടിച്ചു വരുന്ന കടക്കാരനെ കാണാം ..എന്താണോ അയാളുടെ പേര്..? അയാള്‍ എതെല്ലാം ബസാണ് കടന്നു  പോയതെന്നും പതിവ് ബസ്‌ മുടക്കമാനെന്നോ ഒക്കെ പറയും അപ്പൊ എതിര്‍ ദിശയില്‍ പോവുന്ന ബസിലെ ഡ്രൈവറോട് കാര്യങ്ങള്‍ തിരക്കുന്നതും കാണാം ബസ്‌ സമയങ്ങലെല്ലാം അറിഞ്ഞിരികേണ്ടതും   അത് മറ്റുള്ളവരോട് പറയേണ്ടതുമാണ് എന്നതാവും അയാളുടെ ജീവിത നിയോഗം ..ബസ്‌സ്ടോപിലേക്ക് വരുന്ന എല്ലാവരോടും ഈ കാര്യങ്ങള്‍ അയാള്‍ തിരക്കിട്ട്  അല്പം വിക്കുള്ള ശബ്ദത്തില്‍ പറഞു കേള്‍പ്പിക്കും ..അയാള്‍ പറയും പോലെ അടുത്ത ബസ്‌ വലിയ തിരക്കിലാതെ വരും ..അതില്‍ കയറി ഇരിക്കും പതിവ്  യാത്രക്കാര്  വെറുതെ ചിരിക്കും യാത്ര തുടരും  പിന്നെ സീറ്റ് കിട്ടാതെ നില്‍ക്കുന്നവരു പിടിക്കാന്‍ ബാഗ്, കുട ..കുറച്ചു പരാതികള്‍ ..  എപ്പോള്‍  പുറപ്പെട്ടാലും ഓഫീസില്‍ ഒരേ സമയത്ത് എത്തി ചേരും അതെന്തു മായാജാലമാണോ ..?

ചെറുപ്പത്തിലെ വീട്ടില്‍ ക്ലോക്ക് പതിനഞ്ചു മിനിറ്റ് ഫാസ്ടായിരുന്നു അതാവാം ഞാന്‍ ഇവിടെയും അങ്ങിനെ അതിരാവിലെ  ഉണരുവാന്‍ ,നേരത്തെ ഉറങ്ങുവാന്‍ ,സ്കൂളില്‍ പോവാന്‍ അങ്ങിനെ അങ്ങിനെ ..ആദ്യമൊക്കെ ബസ്‌ സ്റൊപിലേക്ക് നേരത്തെ  പോയി കാത്തു നിന്നിരുന്നു ..അത് കൊണ്ടാണ്  ആ സമയത്ത് കോളേജിലേക്ക്  പോവുന്ന സിദ്ധാര്തനുമായി സംസാരിച്ചു നില്‍ക്കുന്നത് പതിവായത് ..ഒട്ടും സമയം കളയാത്ത സൌമ്യനായ ഒരാള്‍ ..രാവിലെ വീട്ടില്‍ ഒരു പാട് ജോലികള്‍ ..പിന്നെ പാരലല്‍ കോളേജിലെ ജോലി ..പഠനം.. സംസാരിച്ചു സമയം പോവുന്നത്തെ അറിയില്ല .പക്ഷെ ഇടയ്ക്ക്  ഒരു ദിവസം അമ്മ പറഞ്ഞു മോളെ ക്ലോക്ക് കുറച്ചു നേരത്തെയാണ് ..പതിനഞ്ചു മിനിറ്റ് നേരത്തെ അപ്പൊ ആ സമയത്ത് ഇറങ്ങിയാല്‍ പോരേന്നു   പിന്നീട് ഒരിക്കലും സിദ്ധാര്‍ഥനെ  അവിടെ വച്ച് കണ്ടില്ല ..
പിന്നെ സമയം അങ്ങിനെയായി.... ക്ലോക്കിന് ഒരു സമയം ഉണരാന്‍ ...ഉറങ്ങാന്‍ ..സ്കൂളില്‍ പോവാന്‍ എന്‍റെ സമയം ..കൂട്ടുകാരോടൊത് പുറത്തു പോയി മടങ്ങാന്‍  ക്ലോക്കിന്റെ സമയം .."സിനിമ തീരുമ്പോ സമയം വൈകും പിന്നെ  ടുഷന്‍ വൈകും അത് കൊണ്ടു പോവണ്ട "..അങ്ങിനെയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ കാണാന്‍ പറ്റാതെ പോയത് ..സിനിമയ്ക്ക്‌ പോയവരും കൃത്യ സമയത്ത് ടുഷന് എത്തി ".അങ്ങിനെ സമയ ക്രമങ്ങള്‍ മാറി മാറി ജീവിതം എത്ര നീണ്ടു പോയി രിക്കുന്നു ..ആ പതിനഞ്ചു മിനിറ്റ് ..ഇപ്പോഴും എന്‍റെ മുന്നിലാണോ പിന്നിലാണോ ബാക്കിയാവുന്നത് ?

പിന്നെ സിദ്ധാര്‍ഥനെ കാണുന്നത് കഴിഞ്ഞ ദിവസം ഓഫീസില്‍ വന്നപ്പോഴാണ് ..വിദേശത്താണ് .. അന്നത്തെ  എന്‍റെ  ചില  താല്പര്യങ്ങള്‍ എം ടീ ടെ മഞ്ഞ്‌ ..പോക്കുവെയില്‍ പൊന്നുരുകി ..എന്ന പാട്ട് ..സിദ്ധാര്‍ത്ഥന്‍ എന്‍റെ താല്പര്യങ്ങള്‍   എന്നെ തന്നെ ഓര്‍മിപ്പിച്ചു  ..ശരിക്കും അത്ഭുതം തോന്നി ഇത്ര കാലത്തിനു ശേഷം ഇതെല്ലാം ഓര്‍ക്കുന്ന ഒരാള്‍ ..

വെരിഫികെഷന് ശേഷം നാളെ  തന്നെ വേണം  പേപ്പറുകള്‍   സിദ്ധാര്‍ത്ഥന്‍  സഹായം  ചോദിച്ചു  
നാളെ  രാവിലെ  തന്നെ  റെഡിയായിരിക്കുമെന്നു   ഞാന്‍  ഉറപ്പു  പറഞ്ഞു  

"കുറച്ചു തിരക്കുണ്ട്‌ സമയം വേഗത്തില്‍ ഓടി പോവുന്നു ..." അറിയാതെ ഇടറിയ ശബ്ദം ശ്രദ്ധിച്ചു ..
അപ്പോളാണ്  നിറഞ്ഞു  തുടങ്ങിയ  സിദ്ധാര്‍ഥന്റെ  കണ്ണുകള്‍   കണ്ടത്..


"എന്താ  പറ്റിയത് .."
"ഇല്ല ഒരു സംശയം ...സംശയം മാത്രം ...ബയോപ്സി ..റിസള്‍ട്ട്‌ വന്നിട്ടില്ല .."

സംഭരിച്ചു വച്ച ധൈര്യത്തിനെ മൂടുപടം അഴിഞ്ഞു പോയത് സിദ്ധാര്‍ത്ഥന്‍ അറിഞ്ഞില്ല  മുഖത്ത്   പാതി വിടര്താന്‍ ശ്രമിച്ച  ചിരി മരവിച്ചു നിന്നു .
ചുരുങ്ങിയ വാക്കുകള്‍ കൊണ്ടു കുടുംബ ചിത്രം ..വരാന്‍ പോവുന്ന ബാധ്യതകള്‍ ...സമയം  വളരെ കുറച്ചു അത് കൊണ്ടാവണം ചുരുങ്ങിയ വാക്കുകള്‍ ..അര്‍ഥം നിറഞ്ഞു കനം കൂടിയ വാക്കുകള്‍ ...


യാത്ര പറഞ്ഞു  കടന്നു പോവുമ്പോഴും സമയമില്ല ഞാന്‍ ഇറങ്ങട്ടെ എന്നാണു സിദ്ധാര്‍ത്ഥന്‍ പറഞ്ഞത് അയാള്‍ ഒന്ന് നടന്നു വാതിലിനു അടുതെതതി  തിരിഞ്ഞു  നോക്കി  മറഞ്ഞു.  

കുറച്ചു നേരം വെറുതെയിരുന്നു ..അടുത്ത സ്കൂളിലെ മൈതാനത്ത്  വരി വരിയായി കുട്ടികള്‍ 
 ഒരു പോലെ കയ്യുകള്‍ വശത്തേയ്ക്ക് നീട്ടുകയും ഉയര്‍ത്തുകയും ചെയ്യുന്നു ..ഓഫീസിലെ ക്ലോക്കില്‍  സമയമാവുന്നു ബാഗുകള്‍ നിറയുന്നു അത് വരെ നിലനിന്ന അന്തരീക്ഷം മാറുന്നു .  പതിവില്ലാതെ അഞ്ചു മിനിറ്റ് വൈകി  ഇറങ്ങുമ്പോള്‍   ..ബസ്‌ പതിവ് സമയത്ത് തന്നെ വന്നു ബസ്സിനുള്ളില്‍ ആളുകള്‍ തിരക്കുകൂട്ടുകയും അക്ഷമരാവുകയും ചെയ്യുന്നുണ്ടായിരുന്നു
. .


സ്റ്റോപ്പില്‍ ഇറങ്ങി നടക്കുമ്പോള്‍ തിരക്ക് കൂട്ടിയും   സാവധാനവും  ആളുകള്‍  നടന്നു  പോവുന്നുണ്ടായിരുന്നു  മുന്നിലും  പിന്നിലുമായി ..
എന്നത്തേയും  പോലെ, പക്ഷെ എന്ത് കൊണ്ടോ അവരെല്ലാം എന്നിലൂടെ കടന്നു പോവുന്നത് പോലെ തോന്നി.
  

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..