Saturday, May 28, 2016

വേനല്‍-2 -സര്‍പ്പസുന്ദരി

അപരിചിതമായ ഒരു ഗന്ധം അവിടെ പരന്നിരുന്നു ..വിചിത്രവും നിഗൂഡവുമായ താളത്തില്‍ എന്തോ ഒരു ശബ്ദവും ....ചുറ്റിപരന്ന പുകപടലങ്ങള്‍ക്കിടയില്‍ ആദ്യം കണ്ടത്‌ പാമ്പിന്‍റെ തിളങ്ങുന്ന ഉടലാണ് ... ചുരുണ്ടു കിടക്കുന്ന വലിയ ഉടലില്‍ തിളങ്ങുന്ന പാടുകള്‍ .... നിറംകെട്ട് പോയ സ്വര്‍ണ കിരീടം കെട്ടിയ തലയാണ് അതിന്..ഒരു പെണ്‍കുട്ടിയുടെ തല ..കണ്മഷി പടര്‍ന്ന കണ്ണുകളില്‍ മയക്കത്തിന്റെ മരവിപ്പ് ..വരണ്ട ചുണ്ടുകളില്‍ ഉറഞ്ഞ ഒരു മന്ദസ്മിതം ..എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു ....ഉള്‍കിടിലത്തോടെ മുന്നില്‍ നിന്നവരുടെ പിന്നിലേക്കു മാറിനില്ക്കുമ്പോഴും ആ കണ്ണുകള്‍ എന്നെ തേടുന്നുണ്ടായിരുന്നു ...
*******************************************************************************************************

നരിചീറുകളും വിരിഞ്ഞു വളര്‍ന്ന ശ്മശാനവൃക്ഷങ്ങളിലെ ഭീകരരൂപികള്‍ക്കും സര്‍്പ്പങ്ങള്ക്കും ഇടയിലൂടെ വിക്രമാധിത്യന്‍ തോളില്‍ തൂക്കിയ ശവവുമായി കയ്യില്‍ വാളുമായി തിരിഞ്ഞു നിന്നു ..അപ്പോള്‍ ശവത്തില്‍ സ്ഥിതിചെയ്തിരുന്ന വേതാളം ഇപ്രകാരം പറഞ്ഞു ....എല്ലാ ലക്കവും തുടരുന്ന കഥയിലെ ഭീകരമായ ഭാഗം പേടിയോടെ വായിച്ചു തീര്‍ത്തു ചുറ്റും നോക്കും ....

അവധി ആഘോഷിക്കാന്‍ വന്ന ബന്ധുക്കളും അയല്‍ക്കാരും ഉള്‍പടെ ഒരു വലിയ സംഘം തന്നെയുണ്ടായിരുന്നു കൂടെ എങ്കിലും വല്ലാതെ ഇരുണ്ടു പോയ ആ രാത്രി അധികമാരും പതിവായി കടന്നു പോവാത്ത കാവിനടുത്തുള്ള വഴിയിലൂടെ പള്ളിയിലേക്ക് നടക്കുമ്പോള്‍ ഇരുട്ടിലേക്ക് വളര്‍ന്നു ലയിച്ച മരങ്ങള്‍ക്ക്‌ മുകളിലേക്ക് നോക്കുവാന്‍ ഭയം തോന്നി വേതാളം ഈ ഇരുട്ടില്‍ ചുറ്റിപറക്കുണ്ടോ ..?
പടര്‍ന്നു പന്തലിച്ചു വശങ്ങളിലേക്ക് വേരുകള്‍ തൂക്കിയ ആലിന്റെ ചറം ചവിട്ടിയാല്‍ കാലില്‍ മന്ത് വരുമെന്ന് കൂട്ടത്തിലാരോ ചെവിയില്‍ പറഞ്ഞു. പേടി കൂടിയവര്‍ തമ്മില്‍ കൈകോര്‍ത്തു നടന്നു..
ആകാശത്ത് ഒരു അമിട്ട് വര്‍ണം ചിതറി
"വേഗം നടന്നോ ...വെടികെട്ടു തുടങ്ങി "

പിന്നില്‍ കൈവിരിച്ച ഇരുട്ടില്‍ നിന്നും മുന്നിലെ കാലടികളെ സൂക്ഷിച്ചു മുന്നോട്ട് ...പള്ളിയോടു അടുത്തുള്ള തുറന്ന പറമ്പുകളില്‍ തീ വെട്ടം ..പാകം ചെയ്യുന്നവരാണ് ...അവരുടെ ഇരുണ്ട നിഴലുകള്‍ ഏതോ ആദി മനുഷ്യരെ ഓര്‍മിപ്പിച്ചു..

ആകാശത്ത് വിസ്മയം വിരിച്ചു വര്‍ണകാഴ്കള്‍ക്ക് ശേഷം കാതടപ്പിക്കുന്ന വെടിമരുന്നു പ്രയോഗം കഴിഞ്ഞു

പള്ളിമുറ്റത്തെ വെളിച്ചത്തിലേയ്ക്കു അടുക്കുമ്പോള്‍ ഈ ഭയങ്ങളെല്ലാം പിന്‍വാങ്ങി പഴുത്ത മാംബഴതിന്റെയും കൈതച്ചക്കയുടെയും സമ്മിശ്രമായ ഗന്ധം അതാണ്‌ പള്ളിമുറ്റത്ത് പരക്കുന്ന പൊതുവായ ഗന്ധം ..പിന്നെ ഓരോ സ്ഥലത്തും ..കളിമണ്‍പാത്രങ്ങളുടെ ,മരസാധനങളുടെ വാര്നീഷിന്റെ ,ഈന്ത പഴത്തിന്റെ പോപ്‌ കോണിന്റെ .. ഓരോ ഗന്ധം അതിനോട് ചേരും .

ദീപാലന്കാരങ്ങള്‍ കണ്ടും പുതിയ കളിപ്പാട്ടങ്ങള്‍,മരം കൊണ്ടുള്ള ഉന്തി നടക്കുമ്പോള്‍ ചിത്ര ശലഭം ചിറകു വിരിക്കുന്ന വണ്ടിയാണ് എല്ലാവര്ക്കും ഒരു പോലെ വാങ്ങുന്നത് പിന്നെ കാറുകള്‍ കുളത്തില്‍ ഓടിക്കാന്‍ ബോട്ട് ..അങ്ങിനെ പലതരം വിത്തുകള്‍ ..ചട്ടികള്‍ ..പായ വട്ടി ഇതൊക്കെ വീട്ടാവശ്യത്തിന് ...വല്യവര്‍ ഇതൊക്കെ വാങ്ങുമ്പോള്‍ കൌതുകം പുതിയ കാഴ്ചകളിലാവും ..തത്ത രഥം വലിക്കുന്നത് ..മാജിക്‌ ..അങ്ങിനെ എല്ലാവര്‍ഷവും കാണുന്ന കാഴ്ചകള്‍ ...
പുതിയ ഒരു കൂടാരത്തില്‍ വരച്ചിട്ട ചിത്രമാണ് ആദ്യം കണ്ടത്‌ മനുഷ്യ തലയുള്ള ഒരു സര്‍പം.. പിന്നെ അതിനു മുന്‍പില്‍ ഇരുന്നു മണിയടിച്ചു വിളിച്ചു പറയുന്ന ഒരാളും ..
"സര്‍പ്പ സുന്ദരി ....കണ്ടിട്ട് പോകൂ " മനുഷ്യ തലയുള്ള സര്‍പ്പ സുന്ദരി "....
കൂട്ടത്തിലാരോ അനുമതി ചോദിച്ചു
"ഇവന് സര്‍പ്പസുന്ദരിയെ കാണണമെന്ന് "..
കൂട്ടത്തില്‍ ചെറുതായത് കൊണ്ട് ഇത്തരം ഉദ്യമങ്ങള്‍ക്ക്‌ വാല്‍സല്യം ചൂഷണം ചെയ്യാം ..
"നിനക്ക് ഇവിടെയുള്ള സുന്ദരിമാരോന്നും പോരെ "

അനുമതി കിട്ടി ...

സര്‍പ്പമാണ് അതും മനുഷ്യതലയുള്ളത്‌ ..മുന്നില്‍ നടക്കുന്ന ആരുടെയോ കയ്യ് പിടിച്ചു കൂടാരത്തിലേക്ക് കടന്നു ..

ഒരു ഭാഗത്ത് അറിയാത്ത ഏതോ വാദ്യം മീട്ടി ഒരാള്‍ വിചിത്രമായ ഒരു രൂപത്തില്‍ കാലുകല്‍ക്കുള്ളില്ലൂടെ സ്വന്തം തല പിരിച്ചു നിര്‍ത്തിയ ഒരു പെണ്‍കുട്ടി ഒരു വശത്ത്‌ ...എല്ലാവരും കാഴ്ച്ചയ്ക്കായ് നിരന്നപ്പോള്‍ കര്‍ട്ടന്‍ മാറി ...നിറഞ്ഞ പുക ഒഴുകി മാറി


അപരിചിതമായ ഒരു ഗന്ധം അവിടെ പരന്നിരുന്നു ..വിചിത്രവും നിഗൂഡവുമായ താളത്തില്‍ എന്തോ ഒരു ശബ്ദവും ....ചുറ്റിപരന്ന പുകപടലങ്ങള്‍ക്കിടയില്‍ ആദ്യം കണ്ടത്‌ പാമ്പിന്‍റെ തിളങ്ങുന്ന ഉടലാണ് ... ചുരുണ്ടു കിടക്കുന്ന വലിയ ഉടലില്‍ തിളങ്ങുന്ന പാടുകള്‍ .... നിറംകെട്ട് പോയ സ്വര്‍ണ കിരീടം കെട്ടിയ തലയാണ് അതിന്..ഒരു പെണ്‍കുട്ടിയുടെ തല ..കണ്മഷി പടര്‍ന്ന കണ്ണുകളില്‍ മയക്കത്തിന്റെ മരവിപ്പ് ..വരണ്ട ചുണ്ടുകളില്‍ ഉറഞ്ഞ ഒരു മന്ദസ്മിതം ..എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു ....ഉള്‍കിടിലത്തോടെ മുന്നില്‍ നിന്നവരുടെ പിന്നിലേക്കു മാറിനില്ക്കുമ്പോഴും ആ കണ്ണുകള്‍ എന്നെ തേടുന്നുണ്ടായിരുന്നു..

മടങ്ങുമ്പോള്‍ ഉന്തിനടന്ന കറങ്ങുമ്പോള്‍ ചിറകു വിടര്‍ത്തുന്ന ശലഭത്തിനു കണ്ടുമടങ്ങിയ സര്‍്പ്പത്തിന്റെ കണ്ണുകളായിരുന്നു ....

ബാല്യം കടന്നിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയുടെ തലയാണോ സര്‍പ്പ സുന്ദരിക്ക് ...?സര്‍പ്പ സുന്ദരി യുടെ വീട് എവിടെയായിരിക്കും ..അതിന്റെ അമ്മ എവിടെയായിരിക്കും ..?

ചോദ്യങ്ങള്‍ക്ക് "അതൊരു തട്ടിപ്പല്ലേ വെറുതെ മനുഷ്യരെ പറ്റിക്കാന്‍ "എന്നൊരു ഉത്തരമായിരുന്നു ...

എന്നാലും ആ രാത്രിയില്‍ എപ്പോഴോ ഒരു നിലവിളിക്കുന്ന സര്‍പ്പസുന്ദരിയെ സ്വപ്നം കണ്ടു ...തൊട്ടുറങ്ങിയ കയ്യുകള്‍ സര്പത്തിന്റെ മിനുത്ത ഉടലായി .. ഞെട്ടി ഉണര്‍ന്നു ഉറങ്ങാതെ കിടന്നു ....

പിന്നീടുള്ള പകല്‍ വീട് നഷ്ടപെട്ട സര്‍്പ്പത്തെയോര്ത്തു പതിവായി പറമ്പില്‍ കാണുന്ന ഒരു വിഷ പാമ്പിന്റെയും സാമ്യം ഈ സര്‍്പ്പതിനില്ലല്ലോ...

അടുത്ത ദിവസ്സം രാവിലെ പത്രം വായിച്ചിരുന്നവര്‍ ആ വാര്‍ത്ത കുറച്ച ഉറക്കെ തന്നെ വായിച്ചു ..നഷ്ടപെട്ട മക്കളെ അമ്മ തന്നെ കണ്ടെത്തി എന്നതായിരുന്നു ആ വാര്‍ത്ത ......സര്‍പ പ്രദര്‍ശനം കാണാന്‍ വന്ന ഒരമ്മ നാളുകള്‍ക്കു മുന്‍പ് നഷ്ട പെട്ട അവരുടെ മക്കളെ അവിടെ നിന്നും കണ്ടെത്തി ..പ്രദര്‍ശനം നടത്തിപ്പുകാര്‍ ഓടി രക്ഷപെട്ടു എന്നും വാര്‍്തതയിലുണ്ടായിരുന്നു ..മറ്റെവിടെയെന്കിലും....പിന്നീട് എപ്പോഴെങ്കിലും അവര്‍ വീണ്ടും സര്‍പ്പസുന്ധരിയെ പ്രദര്ശിപ്പിച്ചിരിക്കും.......അപ്പോള്‍ ആരെങ്കിലും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ..?
നിധി
പ്രണയകഥ -1
പ്രണയകഥ -2

Saturday, March 26, 2016

നിധി


വേനല്‍ എല്ലാ ഭാവങ്ങളും നിറഞ്ഞാടി ...എല്ലാ കളികളും മതിവരുന്നതിനും ..മാവുകളില്‍ നിറഞ്ഞു കായ്ച്ച മാമ്പഴങ്ങള്‍ മുഴുവന്‍  ഉതിര്‍ന്നു തീരുന്നതിനും മുന്പ്,
 വെട്ടി  വൃത്തിയാക്കി പടവുകള്‍ കെട്ടിയ കുളത്തിനു ചുറ്റും ഓടി കളിച്ചു മട്ടല്‍ ഇടിക്കുന്നതിനു കേള്‍ക്കേണ്ടി വരുന്ന  അപ്പുപ്പന്ടെ ശകാരങ്ങള്‍ക്ക്‌    അറുതിയാവുന്നതിനും മുന്പ് ,
ഇനിയും മാവില്‍  ബാക്കിയായ കശുവണ്ടികള്‍ നോക്കി ഇനിയും നിറയാന്‍ ബാക്കിയുള്ള കുടുക്കയുടെ  കമ്പോള നിലവാരം അളക്കുന്നതിനും മുന്പ്,
ഓടി അടുക്കുന്ന കാലുകളെ കാത്തിരിക്കുന്ന കുപ്പിച്ചില്ലുകള്‍ ചോര ഒലിപ്പിക്കുന്നതിനും മുന്പ് ...
ചുറ്റും പൊടിപാറുന്ന  വലിയൊരു കാറ്റിന്റെയും ,ഉല്സാഹം വിടര്‍ത്തുന്ന തിളക്കമുള്ള വെളിച്ചം ബാക്കിയാക്കിയ  ഇരുട്ടിന്റെയും,അകമ്പടിയോടെ വിദൂരതയില്‍ നിന്നും ഒഴുകിയെത്തുന്ന വന്യമായ  ആരവം ഉണര്‍ത്തി  ഇനിയും പഴുത്തു വീഴാത്ത മാംബഴങ്ങളെയും   കരിയിലകളെയും മരങ്ങളില്‍ കുടുങ്ങിയ പട്ടങ്ങളെയും ചേക്കേറിയ പക്ഷികളെയും പറത്തിഎറിഞ്ഞു.....ആദ്യ മഴ പെയ്തു വീഴും . ..
വീടിന്റെ  പലഭാഗത്ത്  പല കാര്യങ്ങളില്‍ വ്യപ്രുതരായിരുന്നവര്..പാതിയും .. മുഴുവനായും  നനഞ്ഞും   വീടണയും ...
"പുതു മഴ നനയല്ലേ മക്കളെ  അസുഖം വരും  "
ആജ്ഞ വരുമ്പോഴാണ് പുതു മഴയിലേക്ക്‌ ഓടി ഇറങ്ങാന്‍ തോന്നുക .

മുറികളില്‍ പതിവില്ലാത്ത ഇരുട്ട് ...കളികള്‍ ഇരുട്ടിലും നിഴലിലും ...പതിവ് പോലെ   ഒളിച്ചു കളിയിലേക്ക് നീങ്ങും എല്ലാ മുറികളിലും കട്ടിനടിയിലും അങ്ങിനെ കളി നീളും ..
ആദ്യ മഴ തട്ടിന്‍ പുറത്ത് പുതിയ ശബ്ദങ്ങളുണ്ടാക്കും..ടിപ്പ്.. ടപ് ..
കൂട്ടത്തില്‍ പ്രായം കൂടിയവര്‍ ..പുതിയ കഥകള്‍ പറയും ..ചില പഴയ കഥ കളുടെ പുതിയ ആഖ്യാനം ..തറവാടിന്റെ ഏതോ ഭാഗത്ത് വര്‍ഷങ്ങള്‍ക്ക് മുന്പ് യുദ്ധകാലത്ത് അടക്കം ചെയ്ത ഒരു നിധി ..അതിന് കാവല്‍ നില്കാന്‍,നിധി കാക്കുന്ന ഭൂതമാവാന്‍  ..വിധിയായ ഏതോ അടിമ ..  ചില പ്രത്യേക രാത്രികളില്‍ പ്രത്യക്ഷമാവുമത്രേ..! ..ആരെല്ലമാണോ ആ നിധിയുടെ അടുത്ത പോയത് അവരെ തിരക്കി ഭൂതം വരും..കഥ മുന്നോട്ടു പോവുന്തോറും ചെറിയ അംഗങ്ങള്‍ പരസ്പരം കൈകള്‍ മുറുക്കി പിടിച്ചു .. ഏത് നിമിഷവും പേടിച്ചരണ്ടു കരയാവുന്ന മുഖഭാവവുമായി പതുങ്ങി സംഘത്തിന്റെ   നടുവിലേക്ക് വരും  ...
 കഥ മൂര്ധന്യതിലാവുമ്പോള്‍  ഒരു കരച്ചില്‍ ..
"ആരാ പിള്ളേരെ പേടിപ്പിക്കുന്നത് " 
ആരുടെയോ പരിഭവവും തേങ്ങലും ഉള്‍കിടിലവും  ബാക്കിയാക്കി കഥ കഴിയുന്നു ..

തട്ടിന്‍മുകളിലെ ശബ്ദത്തിനൊപ്പം രാത്രി ഭൂതത്തിന്റെ കാലടികള്‍ തേടി വരും..
കൂടെ കിടക്കുന്നവരെ കെട്ടിപിടിച്ചു ധൈര്യം സംഭരിക്കും..അങ്ങിനെ നീണ്ടു പോയ എത്ര  മഴക്കാലരാത്രികള്‍ ..സ്കൂള്‍ തുറക്കുകയും അതിഥികള്‍ അവരരവരുടെ വീടുകളിലെയ്ക് മടങ്ങുകയും ചെയ്യും ..
എല്ലാവരും പോയാലും ഒറ്റയ്ക്ക് കിടയ്ക്കുമ്പോള്‍ പലപ്പോഴും ഭൂതം രാത്രികളില്‍ തേടി വന്നു
പതിവു സ്കൂള്‍ കാലം തുടങ്ങുകയും മഴ ഒട്ടൊന്നു മാറുകയും ചെയ്ത ഒരു ദിവസ്സം ..
വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു പട്ടി, ..ഒറ്റ നോട്ടത്തില്‍ ഒരു മാന്കുട്ടിയെയോ അതിലും മെലിഞ്ഞതായ മറ്റെന്തോ ജീവിയയോ സാമ്യമുള്ള ടൈഗര്‍  എന്ന് മറ്റാരും കേള്‍ക്കാതെ വിളിക്കുന്ന ജീവി ,..ചരിത്രപരമായ  ഒരു പരാക്രമം കാണിച്ചു .
കുളത്തിലേക്ക് ഇറങ്ങുന്ന നടവഴിയില്‍ ചാരെ നിന്നിരുന്ന ഒരു പൈന്‍ മരത്തിന്റെ  ഒരു വശത്ത് അതൊരു കുഴി കുഴിച്ചു ..അലസ്സം കുഴിയിലേക്ക് നോക്കി നടന്ന  എനിക്ക് വേരുകള്‍ക്കിടയില്‍ ശ്വാസ്സം മുട്ടി നില്ക്കുന്ന ഒരു ഭരണിയുടെ മുകള്‍ ഭാഗം കാണാനായി .

ഏതോ കാലത്ത് മറഞ്ഞിരുന്ന നിധിയുടെ കഥ ഒരു പട്ടിയിലൂടെ വെളിപെട്ടിരിക്കുന്നതായി  എനിക്ക് വെളിപാടുണ്ടായി .
വീട്ടിലെ ആര്‍ത്തിപിടിച്ച അംഗങ്ങളെ തിരഞ്ഞു പിടിച്ചു സംഗതി അറിയിച്ചു .
"മറ്റാരോടും പറയേണ്ട ..സംഗതി പരമാവതി രഹസ്യ മായിരിക്കണം "
"രാത്രി ..അയല്‍വാസികള്‍ ഉറങ്ങിയ ശേഷം ഓപറേഷന്‍ " 
ഒരു ബള്‍ബ് നിധി സ്ഥാനത്തേക്ക് വയര്‍ നീട്ടി .ചുറ്റുപാടുകള്‍ ഇരുട്ടില്‍ മുങിയപ്പോള്‍..
പതുക്കെ നിധി വേട്ടക്കാര്‍ ഇന്ട്യാന ജോണ്സിനെയും മറ്റു അറിയാവുന്ന നിധി വേട്ടക്കാരെയും മനസ്സില്‍ ധ്യാനിച്ച്  പുറത്തു വന്നു ..
വെളിച്ചം ..വാക്കത്തി ..തൂമ്പ ..ഓരോന്നായി മാറി മാറി പ്രയോഗം ..
നിധിയ്ക്ക് കാവല്‍ നില്ക്കുന്ന  നാഗമാണിക്യം   തലയിലേന്തിയ സര്‍പ്പം   അദൃശ്യമായി  ഉപദ്രവിക്കുന്ന ഭൂതം അങ്ങിനെ പേടിപ്പിക്കുന്ന കാര്യങ്ങളെക്കാള്‍ ..നിധി പേടകം നിറഞ്ഞ സമ്പത്തിന്റെ വീതം എത്ര  എന്നത്  മാത്രമെ അപ്പൊ മനസ്സിനെ അലട്ടിയിരുന്ന  പ്രശ്നം 

"കുടത്തിന്റെ  അകത്തു നിന്നും എടുക്കുന്ന മണ്ണ് വിദഗ്ദ്ധമായി പരിശോദിച്ചു പുറത്തേക്ക് കളയണം ..  "
കുടം ആഴത്തില്‍ തിരഞ്ഞു തിരഞ്ഞു ... ആകെ വേര് പിടിച്ചു പൊട്ടിയ 
ആറടിയിലേറെ ഉയരമുള്ള കുടത്തിന്റെ ഉള്‍ഭാഗം നിറഞ്ഞ മണണുമുഴുവ്ന്‍ പരിശോധിച്ച് പുറത്തിട്ടു ..പരസ്പരമുള്ള വിശ്വാസ കൂടുതല്‍ കൊണ്ടാവാം മണ്ണ് പലരും വിദഗ്ദ്ധമായി തന്നെ പരിശോദിച്ചു
താഴെ അവശേഷിച്ചത്  കുറച്ചു തുരുമ്പിച്ച ലോഹ കഷണങ്ങള്‍
..സംശയം.. സ്വര്‍ണം നിറം മാറിയതാണോ ..? 

 "ഈ തുരുമ്പു കാക്കുവനാണ് നിന്റെ ഭുതം ഉറക്കമിളക്കുന്നത്..?"  
പിന്നീടുള്ള രാത്രികളില്‍ എന്തുകൊണ്ടോ ഭുതത്തെ കുറിച്ച് ഓര്‍ത്തില്ല


About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..