Tuesday, August 1, 2017

വാനപ്രസ്ഥം

കണ്ണുനീരില്‍ അലിഞ്ഞു പോകുന്ന ദൂരകാഴ്ചയില്‍ എല്ലാവരും അകന്നു പോകുന്ന വേദനയോടെ കൈ വീശി നില്‍ക്കുന്ന രവി അമ്മാവന്‍ ...വിങ്ങി കരയുന്ന മായയും രമേചിയും ..ഇതായിരുന്നു പട്ടാമ്പിയിലെ വൃദ്ധ സദനത്തിലേക്ക് രവി അമ്മാവനെ കൊണ്ടു വിട്ടതിനു ശേഷം ഒരാഴ്ച കഴിഞ്ഞു കാര്യങ്ങള്‍ അന്വേഷിക്കുവാന്‍ പുറപ്പെടുന്നതിനു മുന്‍പേ മനസ്സിലുണ്ടാക്കിയ വിടപറയല്‍ ചിത്രം .

രവി അമ്മാവന്‍ രമേചിയുടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ..ഒറ്റയ്ക്കായിരുന്നു എന്ന് പറയാമോ ...പലപ്പോഴും വിദേശത്തും സ്വദേശത്തും പല ആവശ്യങ്ങള്‍ക്കായി പറന്ന് നടക്കുകയും വര്‍ഷത്തിലെപ്പോഴോ എത്തിനോക്കുകയും ചെയ്യുന്ന
രമേചിയുടെ അല്‍സേഷന്‍ നായുടെ പരിശീലകന്‍ പകുതി മലയാളം പറയുന്ന മുത്തുവും മുഴുവന്‍ തമിഴ് പറയുന്ന  അയാളുടെ ഭാര്യയും കൂടെയുണ്ടായിരുന്നു ...നായുടെ ശുശ്രൂഷയ്ക്ക് ശേഷം രവി അമ്മാവനെയും അവര്‍ ശ്രദ്ധിച്ചിരുന്നു.ശ്രദ്ധിച്ചിരുന്നു എന്ന് പറഞ്ഞാല്‍ വസ്ത്രങ്ങള്‍ അലക്കിയും ഭക്ഷണം കൊടുത്തും കൊണ്ടിരുന്നു എന്നാണു അര്‍ഥം സംസാര പ്രിയനായ അമ്മാവന്റെ സംസാരം ഇവിടെയുള്ള പല ബന്ധുക്കളും അപൂര്‍വമായി വരുമ്പോള്‍ പോലും ശ്രധിക്കാതിരുന്നത്‌ പോലെ അവരും ശ്രദ്ധിച്ചിരുന്നില്ല . പ്രത്യേകിച്ച്  പ്രതികരണം ഒന്നുമില്ലാതെ ടി വി യിലേക്ക് തുറിച്ചു നോക്കി അമ്മാവന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള പരിപാടികള്‍ കണ്ടു കൊണ്ടിരുന്നു.

കല്യാണം കഴിക്കാതെയും മറ്റു ബന്ധങ്ങള്‍ കൈവിട്ടു പോവുകയും ചെയ്ത ഏകാന്തതയാവണം ചെറിയ കാര്യങ്ങള്‍ക്ക് പോലും മുത്തുവിനോടും ഭാര്യയോടും കലഹിക്കാന്‍ കാരണമായത് അതോ രാജ്യഭാരം നഷ്ടമായിട്ടും മനസ്സില്‍ നിന്നും ഒഴിഞ്ഞു പോവാത്ത അധികാര ഭാവമാണോ ..?


ആദ്യ കാലങ്ങളില്‍ രാവിലെ റോഡിലൂടെ ചിരിക്ലുബിലേക്ക് പോയിരുന്നവര്‍ അമ്മാവന്റെ സ്ഥിരമായ തമാശകളെ മുന്‍കൂട്ടി കണ്ടു പിന്നീട്  ആ വഴി വരാതായി .പിന്നീട് ടി വി യില്‍ തീപെട്ട തമ്പുരാന്‍ എന്ന പേരിലേക്ക് അറിയപ്പെടാന്‍ മാത്രം ആ ചതുര പെട്ടിയോടു അടിമപെടുകയും ചെയ്തു "അസത് പൂവതു യാര് "എന്ന തമിഴ് പരിപാടിയുടെ കടുത്ത ആരാധികയായ മുത്തുവിന്റെ ഭാര്യ ഒരു ദിവസം അമ്മാവന്റെ കയ്യില്‍ നിന്നും റിമോട്ട് കാന്‍ട്രോള്‍ ‍ കയ്യിലാക്കുകയും തുടര്‍ന്ന് അമ്മാവന്റെ കണ്ട്രോള്‍ പോവുകയും പിന്നീട് ഉണ്ടായ ഗലാട്ടയില്‍ അമ്മാവന്‍ ടി വി യിലേക്ക് ആഞ്ഞു തൊഴിക്കുകയും അമ്മാവന്‍ തെന്നി ടി വി യുടെ അടിയില്‍ പെട്ട് തലയിലും കാലിനും പരിക്കേല്‍ക്കുകയും ചെയ്തത് അമേരിക്കയില്‍ നിന്നും വിവരം അറിഞ്ഞു പാഞ്ഞു വന്ന രമേച്ചിയില്‍ അമ്മാവന്റെ അവസ്ഥയെ കുറിച്ചുള്ള ചിന്ത ഉണര്‍ത്തി . അമ്മാവന് പറ്റുന്നില്ലെങ്കില്‍ ഞങ്ങള്‍ നായെ ഉപേക്ഷിച്ചു നാട്ടില്‍ പോയ്ക്കോളം എന്ന് മുത്ത്‌ പറഞ്ഞതോടെ അമ്മാവനെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്ന ഒരിടത്തേയ്ക്ക് മാറ്റുന്നതിനായി ശ്രമം ..

ഒടുവിലാണ് പറ്റിയ ഇടം കണ്ടെത്തിയത് അവിടെയാകട്ടെ പ്രമുഖ തറവാടുകളില്‍ നിന്നും നടതള്ളിയ മനുഷ്യാവതാരങ്ങളുടെ ബാഹുല്യം നിമിത്തം പേരെടുത്തതും ആയിരുന്നു .യാത്രതിരിക്കുമ്പോള്‍ അല്പം മൌനിയയിരുന്നെങ്കിലും പോകുന്ന വഴിയിലെ കാഴ്ചകള്‍ ആ മുഖത്ത് ആദ്യ വിനോദ യാത്രയ്ക്ക് തിരിയ്ക്കുന്ന സ്കൂള്‍ കുട്ടിയുടെ ഭാവം പകര്‍ന്നു .വൃത്തിയുള്ളതും വിസ്തൃതമായ ഒരു പറമ്പിനോട് ചെര്ന്നതുമായിരുന്നു ഈ വാനപ്രസ്ഥ ശാല  ...ഇവിടെയ്ക്കെന്താന്‍ വേണ്ടിയായിരുന്നു ഞാന്‍ ഈ ജീവിതം മുഴുവന്‍ ആഗ്രഹിച്ചത് എന്ന പോലെ അമ്മാവന്‍ ഉത്സാഹിയായി സ്വന്തം മുറിയിലേക്ക് നടന്നു .



************************



ഗേറ്റ് കടന്നപ്പോഴേ ഒരു നര്സിനോട് സംസാരിച്ചു ചിരിക്കുന്ന അമ്മാവന്‍ ശ്രദ്ധയില്‍ വന്നു .അമ്മാവനെ ഒന്ന് ചിരിച്ചു കണ്ടിട്ട് വര്‍ഷങ്ങളായി എന്ന് മനസ്സിലോര്‍ത്തു .കണ്ടപ്പോഴേ സന്തോഷത്തോടെ കൂടെ താമസിക്കുന്ന കാരണവരെ അദ്ദേഹവുമായി അമ്മാവന് താവഴിയായി അവിടെ വച്ച് കണ്ടെത്തിയ ബന്ധത്തെക്കുറിച്ച് പറഞ്ഞു പരിചയപെടുത്തി.വിശേഷങ്ങളും അന്വേഷണവും താമസ്സസ്ഥലവും പരിസരവും പരിച്ചയപെടുതി കുറച്ചു സമയം ... ഭക്ഷണ കാര്യങ്ങള്‍ രമേച്ചി പ്രത്യേകം എടുത്തു ചോദിച്ചു ..പിന്നെ പരസ്പരം നോക്കി കുറച്ചു നേരം ..
നെടുവീര്പുകള്‍ ..



"വൈകുന്നെരമാവുന്നു ഇവിടെ ജപമുണ്ട് ..നിങ്ങള്‍ ഇറങ്ങുകയല്ലേ ..?" അമ്മാവന്‍ ധൃതി കാണിച്ചു .

.."ഞങ്ങള്‍ ഇറങ്ങട്ടെ .."ചേച്ചിയും രമേച്ചിയും കരഞ്ഞു

ആ ചോദ്യത്തില്‍ ആവശ്യത്തിനു വിഷാദം ചേര്‍ത്തിരുന്നു .

മുഖത്തെ നിറഞ്ഞ ചിരി "ശരി ..സന്തോഷം "

ഞങ്ങള്‍ ഇറങ്ങിയതിനോപ്പം അമ്മാവന്‍ എഴുന്നേറ്റു ഇടനാഴിയിലൂടെ നടന്നു

തിരിഞ്ഞു നോക്കാന്‍ വയ്യാത്ത വിധം ചേച്ചിമാര്‍ രണ്ടുപേരും വിഷാദം ഭാവിച്ചു വിദൂരതയിലേക്ക് നോക്കിയിരുന്നു .

ഞാന്‍ തിരിഞ്ഞു നോക്കി.. അമ്മാവന്‍ വേഗത്തില്‍ നടന്നു മുന്‍പേ നടന്ന സംഘത്തോടൊപ്പം ചേര്‍ന്നു അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു ..


ഇരുണ്ടു തുടങ്ങി സൂര്യന്‍ ബാക്കിയാക്കിയ ഒരു ചുവന്ന കീറ് ആകാശത്ത് നീണ്ടു കിടന്നു .കിഴക്ക് നക്ഷത്രങ്ങള്‍ തെളിഞ്ഞും മറഞ്ഞും പടര്‍ന്നു . എവിടെ നിന്നോ പറന്നു വന്ന ഒരു കൂട്ടം നരിച്ചീറുകള്‍ ചിതറി അകന്നു പോയി

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..