Monday, July 1, 2019

ഒരു പ്രണയ കഥ


"and the trouble with the illusions is that you dont realise, you have them till they are shattered"
* * * * *

അവള്‍ ആദ്യം ഇറങ്ങി ..
പരസ്പരം നോക്കാതെ, കണ്ണുകള്‍ ഇടയാതെ ,വിദൂരതയിലേക്ക് മിഴികള്‍ നട്ട് ആ യാത്ര അവസാനിച്ചപ്പോള്‍ പിന്നില്‍ ഉപേക്ഷിച്ചത് എന്താണെന്നു ..ഒരിക്കല്‍ കൂടെ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു ...
ആള്‍ കൂട്ടത്തിലേക്ക് ,തിരിഞ്ഞു നോക്കാതിരിക്കാന്‍ ബദ്ധപെട്ടു പലപ്രാവശ്ശ്യം സാരി തലപ്പ് അബോധപൂര്‍വം വലിച്ചിട്ടു ,അവള്‍ അലിഞ്ഞു പോയി ...

* * * * *
വിഷാദവും ലഹരിയും സ്നേഹവും ചേര്‍ന്നൊരു ഉത്സവകാലമായിരുന്നു അത്, കാമ്പസ് കൂട്ടായ്മകളുടെ വസന്തം ..താനേ ഒഴുകി അടുത്ത ഒരേ മനസ്സുകള്‍ പരസ്പരം പിരിയാത്തവരായി കാലങ്ങള്‍ക്ക് ശേഷവും മനസ്സിന്റെ തൊട്ടടുത്ത് ഉണ്ട് ആ ഓര്‍മ്മകളുടെ ആദ്യ ചിത്രങ്ങളില്‍ ഏത് പ്രക്ഷുബ്ധത യിലും ചുരുണ്ട മുടി പിന്നിലേക്കു അലസ്സം തഴുകിയോതുക്കി പാതി ചിരിയോടെ നില്ക്കുന്ന അവനെ കാണാം അകാരണമായ അസ്വസ്ഥകളും ലഹരിയുടെ പുതിയ വെളിച്ചം വീണ വിജനമായ വഴിത്താരകള്‍ കാണാം ..കാണാതെ പോയ അര്‍ത്ഥതലങ്ങള്‍ തേടി പുലര്‍ന്ന രാവുകള്‍ .....

..
രാത്രി വൈകി അവസാനിക്കുന്ന കോളേജ് ദിനങളില്‍.. ആഘോഷങ്ങള്ക്കൊടുവില്‍്.. അവസാനത്തെ ബസ്സില്‍ അവനെ യാത്രയാക്കി മടങ്ങുമ്പോഴും ..മരച്ചുവട്ടില്‍ ആള്‍കൂട്ടം ബാക്കി കാണും ..പോകുന്ന വഴിക്കുള്ള ജോഷിയും രതീഷും കൂടെ ചേര്ന്നു വീട്ടിലേക്ക് നടക്കുമ്പോള്‍ നഗരം വിജനമായിട്ടുണ്ടാവും ...


അറിയാത്ത ഏതോ വഴികളാണ് പലരുമായും നമ്മെ ബന്ധിപ്പിക്കുന്നത് .. ആ ദിവസ്സങ്ങള്‍ ആഘോഷിക്കുകയായിരുന്നു .. അവന്റെ വീട്ടിലും നാട്ടിലും വിശേഷങ്ങളില്‍ പങ്കുകാരനായി ആ തറവാടും അതിനോട് ചേര്‍ന്ന ബന്ധു വീടുകളും , കളികളും തര്‍ക്കവും ഉത്സവങ്ങളും പൊട്ടി ചിരികളും

അത് സാന്ത്വനത്തിന്റെ ,സ്നേഹത്തിന്റെ ,അംഗീകാരതിന്റെ ഒരു പച്ച പടര്പ്പായിരുന്നു..
രാത്രികള്‍ നീണ്ട വാഗ്വാധങ്ങളില് ,വിനോദങ്ങളില്‍, ആഘോഷങ്ങളില്‍ അവള്‍ നിറ സാന്നിധ്യമായി ...
അനിത ..അനിലിന്റെ മൂത്ത സഹോദരിയായിരുന്നു ..

രണ്ടാം റൗണ്ടില്‍ റമ്മി നിരത്തിയും അന്തരീക്ഷത്തില് നിന്നും ഭസ്മം എടുത്തും ..എന്നെ
അമ്പരപ്പിച്ച് ....
അവളുടെ ചുളുങ്ങി അശ്രദ്ധമായ വസ്ത്ര രീതിയില്‍,
ജീവിതത്തോടുള്ള നിസംഗതയില്‍ ....ലാഘവത്തിന്റെ സൌന്ദര്യമായി
അനിത മനസ്സില്‍ ഒരു ഒരു പ്രതിഭാസ്സമായി ..

""കൈകൊണ്ടു ച്ചുളുക്കിയാണോ ഇതു ധരിക്കുന്നത് " നിറഞ്ഞ ചിരി ചോദ്യത്തിനു മറുപടിയായി ..,
ഏത് വസ്ത്രത്തിലും അവള്‍ അതി സുന്ദരിയായിരുന്നു..,


അനിത അടുത്ത വര്‍ഷം വീണ്ടും കോളേജില്‍ ചേര്‍ന്ന് പി ജി പഠനം തുടങ്ങി .
പലപ്പോഴും കാന്റീനിലും തീയറ്ററിലും പാര്‍കിലും ബുക്ക് സ്ടോളിലും ഒരുമിച്ചു ഏതോ സംകല്പ ലോകം തിരഞ്ഞു ..
..


ചോര വീണു കാമ്പസും നഗരവും സ്തംഭിച്ച ദിവസ്സങ്ങള്‍ക്ക് ശേഷം ഒരു ദിവസ്സം .വിരിഞ്ഞു വളര്‍ന്ന തണല്‍ മരങ്ങള്‍ താഴെയും നീണ്ട ഇടനാഴികളിലും ഓരോ സംഘവും രഹസ്യമായി പരസ്പരം എന്തൊക്കെയോ പറഞ്ഞു ..മുന്നിലെ വഴിയില്‍ പോലീസ് കാവലായി ..
പാതി അടച്ചിട്ട ഗേറ്റ് കടന്നു നേര്‍ക്ക്‌ നടന്നു വരുമ്പോള്‍ എന്തോ അത്യാവശ്യം പറയാനുണ്ടെന്ന് മനസ്സു പറഞ്ഞു

"അനിലിനെന്തെകിലും ?"

"ഇല്ല അവന് കുഴപ്പമൊന്നുമില്ല ..പക്ഷെ ആകെ ഒരു വീര്പ്പുമുട്ടല്‍് വീട്ടില്‍ "
"ആരോടെന്കിലും സംസാരിചില്ലെന്കില്‍ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി ..നിന്നെ തേടിയാണ് വന്നത് "

ഒരേ വഴികളില്‍ പലവട്ടം ചുറ്റി പാര്‍ക്കിലെ നടപ്പാതകളില്‍ ..പലവട്ടം ..കാഫ്കയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഛെ ഗുവേരയെയും റിച്ചാര്‍ഡ്‌ ബാക്കും ബീട്ടില്സും കൃഷ്ണമൂര്‍ത്തിയും പ്രതീഷ് നന്ദി യും കടന്നു പോയി ..
ഒടുവില്‍ ഒരു വിയോജനതിന്റെ പാതയില്‍ വാശിയില്‍് ചുവന്ന മുഖത്തോടെ..

"നീയും , ഒരിക്കലും ഈ slavery യില്‍ നിന്നും രക്ഷപെട്ടിട്ടില്ല ..Sisters and Brothers of America,
It fills my heart with joy unspeakable to rise in response to the warm and cordial welcome which you have given us. I thank you in the name of the most ancient order ...."
ചിക്കാഗോ അഡ്രസ്സ് മുഴുകാന്‍ ഒരു ശ്വാസ്സത്തിലാണോ പ്രയോഗിച്ച് ഒടുങ്ങിയത് .. ചരിഞ്ഞു വീണ വെയില് കൂടുതല്‍ ചുവപ്പിച്ച
ആ മുഖ ഭാവം കണ്ടു എനിക്ക് ചിരിയാണ് വന്നത്

"നീ എന്താ ചിരിച്ചത് .. "

കയ്യിലുള്ള പുസ്‌തകം എടുത്ത് അടിക്കാന്‍ ഓങ്ങി ...

ഞാന്‍ ഓടി മാറി ..

"ഇപ്പോ വീര്‍പുമുട്ടല്‍ മാറി കാണുമല്ലോ ? "

അതിന് നിന്റെ കൂടെ നടന്ന എന്നെ വേണം പറയാന്‍ ..

"ഞാന്‍ പോകുവാ ..."

നടന്നു നീങ്ങുമ്പോള്‍ എന്തോ വിഷമം തോന്നി ..
വരണ്ട ശിഖരങ്ങളില്‍ വെളുത്ത ചെമ്പകങ്ങള്‍ വിരിഞ്ഞു തുടങ്ങുന്നു ..അസ്തമയത്തിന്റെ ചുവപ്പ് ഒരു നനുത്ത ശോണിമ ആ പൂവുകളില്‍ പകര്‍ന്നു...

"ദേഷ്യപെടുതേണ്ടായിരുന്നു... "

അസ്തമയം നോക്കി ഒറ്റയ്ക്കിരുന്നു ..പിന്നെ പതിവു മരച്ചുവടുകളിലെക്കും എന്ത് കൊണ്ടോ അവരു പറയുന്നതൊന്നും ശ്രദ്ധിക്കാന്‍് കഴിഞ്ഞില്ല

രാത്രി ... പതിവു തെറ്റാതെ നടന്നു നീങ്ങുമ്പോള്‍ ലഹരിയുടെ നിലാവില്‍ ചെമ്പകചോട്ടിലെ കല്ലില്‍ കാല്‍ ഉയര്തി വച്ചു ഗിറ്റാറില്‍ മീട്ടി ഫ്രെഡി
പാടുന്നുണ്ടായിരുന്നു

Is there anybody goin to listen to my story,
all about the girl who came to stay?
She's the kind of girl you want so much it makes you sorry.
Still, you don't regret a single day.
Ah, girl!
Girl! girl!

പെയ്തിറങ്ങുന്ന മഴതുള്ളികല്‍ക്കിടയിലൂടെ എത്ര ദൂരം നമുക്കൊരുമിച്ചു നടക്കാം ..
ഓരോ മഴനൂലിന്റെ രണ്ടറ്റങ്ങളില്‍ നിന്നും എങ്ങിനെ ഒരു സ്നേഹ സന്ദേശം കൈമാറാം ..

നിറഞ്ഞു പെയ്ത മഴ യുടെ കറുപാര്‍്ന്ന പച്ചയില്‍ ആര്‍ദ്രമായ ഏതോ ഗാനം നാം മാത്രം കേട്ടു....
ഏതോ മഴയില്‍ പരസ്പരം തണലായി ..

വര്‍ണം വിതറിയ വസന്തദിനങ്ങളില്‍ നീ മനസ്സില്‍ ഒരു പൂക്കളമായി ..

വേര്‍പിരിയലിന്റെ വേനലില്‍ പൂത്തുലഞ്ഞ വാകമാരങ്ങള്ക്ക് താഴെ നെടുവീര്‍പുകളുടെ ചൂടു കാറ്റു...
അപ്പോഴും നമ്മുടെ ലോകത്ത് ..French Lieutenant's Woman ..ചിരിച്ചു...
നാം പ്രണയത്തിന്റെ ചാപല്യങ്ങള്‍ക്ക് അപ്പുറം എന്ന് ആര്‍ക്കോ വേണ്ടി നടിച്ചു ....


തര്‍ക്കിച്ചും തമ്മിലടിച്ചും ഒടുവില്‍ എവിടൊയോ ഒരു സാമ്യം കണ്ടെത്തിയും ..കാലം ഒരു പാടു കടന്നു പോയി ..

നാം മാത്രം മാറ്റമില്ലാതതവരെ പോലെ ഏതോ അദ്രൃശ്യമായ ലോകത്ത് ചുറ്റി നടന്നു ..

എന്നും ജോലികഴിഞ്ഞെതുന്ന നിന്നെ കാത്തു നിനക്കായി പുതിയ വാര്‍ത്തകള്‍ കരുതി ..
ഒരു കറക്കം, ഇന്ത്യന്‍ കോഫി ഹൌസില്‍ കാപ്പി , പുതിയ ബുക്കുകള്‍ കണ്ടെത്തല്‍ ,ചര്‍ച്ച, തര്‍ക്കം ... സ്റ്റുഡിയോവിലെ ഒരു സ്ഥിരം സന്ദര്‍ശകയാവുംബോഴും എന്നും പറയാന്‍ ഒരായുസ്സിന്റെ വിഷയങ്ങള്‍ ബാക്കിയുണ്ടായിരുന്നു ..

കനം നിറഞ്ഞ അന്തരീക്ഷം വല്ലാത്ത നിശ്ശബ്ദത ചൂഴ്ന്ന ഒരു ദിവസ്സമാണ്‌ പരസ്പരം എന്തോ പറയാന്‍ മറന്നെന്നു തോന്നി .
നിശബ്ദതയെ അവള്‍ തന്നെയാണ് മുറിച്ചത്

"നീ ആ പറഞ്ഞിരുന്ന ബുക്ക് തന്നില്ല ...റിച്ചാര്‍ഡ്‌ ബാക്ക് "

"ഓ ഞാനത് കൊണ്ടു വന്നിട്ടുണ്ട് .."

വളരെ കാലമായി ചോദിച്ചിരുന്ന റിച്ചാര്‍ഡ്‌ ബാക്കിന്റെ illusions.. the adventures of reluctuant Messiah..
കണ്ണുകളിലെ തിളക്കം ..ഏതോ അറിയാത്ത നൊമ്പരങ്ങള്‍ വിടര്‍ത്തി ..
അവള്‍ നിശബ്ദം പടികളിറങ്ങി നടന്നു


വീട്ടില്‍ അനിയത്തിയുടെ കല്യാണ തിരക്ക് ..കുറച്ചു ദിവസ്സങ്ങള്‍ പരസ്പരം കണ്ടില്ല .
വിവാഹ തലേന്ന് ..മനോഹരമായ വസ്ത്രം ധരിച്ചു അതീവ സുന്ദരിയായി എന്നെ ഞെട്ടിച്ചു കൊണ്ടു അവള്‍ കടന്നു വന്നു . കയ്യില്‍ തിരിച്ചു തരാന്‍ messiah's handbook ,

"you are so fascinating .."

"പോടാ "

ബുക്ക് ഷെല്‍ഫില്‍ വച്ചു ഞാന്‍ തിരക്ക് കളിലേക്ക് മടങ്ങി ..
അവള്‍ വിവാഹ വീടിലെ മുഖ്യ ആകര്‍ഷണവും അലങ്കാരവുമായി അവിടെ ഉത്സാഹപൂര്‍വ്വം ഒഴുകി നടന്നു

കുറച്ചു ദിവസ്സങ്ങള്‍ തമ്മില്‍ കാണാതെ കടന്നു പോയി ..
മടക്കി തന്ന ബുക്ക് മറിച്ചു നോക്കുമ്പോഴാണ് പൊതിഞ്ഞിരുന്ന ആദ്യ പേജിന്റെ ഒരു വശത്തായി വൃത്തിയുള്ള അക്ഷരങ്ങള്‍

"and the trouble with the illusions is that you dont realise, you have them till they are shattered"

മനസ്സില്‍ അര്‍ഥം അറിയാതെ പോകുന്ന വികാരങ്ങളുടെ നിറങ്ങള്‍ ഒന്നൊന്നായി കടന്നു പോയി ..

ഏത് നിറമാണ് പ്രണയത്തിന്റെത്..?


വീണ്ടും പതിവുപോലെ അവളെത്തി പതിവു ദിനങള്‍ ഒരു കണ്ണില്‍ പ്രണയം എന്റെ മാത്രം തോന്നലാണോ ?.. തികച്ചും അപരിചിതമായ പരിഭ്രാന്തിയുടെ പരിവേഷമാണ് ഓരോ ആ ദിനങ്ങള്‍ തന്നത് ..പലപ്പോഴും തുറന്നു പറയാന്‍ കാത്തു വച്ചിരുന്ന വാക്കുകള്‍ ഇടറി തൊണ്ടയില്‍ കുരുങ്ങി ...

"നമുക്കു എക്സിബിഷന്‍ ഗ്രൗണ്ടില്‍ ചുറ്റാം ..പുസ്തക മേളയില്‍ പുഴുക്കളാകാം..നീ ആണ്‍ പുഴു ..ഞാന്‍ പെണ് പുഴു"


തിരക്ക് ..നിറമുള്ള വെളിച്ചം വിതറി കറങ്ങുന്ന ജയന്റ് വീലില്‍ നിന്നും ആര്പുവിളി..പുസ്തക സ്ടാളിലും നല്ല തിരക്ക് ..

പുതിയ പുസ്തകതാളുകളുടെ തിളക്കത്തില്‍ കണ്‍ നിറഞ്ഞു

അവള്‍ വിളിച്ചു " നിന്നോട് പറയാന്‍ മറന്നു ... ഇന്നു ഓഫീസില്‍ പ്രതീഷ് നന്ദി യുടെ LOVE കൊണ്ടു വന്നു..... ഞാന്‍ വാങ്ങിച്ചു ".

"ഓഹോ എനിക്ക് എപ്പോഴാ തരിക LOVE"

മുകളിലേക്ക് കറങ്ങി അകന്ന ജയന്റ് വീല്‍ എന്തുകൊണ്ടോ ശ്രദ്ധ ക്ഷണിച്ചു ..

പിന്നില്‍ നിശ്ശബ്ദത ..

തിരിഞ്ഞു നോക്കുമ്പോള്‍ ഇതു വരെ കാണാത്ത ഒരു മുഖ ഭാവം ..നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍

"ഞാന്‍ .... അത് എന്നേ തന്നു കഴിഞ്ഞു "

ചുറ്റും നിറഞ്ഞ ആരവം ഒരു നിമിഷം നിശബ്ദമായി ..
ആ കണ്ണുകള്‍ക്ക് നേരെ നടന്നടുക്കുമ്പോള്‍ ...ഈ ലോകം നമ്മുടേത് മാത്രമായി ചുരുങ്ങി

രാത്രികള്‍ നിശബ്ദമായി വിരിയിക്കുന്ന പൂവുകളുടെ ഗന്ധം ..പകലിന്റെ നിറങ്ങള്‍ ചാര്‍ത്തിയ അപരിചിത ഭാവങ്ങള്‍ ..പുതിയ ബോധമായിരുന്നു ഓരോ ദിവസ്സവും നിന്‍റെ ഓരോ ഭാവങ്ങള്‍ ..

ഇനി ..

പ്രണയം പരിഭ്രാന്തിയുടെ വേഷപകര്‍ച്ചയായി ...

പക്ഷെ ....
എല്ലാ ഉത്സവങ്ങളും അവസ്സാനിക്കുമല്ലോ .. എല്ലാ കൂടിചെരലും പിരിയുവാനുളളതാണല്ലോ ..

***

നമ്മള്‍ വിവേകികളാണെന്നു അവര്‍ പറയുന്നു .. അത് കൊണ്ടു നാം വിവേകികളാകണം......
പിന്നെ നാമറിയാത്ത യഥാര്ത്യങ്ങളുണ്ട് നമുക്കിടയിലെന്നു നാം അറിയണം ..

കാരണങ്ങള്‍ ഒരു പാടു കണ്ടെത്താം ...നമുക്കെന്താവണം ......

ഇങ്ങിനെ.......ഇങ്ങിനെ.......

കടലിന്‍റെ കാണാ ദൂരങ്ങളില്‍ കണ്ണയച്ചു ചേര്ന്നു നില്‍ക്കുമ്പോള്‍ വിദൂര ചക്രവാളങ്ങളില്‍ നിന്നും ഒഴുകിഅടുത്ത നനുത്ത മഴക്കാറ്റ് അവളുടെ കുംകുമ പൊട്ടു മായിച്ചൊഴുക്കി...വിതുമ്പുന്ന ചുണ്ടുകള്‍ ക്ക് മേല്‍ ഒരു ഒരു ചുവന്ന രാശി.. ..
കടല്‍ക്കരയില്‍ നിന്നും ആള്‍കൂട്ടം ധൃതിയില്‍ ഒഴിഞ്ഞു തുടങ്ങുന്നു ....മഴ ..കടലിന്‍റെ അതിര്‍ത്തികള്‍ ഓരോന്നായി കടന്നു തീരങ്ങളില്‍ ഭ്രാന്തമായ താളത്തില്‍ ഉതിര്‍ന്നു വീണു ..

നെഞ്ചില്‍ പെയ്തൊഴിയാന്‍ ഒരു കാര്‍മേഘം വിങ്ങി...

അറിയില്ല..അറിയില്ല..

രണ്ടു വഴികളുണ്ട് ..നാം മുന്നോട്ടു പോകുന്നു...മറ്റുള്ളവരില്‍ നിന്നും അകന്നു..

രണ്ടു... നമ്മള്‍ പിന്നോട്ട് പോകുന്നു ..മറ്റുള്ളവരോടൊപ്പം ,
നമ്മളില്‍ നിന്നും അകന്നു..
പിന്നോട്ട്.....
മോഹിപ്പിച്ചു നിറഞ്ഞു പൂത്ത വാകമരങ്ങള്‍്ക്കും ...
നീണ്ട ഇടനാഴിയില്‍ ചാഞ്ഞു വീണു നിഴല്‍ വീഴ്ത്തിയ ചുവന്ന സന്ധ്യകള്‍ക്കും
ജാലകങ്ങള്‍ക്കപ്പുറം പെയ്തോഴിഞ്ഞ തുലാമഴയ്കും അപ്പുറത്തേക്ക് ..
നാം കണ്ടു മുട്ടിയ ആ ദിനത്തിനുമപ്പുറതേത്ക്ക് ....

മനസ്സില്‍ നിറഞ്ഞ വിങ്ങല്‍ കണ്ണുകളില്‍ ഇരുട്ട് വീഴ്ത്തി പെയ്തു ...

ഞാന്‍ ... ഞാന്‍ നിന്നെയൊന്നു കെട്ടിപിടിച്ചു കരയട്ടെ .....

മഴയില്‍ ചുവന്നലിഞ്ഞ സന്ധ്യ..ദൂരെ തുറമുഖം വിട്ടകന്ന ഒരു കപ്പല്‍ ....

സമയം വല്ലാതെ വൈകിയിരിക്കുന്നു ...നമുക്കു നടന്നു തുടങ്ങാം .....

********************************
കാലം മാറിയിരിക്കുന്നു ..എല്ലാം ..മാറിയിരിക്കുന്നു ..ഇന്നലെ
ഷെല്‍ഫില്‍ തേടിയ പുസ്തകത്തിന് തൊട്ടു ചേര്‍ന്ന് ആ പഴയ കവേറോട് കൂടി തന്നെ ആ പുസ്തകം ...സാവധാനം തുറന്നു ആദ്യ പുറത്തിലേക്ക് മടക്കിയ താളില്‍ ആ അക്ഷരങള്‍ മായാതെ കിടന്നു..

ആ പഴയ താള് മിടിക്കുന്നുണ്ടയിരുന്നോ ..? ആ വാക്കുകള്‍ ,അക്ഷരങ്ങള്‍ ....

ഇന്നലെകള്‍ പുറം താളിലെ നീല തൂവല്‍ പോലെ ...ഹൃദയത്തിലൂടെ ....കാലത്തിലൂടെ മന്ദം... മന്ദം ...

Wednesday, June 5, 2019

ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്


പ്രണയകഥ - ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്
*********************************************************

നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കുവാന്‍ മുഖം തിരിക്കുമ്പോള്‍ അറിയാതെ വിതുമ്പിയ ചുണ്ടിനു മുകളിലെ മറുക് ചേര്‍ത്ത് കടിച്ചൊതുക്കിയത് എന്തായിരുന്നു ..?
അറിയാതെ പോയത് മറ്റൊരു ഹൃദയമായിരുന്നു... ******************************************************

കാണാന്‍ എന്നും മോഹിച്ച സ്ഥലങ്ങളില്‍ നില്‍ക്കുമ്പോഴും എത്രയും വേഗം തിരിചെത്തുവാനായിരുന്നു തിടുക്കം ..കൊയ്ത്തു കഴിഞ്ഞ പാടത്ത് കത്തികയറുന്ന പൂരമേളം ,ഉറക്കം മറക്കുന്ന ആള്‍കൂട്ടം . ദീപങ്ങളുടെ രാത്രി ,ആരവങ്ങളുടെ ഉല്‍സവം , .............അതോ ...നിന്റെ കണ്ണുകളില്‍ വിരിയുന്ന ദീപ കാഴ്ചകള്‍ ,ആ സാന്നിധ്യം പകരുന്ന ഉന്മാദം ......... എന്നും ചുറ്റി പറന്ന മനസ്സിനെ തിരിച്ചു വിളിക്കാന്‍ ആ ഒരു ക്ഷണം ......കൊട്ടെക്കാവ് പൂരം


ഉച്ചവെയില്‍ ജന്നലിനപ്പുറം വരണ്ടുപോയ വേനല്‍പകലിനെ കാഴ്ച്ചയില്‍ നിന്നും മറച്ചു ...പൂത്തു നിന്ന കണികൊന്നകളും വാകകളും വെയില്‍ നീട്ടിയ തീകാഴ്ചയില്‍ മറഞ്ഞു പോയി . കര്ട്ടന്‍് ഇളക്കി സുഖകരമായ ഒരു കാറ്റ് എവിടെയോ നിന്ന് ചുറ്റി അടുത്തു. ദൂരെ ഒരു ഉത്സവമേളത്തിന്റെ ധ്വനി കേട്ടതായി തോന്നി .. ഹൃദയം വിളിച്ചുനര്തുന്നുണ്ടായിരുന്നു ......പോകാം ..നടക്കാം ..... ഉല്‍സവ രാത്രി വിളിക്കുന്നു ..നിന്റെ കണ്ണുകളും

ശൂന്യമായ വഴികളിലൂടെ നടന്നു... ഒരു ഭാഗത്ത് വേനലിന്റെ തീക്ഷ്ണതയില്‍ കണ്ചിമ്മിക്കുന്ന വെള്ളിവെളിച്ചം ചിതറി കായല്‍ .....കാഴ്ചകള്‍ ഇരുണ്ടു മാറി ..ഉച്ചമയക്കത്തിന്റെ ആലസ്യം തീരങ്ങള്‍ക്ക് ,നഗര വീതികള്‍ക്കും ...യാത്രക്കാര്‍ നന്നേ കുറഞ്ഞ ബസ്സില്‍ മനസ്സില്‍ ഉയരുന്ന , ഇനിയും തുറന്നു പറയാത്ത പ്രണയത്തിന്റെ ഉല്‍സവമേളവുമായി കടന്നിരുന്നു .

ബസ് സ്റ്റോപ്പില്‍ അനില്‍ കാത്തു നില്കാറുള്ളതായിരുന്നു പതിവ് അവനെ അവിടെയെങ്ങും കണ്ടില്ല ..ഉത്സവങ്ങളുടെ ക്യാമറകാഴ്ചകള്‍ക്ക് നിറച്ചാര്‍ത്ത് ഏറും ..പക്ഷെ ചിത്രങ്ങളുടെ ഫ്രെയിമിനപ്പുറം വളരുന്ന ഉല്‍സവത്തിന്റെ വികാരം അത് അനുഭവിച്ചേ അറിയാനാകൂ . ഒരു ഗ്രാമം മുഴുവന്‍ കാത്തിരിക്കുന്ന രാത്രി പൂരം .. മണിക്കൂറുകള്‍ നീളുന്ന മേളത്തിന്റെ ആസുര താളം ..സന്ധ്യ മയങ്ങുന്ന ഗ്രാമവഴികളില്‍ ഉത്സവതിമിര്‍പ്പ് കാണാം ..ആകെ തിരക്ക് പിടിച്ച വഴികള്‍ ,,എവിടെനിന്നോ മുഴങ്ങി കേള്‍ക്കുന്ന മേളധ്വനി... വിശേഷങ്ങള്‍ വര്‍ണിച്ചു നടന്നു പോകുന്ന ഒരു വലിയ ഒരു കുടുംബസംഘത്തിന്‍റെ പിന്നാലെ ആ വീട്ടിലേക്കു നടന്നടുക്കുന്തോറും മുന്‍പെങ്ങോ കണ്ടു മറന്ന അപരിചിതത്വം മനസ്സില്‍ വളര്‍ന്നു അവളെ നേരില്‍ കണ്ടിട്ട് ദിവസ്സങ്ങളെ ആയിട്ടുള്ളൂ .. എങ്കിലും .....മനസ്സില്‍ വളര്‍ന്ന പ്രണയഭാവം ,നേരില്‍ കാണുംവരെ ..സങ്കല്‍പത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഇടയില്‍ പുതിയ രൂപങ്ങള്‍ തീര്‍ക്കുന്നു ..


ഗേറ്റ് കടന്നു ചെല്ലുമ്പോള്‍ ഒരു കസേരയിലേക്ക് കാല് ഉയര്‍ത്തി വച്ച് അവനിരിപ്പുണ്ടായിരുന്നു .. കണ്ണുകള്‍ പരതിയത് മറ്റാരെയോ ആയിരുന്നു .


" നീയെന്താ വൈകിയത് ? നിന്നെ രാവിലെ മുതലേ കാത്തിരുപ്പാണ് അനിതേച്ചി.. .. ഞാന്‍ ഒന്ന് വീണു ..കാലിനു ചെറിയ ഒരു ..."

പ്ലാസ്ടറിട്ട കാലില്‍ നിന്നും അവന്റെ കണ്ണിലേക്കു നീണ്ട നോട്ടത്തിനു ഒരു കുസൃതി കണ്ണ് ചിമ്മല്‍ ..
"ഓ ഉത്സവാഘോഷം..! ...എന്നായിരുന്നു അഭ്യാസം "
"ഇന്നലെ രാത്രി ."..മറുപടി കടന്നു വന്നത് അല്പം നീരസതിലായിരുന്നു ...അനിത ..


പരസ്പരം കാണാതെ പോയ കുറച്ചു ദിവസ്സങ്ങളുടെ പരിഭവം. ..? നീ അറിയുന്നുവോ .. ഈ സൌഹൃതതിനും അപ്പുറം നീയെന്നെ പിന്തുടരുന്നു എന്ന് ... രാത്രികളിലും സ്വപ്നങളിലും ഏകാന്തതകളിലും ...ഓരോ ശ്വാസത്തിലും ...നിന്നോട് മാത്രം പറയാന്‍ ...നിന്റെ കണ്ണുകള്‍ അറിയുന്നുവോ ...ഓരോ നോക്കിലും ഹൃദയത്തില്‍ വിടരുന്ന പ്രണയപുഷ്പങ്ങള്‍ .


സംസാരം തുടരുംതോറും ഔപചാരികതയുടെ മഞ്ഞു ഉരുകുകയും കണ്ണുകളുടെ ഭാഷയ്ക്ക് മായികമായ വരം തിരിച്ചു കിട്ടുകയും ചെയ്തു ...ഏതോ നേരമ്പോക്കില്‍ വീണ്ടും പൊട്ടിച്ചിരിക്കുമ്പോള്‍ മനസ്സിന് മേല്‍ വീണിരുന്ന അശാന്തിയുടെ നിഴല്‍ മാറി പോയതായും മനസ്സ് പ്രസ്സന്നമായതായും തിരിച്ചറിഞ്ഞു.അവളുടെ കണ്ണുകളില്‍ തിളക്കം മടങ്ങി വരുന്നു .. കുംഭ ചൂടില്‍ വരണ്ട പാടങ്ങള്ക്ക് മുകളിലൂടെ തണുത്ത ഒരു കാറ്റ് തേടിയെത്തി ...അവളുടെ മുടിയിഴകളെ പറപ്പിച്ച് മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു .. "ഓ മഴ വരുന്നു "... അവള്‍ ഒന്ന് തിരിഞ്ഞു നോക്കി പിന്‍ഭാഗത്തേക്ക് തിടുക്കത്തില്‍ നടന്നു പോയി .. ...
മരങളെ ആകെ ഇളക്കിയ പൊടിപാറിയ കാറ്റിനൊപ്പം ഒരു വലിയ തുള്ളികളായി തെറിച്ചു വീണ മഴ കുളിര് ബാക്കിയാക്കി പെട്ടെന്ന് കടന്നു പോയി .. യാത്രയുടെ വിശേഷങ്ങള്‍ .. നേരമ്പോക്കുകള്‍ .പുതുതായി കടന്നു വന്ന സുഹൃത്തുക്കളോടൊപ്പം പങ്കിട്ടു രാത്രി വൈകും വരെ സംസാരം നീണ്ടു ...
പരിഭവതിനുമപ്പുറം ആ കണ്ണുകളില്‍ നിറഞ്ഞത് എന്തായിരുന്നു ..മനസ്സിന്റെ കോണില്‍ ഒരു സംശയം ബാക്കിയായി .. പിന്നീട് രാപൂരത്തിന് ഒറ്റയ്ക്ക് ....അനില്‍ തന്റെ അവസ്ഥയില്‍ നിസ്സഹായനായി ....
രാത്രി ഇരുട്ടി വളരുന്ന ഗ്രാമവഴികളില്‍് ഒറ്റയ്ക്ക് ..കൂടെ ഓരോ ചുവടിലും അവളുടെ സാന്നിധ്യം സങ്കല്പിച്ചു ..പക്ഷെ ആ കണ്ണുകളില്‍ കണ്ട ഭാവം മനസ്സ് കണ്ടെടുത്ത കാരണങ്ങളുമായി പൊരുതപെടാതെ അറിയാത്ത ഏതോ വേദനയുടെ ബാക്കിയായി ....

പൂര മൈതാനവും ക്ഷേത്രവും കുറച്ചു ദൂരെയാണ് ...ഒരു വിശാലമായ പാടത്തിനു നടുവില്‍ കൊയ്തൊഴിഞ്ഞ ഭൂമിയിലാണ് മേളം ...മഴ ആള്‍കൂട്ടത്തെ ഒഴിച്ചിരിക്കുന്നു ..അകലങ്ങളില്‍ അവിടവിടയായി മങ്ങി കത്തുന്ന വിളക്കുകള്‍ ...ക്ഷേത്രത്തിലേക്കുള്ള നടവഴി ഇരുട്ടിലേക്ക് നീണ്ടുകിടന്നു ...

ഈ ഇരുട്ടിന്റെ ഇടനാഴിക്കപ്പുറം ....നീയുണ്ട് ..നീയറിയുന്നുവോ നിന്നോട് പറയാന്‍ ബാക്കിയായ പ്രണയപരിഭവങ്ങളുമായി... ഞാനിവിടെ ...

വയലില്‍ നിന്നും വീണ്ടും കാറ്റ് വീശിയടുക്കുന്നു...മഴ ...ഇടിയുടെ തിമിര്‍പ്പില്‍ ശക്തമായി പെയ്തു തുടങ്ങി .ഇരുട്ടിനു മേല്‍ പെയ്ത മഴയുടെ വെള്ളിനൂലുകള്‍ .....തെങ്ങുകള്‍ക്ക് കീഴില്‍ നനയാതിരിക്കാന്‍ വൃഥാ ശ്രമിച്ച് ...ചെളിയില്‍ വഴുകാതെ ആകെ നനഞ്ഞു ക്ഷേത്രത്തിന്റെ മുന്നിലെ വൃക്ഷത്തിന് താഴെ ഓടി എത്തുമ്പോള്‍ അവിടമാകെ വിജനമായിരുന്നു..

മഴയിലും കെടാതെ കല്‍വിളക്കില്‍ തിരികള്‍് .. ഇരുട്ടിന്‍റെ മഴയില്‍ ഒരു വെളിച്ചത്തിന്റെ പ്രതിരോധം ..ഇളകിയാടിയ വിളക്കിന്റെ നിഴലുകള്‍ രൂപങ്ങളായി ...ചാഞ്ഞു പെയ്യുന്ന മഴയില്‍ ഒരു നിഴല്‍ നാടകം ..നിഴലുകള്‍ കാറ്റില്‍ ഒന്ന് നീണ്ടു ചാഞ്ഞു ....അമ്പലത്തിന്റെ ഒരു വശത്ത് നിന്നും ഒരാള്‍രൂപം വിളക്ക് കടന്നു വരുന്നു ...ഒരു പെണ്‍കുട്ടി ...മുന്നിലെ പാതയിലേക്ക് നടന്നടുത്ത കുട്ടിയെ മനസ്സ് വളരെ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു ..ആനി ..

ഈ വിജനതയില്‍ ഒരു പരിചയക്കാരിയെ കണ്ടതിന്റെ സന്തോഷം ...അനിതയുടെ അയല്‍ക്കാരി ,...അവളുടെ നിറഞ്ഞ ചിരിയും തുറന്നു സംസാരിക്കുന്ന പ്രകൃതവും ..അനിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെന്ന പരിഗണന , മനസ്സാക്ഷി സൂക്ഷിപ്പ് കാരി എന്നാണു പറയാറ്‌ ...എത്രയോ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ,വല്ലപ്പോഴും ചില അഭിപ്രായ ഐക്യങ്ങളും ...ആനി ഒരു വേറിട്ട ശബ്ദമായിരുന്നു

"ആനി ...നീ ഒറ്റയ്ക്കാ ഇവിടെ .."..

ഇളകി പരന്ന വെളിച്ചത്തില്‍ ആനിയുടെ മഴയില്‍ നനഞ്ഞമുഖം തിളങ്ങിയോ ..?

"ആഹ മാഷോ ...ഇനി എന്താ ഇവിടെ......പൂരം മഴ കാരണം ഉപേക്ഷിച്ചു .ഞാന്‍ ജാനകിയുടെ വീട്ടുകാരോടോത്ത് വന്നതാണ് ..ഇനി ഈ വരമ്പിലൂടെ തിരിച്ചു പോവാന്ന് കരുതി ..മാഷും പോരൂ ... .." "

പൂരമില്ലെന്കില്‍ പിന്നെ ഇവിടെ എന്ത് ചെയ്യാന്‍ ..ഞാനും വരാം"

ആനിയുടെ പിന്നാലെ നടന്നു ...ഇരുട്ട് പുതച്ച പാടം.. മഴ ഉപേക്ഷിച്ചു പോയ തണുപ്പ് .. വയല്‍ വരമ്പ് തെങ്ങുകള്‍ക്കരികിലൂടെ .. ..ഇടത്തേയ്ക്ക് പിന്നെ വലത്തേയ്ക്ക് ...പിന്നെ നേരെ ....പിന്നെ വലത്തേയ്ക്ക് ... ദൂരെ .മുനിഞ്ഞു കത്തുന്ന വെളിച്ചപൊട്ടുകള്ക്ക് നേര്‍ക്ക്‌ നീണ്ടു .. പൊന്തയില്‍ നിന്നും ചാടി മറയുന്ന തവളകള്‍ ...
" പാംബ് ഉണ്ടാവോ ..? "

"പേടിക്കാതെ വാ മാഷെ ..ഞാനില്ലേ കൂടെ ..."

വഴുക്കലുള്ള വരമ്പിലൂടെ... എപ്പോ വേണമെന്കിലും വീഴുമെന്ന സുഖമുള്ള ഭയം ... ഇടയ്ക്ക് ചില ഓളം വെട്ടലുകള്‍ പുതു മഴയുടെ ഗന്ധം ..ചീവീടുകള്‍ ... രാത്രി നീലവെളിച്ചം ബാക്കിയാക്കി .. ദൂരെ ഒരു പൊട്ടു വെളിച്ചം ..അവളുടെ മുറിയാവണം..

"അതാണോ അനിലിന്റെ വീട് "..
ആനി ഒന്ന് മൂളിയോ ..? ആ വെളിച്ചപൊട്ടു ഒരു കനലായി അഗ്നിയായി മുളപൊട്ടുന്നു..മുളപൊട്ടി ഇലയായി... ഇലവളര്‍ന്നു അങ്ങിനെയങ്ങിനെ വളരുകയാണ് ...അനിത .. അവള്‍ ഉറങ്ങി കാണുമോ ..?

"പിന്നെ എന്തൊക്കെ ഉണ്ട് മാഷേ .. വിശേഷങ്ങള്‍ ?യാത്രയിലാണെന്ന് അറിഞ്ഞല്ലോ ..?
കുറച്ചു യാത്ര വിവരണം അവളോടും .. ...വരമ്പ് മുറിഞ്ഞു വെള്ളം പതഞൊഴുകുന്നു...പതിയെ ചെളിയില്‍ പുതഞ്ഞ കാലുകള്‍ വലിച്ചെടുത്ത് നടന്നു .. .

"ആനിയ്ക്ക് നല്ല പരിച്ചയമാണല്ലോ ഈ വരമ്പിലൂടെ വേഗം നടക്കാന്‍ ..?"
" ഇത് നമ്മുടെ ഹൈവേ അല്ലെ മാഷേ .." .............

"ചിലര്‍ വിളിച്ചാല്‍ എത്ര ദൂരെ നിന്നായാലും തിരിച്ചു വന്നെ പറ്റൂ അല്ലെ മാഷേ .."
"അതെന്താ .."
"സ്നേഹം എത്ര ദൂരെ നിന്നും തിരിച്ചു വിളിക്കും ..അതങ്ങനാ.... അത്രയ്ക്കിഷ്ടാ അനിതേചിയ്ക്ക് ... "
"നിന്നോട് പറഞ്ഞോ ..? "അത് പറയാതെ തന്നെ അറിയണമല്ലോ ..എല്ലാം പറഞ്ഞു തന്നെ അറിയണമെന്നുണ്ടോ ?"
"അവള്‍ നിന്നോട് എന്ത് പറഞ്ഞു ?"

"നിന്നെ അവള്‍ക്കു ......നിന്നെ പറ്റി പറയുമ്പോ ...നിന്നെ കാത്തിരിക്കുമ്പോ ആ കണ്ണിലെ തിളക്കം എല്ലാം പറയും ..പിന്നെ അവള്‍ പറഞ്ഞു...അവള്‍ക്കു .."
അവള്‍ക്കു ..?"
"ടെന്‍ഷന്‍ ആവാതെ ..പറയാം " "നിന്നെ അവള്‍ക്കു ഭയങ്കര ഇഷ്ടാണ് ...പിന്നെ ......"

എത്രയോ നാളുകളായി കേള്‍ക്കാന്‍ കാത്തിരുന്നത് ..ഇന്ന് ഇവളിലൂടെയെന്കിലും .... എങ്കിലും ..എന്നോട് നേരിട്ട് എന്തെ പറഞ്ഞില്ല ....അല്ലെങ്കില്‍ എന്ത് കൊണ്ട് ഞാന്‍ നേരിട്ട് പറഞ്ഞില്ല ... എത്രയും വേഗം അനിതയുടെ അടുത്തെത്തി ആ കണ്ണുകളില്‍ നോക്കി പറയണം ..ഒരു നൂറു വട്ടം ....

പിന്നെ എന്താ ഒരു പിന്നെ ?"
പാടത്തിനുമപ്പുറം നടന്നു കയറുന്നത് വിസ്തൃതമായ ഒരു പുരയിടത്തിലേക്കാണ്.. മരങ്ങള്‍ക്കിടയിലൂടെ ഒരു നടപ്പാത നീണ്ടു ...ചുറ്റും കുറ്റികാടുകളില്‍ വെളിച്ചത്തിന്റെ തുള്ളികള്‍ ..ഒരു വൃക്ഷം നിറയെ മിന്നി മറയുന്ന മിന്നാമിനുങ്ങുകളുടെ വസന്തം ...
"പിന്നെ ?......"
അവള്‍ ഒന്ന് തിരിഞ്ഞു നിന്നു... അവളുടെ കണ്ണുകള്‍ മിന്നി തിളങ്ങി ..
"പിന്നെ ....പിന്നെ...പിന്നെ....അത് ഞാന്‍ പറയുന്നില്ല ...ഓരോന്നിനും ഓരോ സമയമുണ്ട് മാഷേ .. "
ഒന്നും മിണ്ടാതെ ആ കണ്ണുകളെ നോക്കി നിന്നു ...അവള്‍ ഒന്ന് ചിരിച്ചു നടത്തം തുടര്‍ന്നു...കുറച്ചകലെ വീടുകള്‍ ,നടപ്പാത രണ്ടായി പിരിയുന്നു ....അനിലിന്റെ വീടിനടുതേത്യ്ക്ക് ..അവിടെ വരാന്തയില്‍ വെളിച്ചം ....ആരൊക്കെയോ നില്‍ക്കുന്നു ... ആനി നിന്നു ...

"അപ്പൊ ഞാനീ വഴി പൊക്കോട്ടെ ...എനിക്കീ വഴിയാണ് എളുപ്പം ..." ഇത് കയ്യില്‍ വച്ചോളൂ ".. നീട്ടിയ കയ്യിലേക്ക് എന്തോ വച്ച് തന്ന് അവള്‍ മുന്നോട്ടു നടന്നു പോയി ...ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്...ആ കുരിശില്‍ നോക്കി അവള്‍ പോയ ഭാഗത്തേക്ക് ഞാന്‍ നോക്കി നിന്നു ...

ആരാത് ..? വെളിച്ചത്തില്‍ നിന്നും ആരോ വിളിക്കുന്നു മുന്നോട്ടു നടക്കുമ്പോഴേ അനില്‍ കണ്ടു ...

"എടാ നീ ഇതെവിടെയാ ...നിന്നെ തിരയാന്‍ ഇനി സ്ഥലമില്ല .."

"ആഹ തിരഞ്ഞ ആള് വന്നല്ലോ ..എന്നാല്‍ ഞങ്ങള്‍ പോവാ ...രാത്രി ഒത്തിരിയായി.." കാണാതായ ആളെ തിരയാന്‍ വന്ന സംഘം അതി വേഗം പിരിഞ്ഞു പോയി .

കര്ട്ടന് പിറകില്‍ നിന്നും ഒരു ചോദ്യഭാവത്തില്‍ അനിത ...
"ഞാന്‍ പൂരപറമ്പില്‍ മഴയില്‍ നില്ക്കുംബോഴാ ആനിയെ കണ്ടത് ... അവളാ പൂരമില്ലെന്നു പറഞ്ഞത് എന്നെ ഈ പാടവരമ്പിലൂടെ ഇവിടെ എത്തിച്ചത് .."

ഒരു വിചിത്ര ജന്തുവിനെ കാണുന്നത് പോലെ അനിത തറപ്പിച്ചു നോക്കി ... ഒന്ന് പ്രയാസപെട്ടു എഴുനേറ്റു നില്ക്കാന്‍ ശ്രമിച്ച അനില്‍ വീണ്ടും കസ്സേരയിലെക്കിരുന്നു ..

"ഏതു ആനി ?".

"നമ്മുടെ ...ആനി .ആ വീട്ടിലെ .....മത്തായി സാറിന്റെ മോള് .."

വക്രിച്ച ഒരു ചിരി അനിലിന്റെ മുഖത്ത് ... ക്ലോകില്‍ ...സമയം ഒരു മണി കഴിഞ്ഞതായി കണ്ടു .. ഒരല്‍പ്പ നേരം അനില്‍ ഒന്നും മിണ്ടിയില്ല ..അകലെയെവിടെയ്ക്കോ നോക്കി ..അല്പം ഇടറിയ ശബ്ദത്തില്‍ അവന്‍ പറഞ്ഞു ..
" അപ്പൊ നീയറിഞ്ഞിരുന്നില്ലേ.. ...ആനി കഴിഞ്ഞ ശനിയാഴ്ച ..മരിച്ചു ..... suicide ..."

പ്രണനറ്റ ഇഴജന്തുവിന്റെ ചലനം ബാക്കിയായ വാലറ്റം പോലെ ചകിരിനാര് കൊണ്ട് നെയ്ത കുരിശ്..കയ്യില്‍ ഇഴഞ്ഞു ..ഉയര്‍ന്നു നിന്ന രോമ കൂപങ്ങളെ വിറപ്പിച്ചു കൊണ്ട് ഒരു തണുത്ത കാറ്റ് കടന്നു പോയി

******************************************************************************************

ഒരു വിശദീകരിക്കാനാവാത്ത സംഭവം കേട്ട ഭാവം അനിതയില്‍ കണ്ടില്ല എന്നത് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി.. പക്ഷെ നിര്‍വചികാനാവാത്ത ഭാവം ആ മുഖത്ത് ...ഈ നിമിഷങ്ങളില്‍ ഞാന്‍ കേള്‍ക്കാന്‍ കാത്തിരുന്നത് ..പറയാന്‍ ബാക്കിയായത് . എനിക്കായി കരുതി വച്ചത് ..ഹൃദയം അത് കേള്‍ക്കാന്‍ കാതോര്‍ത്തു ..പറയൂ ഈ നിമിഷങ്ങളില്‍ ...നമുക്ക് മാത്രമായി കാലം കരുതി വച്ച ഈ മാത്രകളില്‍ ...
ആ ചുണ്ടിനു മുകളിലെ ചെറിയ മറുക് വിറയ്ക്കുന്നു ...ആ മറുകില്‍ ചേര്‍ന്ന് നിന്ന് ഞാനതിനു മറുപടി നല്‍കും .....അക്ഷമയുടെ നിമിഷങ്ങള്‍ മനസ്സില്‍ ....
നിശബ്ദതയുടെ ഒരിടവേളയ്ക്ക് ശേഷം അവള്‍ എന്നെ നോക്കി ...പിന്നെ ആകാശത്തെയ്ക്കും..
"ആനിയ്ക്കു നിന്നെ ഇഷ്ടമായിരുന്നു ..."
ഒരു നിമിഷം ..നിശ്ചലമായ ഒരു നിമിഷം .

നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കുവാന്‍ മുഖം തിരിക്കുമ്പോള്‍ അറിയാതെ വിതുമ്പിയ ചുണ്ടിനു മുകളിലെ മറുക് ചേര്‍ത്ത് അവള്‍ കടിച്ചൊതുക്കിയത് എന്തായിരുന്നു ..?
ഞാന്‍ അറിയാതെ പോയത് മറ്റൊരു ഹൃദയമായിരുന്നു...

ആനീ എന്നോട് പറഞ്ഞത് എന്തായിരുന്നു എന്ന് ഞാന്‍ അനിതയോട് പറഞ്ഞില്ല ... അല്ലെങ്കില്‍ ഒരു കണ്‍കോണിലെ ആര്‍ദ്രത , സ്നേഹധിക്യത്തില്‍ അറിയാതെ ഇടറുന്ന ശബ്ദം, ഒരു തലോടലില്‍ ഒളിഞ്ഞിരുന്ന കരുതല്‍ ഇങ്ങിനെ എത്ര ഭാഷകളിലാണ് .....പറയാതെ പറഞ്ഞും കേള്‍ക്കാതെ കേട്ടും ....ഒരു വികാരം പ്രകടമാവുക .. എന്തെല്ലാം പറയുന്നു ...... എന്തെല്ലാം കേള്‍ക്കുന്നു ....എന്നിട്ടുംപറയാതെ പോകുന്ന ഒരു വാക്കിനായി അറിയാതെ ചെവിയോര്‍ക്കുന്നു ... അങ്ങിനെ പാതി മൂടി വച്ച ഒരു ഹൃദയവുമായി വീണ്ടും എത്രയോ നാള്‍ .. ..പക്ഷെ ആനി..?

Saturday, February 2, 2019

മജീഷ്യന്‍ - ഒരു പ്രണയ കഥ

ഓര്‍മ്മകള്‍ എന്ന് പറയുമ്പോ മറവി തന്നെ ഓര്‍മവരുന്നു ..മറവി എന്നാല്‍ നാം കാണുമ്പോഴും കാണാതെ പോകുന്ന അല്ലെങ്കില്‍ കാണാന്‍ ഇഷ്ടപെടാതെ കടന്നു പോകുന്ന ,അതും അല്ലെങ്കില്‍ ഇഷ്ടമുള്ള ആഗ്രഹങ്ങളിലേക്ക് കടന്നു വരാതെ മനസ്സ് കൊണ്ട് നാം തന്നെ വഴിമുടക്കുന്ന എന്തൊക്കെയോ ..സമയം ഈ കാഴ്ചകളെ ഇരുട്ടിന്റെ മറയില്‍ മാറ്റി നിര്‍ത്തുന്നു.. ..ഓര്‍മകളുടെ, ഇന്നലകളുടെ പാതയിലൂടെ ഒരു തീവണ്ടി പോലെ ജീവിതം മുന്നോട്ടു പോകുന്നു ...പിന്നോട്ട് ഓടി മാറുന്ന മങ്ങി മായുന്ന കാഴ്ചകള്‍ ...ഒരിക്കലും തിരിച്ചു വരാതെ മറവിയുടെ തമോഗര്‍ത്തം തേടി മറഞ്ഞു പോകുന്നു ... ഈ ഒറ്റ വഴിയുടെ ..ചുറ്റും തിരിച്ചറിയാതെ ,തൊട്ടറിയാനാവാതെ ലോകങ്ങള്‍ ചുറ്റി തിരിയുന്നു ..നീണ്ടും കുറുകെയും ..ചിലപ്പോഴൊക്കെ ഒരു വിചിത്രമായ പകല്‍ കിനാവുപോലെ ഒരു നോക്കില്‍ നാം അതിലൂടെ കടന്നു പോവുന്നു... ഒരിക്കലും തിരിച്ചു വരാതെ..... ...കാണാനാകാത്ത ഒരു മുറിവിന്റെ നൊമ്പരം നെഞ്ചില്‍ ഏറ്റി. ......
ഇഷ്ടമുള്ള കാഴ്ചകള്‍ സ്വന്തമാവാന്‍ ...കൈവേഗത്തില്‍ മറച്ചു പിടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ നേരിനെ മനസ്സാല്‍ മറച്ച്....അന്തരീക്ഷത്തില്‍ നിന്നും ആവാഹിച്ചു മുന്നിലേക്ക് നീട്ടുന്ന അത്ഭുതകാഴ്ചകള്‍ ,
നിറഞ്ഞ വിസ്മയത്തോടെ നാം ഏറ്റുവാങ്ങുന്നു ..


എന്റെ പ്രിയപ്പെട്ട കഥാകാരിയ്ക്ക് ..
*********************************************************
മജിഷ്യന്‍
***********************************************************"

മജിഷ്യന്‍ എന്ന് പറയുമ്പോ ... എന്തും ...ഏതു രൂപവും ആയിമാറുമോ..""

എങ്ങിനെ കാണാനാണോ ഇഷ്ടം അങ്ങിനെ ..പദ്മരാജന്റെ ഗന്ധര്‍വനൊക്കെ പറയില്ലേ .....മാനാകാനും മയിലാകാനും നിന്റെ ചുണ്ടിലെ മുത്തമാകാനും നിമിഷാര്‍ധം പോലും വേണ്ടാത്ത ... somehow അങ്ങിനെ ..."

"എന്നാല്‍ അവസാനം പറഞ്ഞത് ഒന്നാവൂ ...പെട്ടെന്ന് ... "

അപ്പോള്‍ കര്‍ട്ടന്‍ ഉയര്‍ത്തി പറപ്പിച്ചു കൊണ്ട് പാലപൂവിന്റെ ഗന്ധമുള്ള ഒരു കാറ്റ് ഒഴുകി പരന്നു ....കീ ബോര്‍ഡില്‍ തൊട്ടിരുന്ന വിരലുകളിലൂടെ ഒരു കുളിരാര്‍ന്ന തരിപ്പ് കവിളിലേക്കു പടര്‍ന്നു ...പാതി അടഞ്ഞ മിഴികളോടെ പിന്നിലേക്കു ചാഞ്ഞിരിക്കുമ്പോള്‍ ...വിടര്‍ന്ന താമരകള്‍ നിറഞ്ഞ ഒരു നീലതടാകം മനസ്സില്‍ നിറഞ്ഞു ..

കാലില്‍ തടഞ്ഞ എന്തോ ഒന്ന് മറിഞ്ഞു ....ഒന്ന് പകച്ചു തിരിഞ്ഞു നോക്കുമ്പോള്‍ .. തൊട്ടടുത്ത കട്ടിലില്‍ ഉണ്ണിയും മോളും നല്ല ഉറക്കത്തിലാണ് ..കമ്പ്യൂട്ടര്‍ ഓഫായിരിക്കുന്നു..കാലു തട്ടിയത് ഇന്‍വര്‍റ്ററിലായിരുന്നു .

*****************************************

എങ്ങോട്ടൊക്കെയോ നീണ്ടു തിരിഞ്ഞു പിരിയുന്ന വഴികള്‍ ...റിവര്‍ റോഡ്‌ ...ഓള്‍ഡ്‌ റെയില്‍വേ സ്റ്റേഷന്‍ റോഡ്‌ ...കാനോന്‍ ഷെഡ്‌ റോഡ്‌ ..അങ്ങിനെ ..ഇതെല്ലാം എങ്ങോട്ടാവും പോവുക ..ആളുകള്‍ ..വഴി നിറഞ്ഞു പോകുന്നു... എങ്ങോട്ടാവും ഇവരെല്ലാം..ഇത്ര ധൃതിയില്‍ ...

ആ വലിയ ബാഗുമായി നടന്നു പോവുന്ന സ്ത്രീ ഏതാണ്ട് സമപ്രായക്കാരിയാണ് കൂടെ കുട്ടിയും... മോളുടെ പ്രായം കാണും ... എന്താവും അവര്‍ ഇപ്പൊ ചിന്തിക്കുക ..?എപ്പോഴും ഒരേ വഴി ...എന്റെ വീട്ടിലേക്കു ....ഉണ്ണിയുടെ വീട്ടിലേക്കു ...പിന്നെ തിരിച്ചും ..ഒരേ വശത്ത് തന്നെ നോക്കിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും ..അല്ലെങ്കില്‍ തിരിച്ചു വരുമ്പോഴും അതേ കാഴ്ചകള്‍ തന്നെ .... ..പിന്നെ ഇടയ്ക്ക് ഒന്ന് ചുറ്റിലും കണ്ണ്ഓടിക്കണം ..ഉണ്ണി എപ്പോഴും ഫോണില്‍ തന്നെയാവും ..ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ ചെയ്താല്‍ പോലീസ് പിടിക്കില്ലേ ...ഒരു കരുതല്‍ ...


വിദേശത്തുള്ള ബന്ധുക്കള്‍ എപ്പോഴും ചാറ്റ് റൂമില്‍ ഉണ്ടാവില്ല ...ഒരു കൌതുകം ..പതിയെ ...വളര്‍ന്നുപലരും ...എങ്ങോട്ടോ ..നടന്നു പോകുന്ന വഴികളിലെ യാത്രികര്‍ അവരുടെ ചിന്തകള്‍ ..പരസ്പരം ചേര്‍ന്നത് എത്ര വേഗം ...ഒറ്റയ്ക്കായ ചാറ്റ് റൂമില്‍ മജിഷ്യന്‍ വന്നത് വിസ്മയങ്ങളുടെ വസന്തവുമായാണ്...അയാളുടെ വാക്കുകളില്‍ ഇത് വരെ അറിയാത്ത പ്രണയത്തിന്റെ കിനാകാഴ്ചകള്‍ തങ്ങി നിന്നു ... അന്ന് അയാള്‍ പറഞ്ഞത് പോലെ തന്നെ രാത്രി മിന്നാമിനുങ്ങുകള്‍ മുറിയില്‍ വന്നു ..പിറ്റേന്ന് രാവിലെ ചിത്രശലഭങ്ങളും ...ഓരോ നിമിഷവും സ്വയം തിരിച്ചറിയുകയായിരുന്നു ..ഇന്നലെകളില്‍ നിന്നും നിറം വാര്‍ന്നുപോയ ദിനരാത്രങ്ങളിലേക്ക് .... ഇത് വരെ കാണാത്ത തുടിക്കുന്ന നിറ ചാര്‍ത്തുകള്‍ .....ഒറ്റയ്ക്കാവുന്ന പകലുകള്‍ക്കായി കാത്തിരുന്നു .....പാരിസില്‍ നിന്നും ..ബാങ്കോക്കില്‍ നിന്നും .....ഈഫെല്‍ ടവറില്‍ നിന്നും... പട്ടയയിലെ ഉത്സവരാത്രികളിലും..എന്നെയോര്‍ക്കുന്ന, ഉള്ളിലെവിടെയോ കിനിയുന്ന സ്നേഹം തേടിയെത്തി .....

************************************************************

ഒരു രാത്രി ഉള്ളില്‍ തിരതല്ലിയ സ്നേഹം തൊട്ടു വിരിച്ചത് ഒഴുകിയെത്തിയ പാലപൂഗന്ധം തന്നെയാണ് ...മിടിക്കുന്ന ഹൃദയവുമായി ഫോണില്‍ ചെവിയോര്‍ത്തു

"ഹല്ലോ" ........

അടക്കിയ ശബ്ദം ദൂരങ്ങള്‍ താണ്ടി അയാളുടെ തിളങ്ങുന്ന രാത്രികള്‍ വിടരുന്ന നഗരത്തിലെത്തി.വെളിച്ചം മങ്ങിയ മദ്യശാലയുടെ ഒരു ഭാഗത്ത് ... .താളം മുറിഞ്ഞുപാടുന്ന ഏതോ ഗാനം ...ഒരു രാത്രിയുടെ ഉത്സവം അവസാനിപ്പിച്ച് വേദി വിട്ടോഴിയുന്നവര്‍ ...
" ഓക്കേ മജിഷ്യന്‍ ...സീ യു tomorrow ..."
"ബൈ..my ...rasputin ..." പാതി ബോധത്തില്‍ ഒരു യുവതി അയാളുടെ ചുണ്ടില്‍ മുഖം അമര്‍ത്തി ..."ബൈ ഡിയര്‍ "കൂടെ വന്നവര്‍ അവളെ അയാളില്‍ നിന്നും വലിച്ചടര്തി ..മുന്നിലെ ഗ്ലാസില്‍ ...ചുവന്ന മദ്യപാളി പതിയെ രണ്ടാം പാതിയിലേക്ക് നിറം പരത്തുന്നു ...അരണ്ട വെളിച്ചത്തില്‍ രണ്ടു പേരും ആ ഗ്ലാസ്സിലേക്ക്‌ നോക്കിയിരുന്നു ..അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .

"statesil എല്ലാവരും കൂടെ ഉള്ളപ്പോഴും I feel lonely ....ചാറ്റ് റൂമില്‍ നിന്റെ ഐക്കണ്‍ കാണാതെ വരുമ്പോള്‍ ആദ്യമൊക്കെ ...Its really hard" നിന്റെ phone respond ചെയ്യതാവുംപോ ഒക്കെ I feel ......its really hard ..i dont know how..to... "

"നിനക്കറിയാല്ലോ..I am a magician ...ഒരു ഹോട്ടലില്‍ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ..ഒരു കണ്‍ട്രിയില്‍ നിന്നും മറ്റൊരു ...നാട്ടിലേക്കു ...ഇതിനിടയില്‍ ...ഞാന്‍ എത്ര ആഗ്രഹിച്ചാലും ... ഈ ബന്ധങ്ങളെ ഒരു പോലെ നിലനിര്‍ത്തുവാന്‍ കഴിയില്ല .. ... "

"നീ എന്ത് മാജിക്കാണ് എന്നോട് ചെയ്യുന്നത് ..?"

"ഇതൊന്നും എന്റെയല്ല ... ജീവിതത്തിന്റെ മാന്ത്രികതയാണ്...ഇഷ്ടമുള്ള കാഴ്ചകള്‍ സ്വന്തമാവാന്‍ ...കൈവേഗത്തില്‍ മറച്ചു പിടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ നേരിനെ മനസ്സാല്‍ മറച്ച്....ആഗ്രഹങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും ആവാഹിച്ചു മുന്നിലേക്ക് നീട്ടുന്ന അത്ഭുതകാഴ്ചകള്‍ ,നിറഞ്ഞ വിസ്മയത്തോടെ നാം ഏറ്റുവാങ്ങുന്നു .. .....thats what I mean .. "

പ്രതീക്ഷിക്കാതെയെത്തിയ ഒരു അതിഥിയെ പോലെ ഒരു ringtone മുഴങ്ങിഅയാള്‍ ശബ്ദം താഴ്ത്തി .

"എന്താ ഈ പാതിരാത്രിയില്‍ ..."
"എനിക്ക് വിളിക്കാന്‍ തോന്നി..."
"ഇപ്പൊ എവിടെയാണ് നീ .... "
മോഹിപ്പിക്കുന്ന ഘനമുള്ള ശബ്ദം...ഒരിട നിശബ്ദതയ്ക്കു ശേഷം പറഞ്ഞു,...
"ഇവിടെ ഈ നഗരത്തില്‍ രാത്രി മോഹിപ്പിച്ചു തുടങ്ങുന്നേ ഉള്ളു .....ഇപ്പൊ ഹോട്ടലില്‍ ഒരു ഫ്രെണ്ടിനോപ്പം .."
"ഏതു ഫ്രണ്ട് ..?"
"ഞാന്‍ പറഞിട്ടില്ലേ.... മാലിനി ...അമേരിക്കയില്‍ നിന്നും വന്നു ....അവളോടൊപ്പം ..."

ഫോണ്‍ കട്ടായി ..

"ആരാണത്‌ ..? "

മാലിനിയുടെ മുഖത്ത്‌ ആകാംഷ ..

"ഒരു ഫ്രണ്ട് ..നീയറിയില്ല ..."

അവളുടെ മുഖത്ത് നിന്നും ശ്രദ്ധ തെറിച്ചു പോയ അയാളുടെ കണ്ണുകളില്‍ ബാര്‍ ലൈറ്റ് വിചിത്രങ്ങളായ നിറങ്ങള്‍ വരച്ചു ....

"i dont know how to express it .നീ എന്നിലേക്ക്‌ ...ഇത് പോലെ ...inseperable .....................ആവുന്നു ....."

"ഈ അലിഞ്ഞു ചേരുന്ന മദ്യം പോലെ ..? "

അവന്‍റെ കണ്ണുകള്‍ ആര്‍ദ്രമായി ...അവളുടെ കണ്ണുകളിലേക്കു തറച്ചു നോക്കി കൊണ്ട് ആ ഗ്ലാസിലെ ഇനിയും ലയിച്ചു തീരാത്ത ചുവന്ന പാളിയിലേക്ക് വിരല്‍ താഴ്ത്തി ....

" ഞാന്‍ നിന്നിലേക്ക്‌ എന്നെയാണ് പകരുന്നത് ...."

അവളിലേക്ക്‌ നീട്ടിയ വിരലില്‍ രക്തം.... കൊഴുത്ത തിളക്കത്തോടെ ഒരു തുള്ളി ..ടേബിള്‍ ക്ലോത്തിലേക്ക് വീണലിഞ്ഞു ......ചുവന്നു തുടുത്ത അവളുടെ മുഖം വിളറിയത്.. പാതി ചുണ്ടില്‍ അവശേഷിച്ച ചിരിയോടെ നോക്കി

" ഇത് നിന്നിലേക്ക്‌ ഒഴുകുന്ന ഞാനാണ് ... ഈ ഓരോ തുള്ളി ചോരയിലും നീ ചേര്‍ന്നിരിക്കുന്നു "...

അയാളുടെ വാക്കുകള്‍ ഒരു മന്ത്രവാദിയെ പോലെ പൊട്ടിച്ചിരിയിലേക്ക് അവസാനിച്ചു"
നീ ......................... "
വാക്കുകള്‍ക്ക് വേഗം കുറഞ്ഞു പോവുകയായിരുന്നു.
നീല രാത്രി നിയോണ്‍ ലൈറ്റിലേക്കു ലയിച്ചു തുടങ്ങുന്നു ...

*****************************************************************


"എന്താണ് ചാറ്റ് റൂമില്‍ വരാതിരുന്നത്...? ......... മൊബൈല്‍ ഫോണ്‍ ഓഫാക്കിയത്..? ""

എനിക്ക് അങ്ങിനെ തോന്നി ..ആ രാത്രിക്ക് ശേഷം .. "മറുപടിയില്‍ നീരസ്സം

" ഓ ആ രാത്രി ..മാലിനി തിരിച്ചു പോയി ...പതിവ് കരച്ചിലുകള്‍ക്ക് ശേഷം ..."

"അതാണോ എന്നെ വീണ്ടും തേടി വന്നത് "

"എത്ര ദിവസ്സമായി ...ആ രാത്രി കഴിഞ്ഞു എല്ലാ ദിവസ്സവും ഞാന്‍ നിന്നെ വിളിച്ചു but നീ ...respond ചെയ്തില്ല "I really miss you these days.......നിന്നെ പോലെ സ്നേഹത്തിന്റെ സാന്നിധ്യം അവശേഷിക്കാതെ പോകുമ്പോഴൊക്കെ.... ഈ കമ്പ്യൂട്ടറിന്റെ ചതുര വെളിച്ചം ....എന്നെ അസ്വസ്ഥനാകാറുണ്ട്...ചതുരങ്ങള്‍ ..നിര്ജീവമായവയുടെ പ്രതീകങ്ങളാണ് ..."

"അതെന്താ അങ്ങിനെ "

ഒരിക്കലും അയാളില്‍ നിന്നും ഉണ്ടായിട്ടില്ലാത്ത പ്രസന്നത നഷ്ടപെട്ട വാക്കുകളില്‍ അസ്വസ്ഥമാക്കുന്ന വിഷാദം ചേര്‍ന്നിരുന്നു .
" എന്റെ പപ്പാ എന്നും ലോകത്തിന്റെ ഒരു കോണില്‍ നിന്നും മറ്റൊന്നിലേക്ക്‌ വിശ്രമമില്ലാതെ പറന്നു ...എപ്പോഴോ ഈ നഗരത്തിലെ ഒരു ഫ്ലാറ്റിലേക്ക് ഞങ്ങളെ കൂട്ടി കൊണ്ട് വന്നു ...ഞങ്ങളിലേക്കും മാജിക്‌ കുത്തിവച്ചു ....പിന്നീട് എപ്പോഴോ അത്ര പ്രായമോന്നുമായിരുന്നില്ല പപ്പയ്ക്ക് ....ഫ്ലാറ്റിന്റെ ചതുരങ്ങളിലേക്ക്...പിന്നീട് കിടപ്പ് മുറിയിലേക്ക് ...പിന്നീട് കട്ടിലിന്റെ ഇത്തിരി ചതുരത്തിലേക്ക്‌ ...പിന്നീട് ആറടിയുടെ ഏകാന്തതയ്ക്ക് ..കൂടുതല്‍ ഒന്നും നല്കാനുണ്ടായിട്ടുണ്ടാവില്ല ......അത് ചതുരങ്ങളുടെ സ്വാഭാവികമായ പരിണാമം ..."

"ഇതെന്താ ഇപ്പൊ ഇങ്ങിനെയൊക്കെ..എന്ത് പറ്റി ..?"

"എനിക്കറിയില്ല നിന്നോട് ഇങ്ങിനെയൊക്കെ പറയണം എന്ന് വിചാരിച്ചില്ല ...സ്നേഹത്തിന്റെ ശൂന്യത ...ചതുരങ്ങള്‍ എന്നെ ഓര്‍മിപ്പിക്കുന്നു "" നീ രാത്രി ഫോണ്‍ കട്ട്‌ ചെയ്തപ്പോള്‍ ....ഞാന്‍ സെല്‍ ഫോണിന്റെ ചതുര ആകൃതി ശ്രദ്ധിച്ചു തുടങ്ങി ... ..പിന്നെ നിന്റെ ഐക്കണ്‍ നഷ്ടമായ ചാറ്റ് റൂമും ..മോണീട്ടര്‍ സ്ക്രീനിനും ചതുരം ...... "

"പക്ഷെ ഞാന്‍ മാത്രമല്ലല്ലോ .... ? "മറുപടിയില്‍ പരിഭവം അറിയാതെ വന്നു ..

"പലരും ................പലരും ..

ശരിയാണ് പക്ഷെ നീ ....എനിക്കറിയില്ല ...നീ ....something so precious to me ...ഞാന്‍ ചതുരങ്ങളിലേക്ക് തിരിച്ചു പോവാതിരിക്കാന്‍ എനിക്ക് നീ .....വേണം.... ഒരു ....ha your presence some how ......."

മറുപടിയായി ഒന്നും പറയാതെ പിന്നീട് വിളിക്കാം എന്ന് മാത്രം പറഞ്ഞു ...ആ ശബ്ദതിലെവിടെയോ ..ഹൃദയത്തിലേക്ക് ഒരു നേര്‍ത്ത വേദന കൊരുത്തു വച്ചതായി തോന്നി ....എവിടെയോ ഒരു ഹൃദയത്തില്‍ എന്റെ സാന്നിധ്യം സ്നേഹത്തിന്റെ തണല് കാണുന്നു ..അപ്പോള്‍ ചുവരില്‍ തൂക്കിയ ചിത്രങ്ങളില്‍ .. കണ്ണാടി ചതുരങളില്‍ മരവിച്ചു ഫോസ്സിലുകളായ മുഖങ്ങള്‍ കണ്ടു ..കാറുകള്‍ ...കുറുകെയും നീളെയും പായുന്ന ജീവിതങ്ങളെ തൊടാതെ അടച്ചു പൂട്ടിയ ചതുര പെട്ടികളാവുന്നതും...

***************************************************************


"ഞാന്‍ നിന്റെ നാട്ടിലൂടെ കടന്നു പോവുന്നു നാളെ "

അയാളുടെ ശബ്ദത്തില്‍ അത്ഭുതം ഒളിച്ചിരുന്നു.

"അപ്പോള്‍ നാം തമ്മില്‍ കാണില്ലേ ..?"

ചോദ്യം അറിയാതെ ഉണര്‍ന്ന വേദനയുടെതായിരുന്നു

"നാം എത്രയോ ജന്മങ്ങളായി കാണുന്നവരാണ് ...ഈ ജന്മത്തില്‍ നാം കാണില്ലെന്ന് തോന്നുന്നു "

"എനിക്ക് .......എപ്പോഴാണ് ഇവിടെ എത്തുക ഇവിടത്തെ സ്റ്റേഷനില്‍ ?"...............എല്ലാം ഓര്‍മയില്‍ ചേര്‍ത്തു....നാളെ മൂന്ന് മണി യ്ക്ക് ...

***********************************

റെയില്‍വേ സ്റ്റേഷന്റെ അപരിചിതത്വം അവളെ അലട്ടിയില്ല ...ഉന്മാദം വിടര്‍ന്ന കണ്ണുകളുമായി അപ്പോള്‍ പ്ലാറ്റ്‌ഫോമിലേക്ക് വന്നു ചേര്‍ന്ന ട്രെയിന് നേര്‍ക്ക് ഓടി എത്തി ആദ്യം കണ്ട കംപാര്‍ട്ട്മെന്ടിലേക്ക് കയറുമ്പോള്‍ അവളെ തേടിയെത്തി തിരിച്ചറിയുന്ന കണ്ണുകളെയാണ് അവള്‍ തിരഞ്ഞത് ...ദീര്‍ഘ യാത്രികരുടെ നിസംഗമായ നോട്ടങ്ങളില്‍.. തിരക്ക് പിടിച്ചോടുന്ന ആള്‍കൂട്ടത്തില്‍ ... ഓരോ കംപര്‍ത്മെന്റുകളിലൂടെ കടന്നു ഓരോ കണ്ണുകളിലും വശ്യമായ ആ മാന്ത്രികത തിരഞ്ഞു ..അവള്‍ മുന്നോട്ടു നടന്നു കൊണ്ടേയിരുന്നു ......
**********************************
"ഇവള്‍ ഇതെവിടെയാ ..ഉറങ്ങുകയാവും ബോധമില്ലാതെ ,,,,,"

"ഈ അമ്മയുടെ ഒരുറക്കം "   ദേഷ്യം നടിച്ചു കുട്ടിയും പ്രതികരിച്ചു ...

ഉണ്ണി അടഞ്ഞു കിടന്ന ഗേറ്റിലേക്ക് നോക്കി ദേഷ്യത്തില്‍ ഹോണ്‍ നിര്‍ത്താതെ മുഴക്കി കൊണ്ടിരുന്നു .. മഴ പൊടിഞ്ഞു മാറിയ ഈറന്‍നനവ് ചുറ്റിലും പച്ച പടര്‍പ്പുകളില്‍ ബാക്കിയായിരുന്നു ..
അപ്പോള്‍ ആകാശത്ത്‌ തെളിഞ്ഞ മഴവില്ലിനെ ചുറ്റി, ഒരു തീവണ്ടി മേഘം പോലെ വെളുത്ത പുക വമിപ്പിച്ചു മുന്നോട്ടു പോയ്കൊണ്ടിരുന്നു ....
************************************************************
***********************************************************
പ്രണയകഥ -1 ,പ്രണയകഥ -2സര്‍പ്പസുന്ദരി നിധി , ആരണ്യകം - ഒരു പെയിന്റിംഗ്,

Friday, June 1, 2018

സംഗീതം ഇഷ്ടമേയല്ലാത്ത ഒരു കുട്ടി

ഒരു കുട്ടിയുണ്ടായിരുന്നു സംഗീതം ഒട്ടുമേ ഇഷ്ടമേയല്ലാത്ത ഒരു കുട്ടി .വിശേഷദിനങ്ങളിലെ  പള്ളിപ്പാട്ടുകളിൽ നിന്ന് രക്ഷതേടാൻ തൂണുകൾക്കിടയിൽ അവൻ ഒളിച്ചു നിന്നു .

വിചിത്രസംഗീതത്തിനു ചുവടുവച്ചു എല്ലാകുട്ടികളും പൈഡ് പൈപ്പറുടെ പിന്നാലെ പോയപ്പോഴും കുട്ടി മരങ്ങൾക്ക് പിന്നിൽ ഒളിച്ചിരുന്ന് അവർ മലകടന്നു പോവുന്നത് നോക്കി നിന്നു .

പിന്നെ മറഞ്ഞുപോയ  ഓരോ കുട്ടിയുടേയും കഥ അവൻ പലപ്പോഴും ഓർക്കാൻ തുടങ്ങി .

പിന്നെ പിന്നെ അവൻ കഥകളുടേയും ഓർമ്മകളുടെയുമിടയിൽ മാഞ്ഞുപോയി 

Sunday, March 25, 2018

ദർശൻ

കടമ്പ്മരങ്ങൾ യമുനയിലേക്കു പൊഴിച്ചിട്ട
ഓരോ പൂവിതളും ഓളങ്ങളോട് ചോദിച്ചു
നിങ്ങളെന്റെ കണ്ണനെ കണ്ടോ
ആർക്കും പിടികൊടുക്കാത്ത മായാവി
നിന്നെ കാത്തു കാത്തു.....
യമുന ഹൈവേയിൽ നിന്നും വൃന്ദാവനത്തിലേക്കു വഴി തിരിഞ്ഞപ്പോൾ എന്തുകൊണ്ടോ ഈ വരികൾ മനസ്സിൽ വന്നു .
ഫെബ്രുവരിയുടെ അവസാനദിനങ്ങളിലെ സായാഹ്നം ,വിളവെടുപ്പു കഴിഞ്ഞ ഉരുളക്കിഴങ്ങു കൃഷിയിടങ്ങളിൽ കുട്ടികൾ കളിക്കുന്നു .
പൊടിപാറുന്ന വഴിയിൽ അലഞ്ഞു തിരിയുന്ന പശുക്കളും മറ്റു നാൽക്കാലികളും .വഴിയരുകിൽ അമ്പലങ്ങളുടെയും ഗോശാലകളുടെയും നിര . ,സന്യാസിമാർ ,വിദേശികൾ ,ഭക്തർ ,മാലിന്യ കൂനകൾ .
വഴിത്തിരിവുകൾ കഴിഞ്ഞപ്പോൾ ഒരു പുരാതനമായ കോട്ടയും മനോഹരമായ കൊത്തളങ്ങളും കണ്ടു അതോടു കൂട്ടി ചേർത്ത്
ആളുകൾ താമസ സ്ഥലങ്ങൾ പണിതിരിക്കുന്നു .കാലങ്ങളെ കൂട്ടിച്ചേർത്ത കൊളാഷു പോലെ , ഏതോ ഒരു കാലത്ത് യമുനയുടെ തീരത്തു പ്രൗഢിയോടെ നിന്നിരുന്നു ഒരു കോട്ടയാണ് വശങ്ങളിൽ സ്നാന ഘട്ടങ്ങൾ .,കോട്ടയോട് ചേർന്ന് ഒരു ഉയർന്ന ഭാഗത്തുള്ള ക്ഷേത്രം ,ചവിട്ടുപടികൾ .വാനരക്കൂട്ടങ്ങൾ
യമുന കുറച്ചു ദൂരേയ്ക്ക് മാറിയാണ് ഇപ്പോൾ ഒഴുകുന്നത് .
പഴയ കല്പടവുകൾക്ക് അരി കിലായി കടമ്പ് മരങ്ങൾ. .ഡ്രൈവർ വണ്ടി നിർത്തി അയാൾക്ക്‌ പരിചയമുള്ള ഒരു ഗൈഡിനെ കണ്ടു പിടിച്ചു ..
"മൊബൈൽഫോൺ സൂക്ഷിച്ചോളൂ കുരങ്ങന്മാർ തട്ടിയെടുക്കും "
ഗൈഡ് ആദ്യം തന്നെ സൂചന തന്നു .
നീണ്ട യാത്രയുടെ ക്ഷീണവും കൃഷ്ണനെ കുറിച്ചുള്ള അജ്ഞതയും കൊണ്ട് കൂടെയുള്ള വിദേശ സുഹൃത്തുക്കൾ കൂടെ വന്നില്ല .
"ആദ്യം കടമ്പ് മരങ്ങളും ഗലികളും പിന്നെ ക്ഷേത്രവും കാണാം "
"ഇതാണ് ആ കടമ്പ് മരം " ഒരു കടമ്പു മരം തൊട്ടു കൊണ്ട് ഗൈഡ് വിവരണം തുടങ്ങി "ഈ മരത്തിലിരുന്നാണ് കണ്ണൻ ഗോപിക മാരുടെ വസ്ത്രങ്ങൾ മോഷ്ടിച്ചിരുന്നത് " കഥ വിവരിക്കുവാൻ ഗൈഡ് താല്പര്യപ്പെട്ടെങ്കിലും സഹയാത്രികകൾ അത്ര താല്പര്യം കാണിക്കാതിരുന്നതിനാൽ അടുത്ത സ്ഥലത്തേയ്ക്ക് നീങ്ങി ഗലികൾ ..."ഈ ഗലികളിൽ ഒളിച്ചിരുന്നാണ് കണ്ണൻ ഗോപികമാരുടെ വെണ്ണ മോഷ്ടിച്ചിരുന്നത് "
എന്നിട്ട് ഞങ്ങളോടായി ചോദ്യം ""ക്യാ ചുരായ ""
"മഖൻ ചുരായ " നഴ്‌സറി കുട്ടിയെപ്പോലെ മറുപടി കൊടുത്തു
നന്ദഗോപാലിനു മൂന്ന് ലക്ഷം പശുക്കൾ ഉണ്ടായിരുന്നുവെന്നും അയാൾ ഹിന്ദിയിൽ പറഞ്ഞതിൽ നിന്നും എനിക്ക് മനസ്സിലായി .
സമയം കുറവാണ് സന്ധ്യയാവുന്നു ചൂടിൽ പകൽ മുഴുവൻ അലഞ്ഞതിന്റെ ക്ഷീണവും
"ഇതൊന്നും പഠിക്കാനല്ല അടുത്ത സ്ഥലം വേഗം കാണിച്ചു തരൂ "
ഒരു സഹയാത്രിക ചൂടായി തുടങ്ങി
മന്ദിർ പാസ് ഹേയ് ന ..ദർശൻ ..
ഏതായാലും ഇവിടെവരെ എത്തിയതല്ലേ ദർശൻ കൂടി ആവാം
ഗലികൾക്കിടയിലെ ഒരു മന്ദിരം. ഞങ്ങളെ കടന്നു ഒരു പ്രായം ചെന്ന തീർത്ഥാടകരുടെ ഒരു സംഘം ദർശനത്തിനായി മന്ദിരത്തിൽ പ്രവേശിച്ചു
"രാധേ മാ .." അവർ ജപിച്ചു കൊണ്ടേയിരുന്നു
വൃന്ദാവനത്തിൽ രാധയാണ് മന്ത്രം
സ്വാമിജി ചന്ദ്രസ്വാമിയെപോലെ ഒരാൾ കർട്ടനിട്ടു മറച്ച ഒരു ഭാഗത്തിരുന്നു .ഗൈഡിനെ നോക്കി ഒന്ന് തലയാട്ടി പിന്നെ ഹിന്ദിയിൽ പറഞ്ഞു തുടങ്ങി .""ദർശൻ തുടങ്ങിയാൽ കഴിയുന്നതുവരെ ആരും എഴുന്നേൽക്കരുത് അത് വലിയ ദോഷങ്ങൾ ഉണ്ടാക്കും "
ഞങ്ങൾ മൂന്നുപേരും ദർശനം ആദ്യം കണ്ടു മടങ്ങാൻ മുന്നിൽ തന്നെയിരുന്നു.സ്വാമിജി ഒരു മണിയടിച്ചു കൊണ്ട് കർട്ടൻ മാറ്റി
അഞ്ചു പ്രതിമകൾ അവ ആരെല്ലാമാണെന്നു വിവരിച്ചു തുടങ്ങി .
കുറച്ചു നേരം ഭക്തിഭാവത്തോടെ അവിടെയിരുന്നു .
വിവരണം പാതിയും മനസ്സിലാവാതെ തലയാട്ടി .അവർ ചെയ്‌യുന്ന കാരുണ്യ പ്രവർത്തികളെക്കുറിച്ചും വിവരിക്കുന്നുണ്ടായിരുന്നു .
""ഇനി പ്രത്യേക പ്രാർത്ഥന""
സഹയാത്രിക കൃഷ്ണഭക്ത ആദ്യം തന്നെ കൈനീട്ടി
സ്വാമിജി കൈ പിടിച്ചു കണ്ണുകൾ അടച്ചു അച്ഛന്റെയും അമ്മയുടെയും പേരുകൾ ചോദിച്ചു
""ഏതു നിവേദ്യം വേണം ലഡു .പശു പാലൻ.?"
""ലഡു "
സ്വാമിജി പറഞ്ഞു പന്ദ്രഹ് ഹസാർ പച് പന്
പിതാ ..ഓർ മാതാ കെ നാം സെ മേ വാദഹ് കർത്താഹും പന്ദ്രഹ് ഹസാർ പച് പന് ........
കുറച്ചു പഞ്ചസാര മിഠായി ഒരു ചുരുണ്ട പത്ര കടലാസ്സിൽ പൊതിഞ്ഞു കയ്യിൽ കൊടുത്തു .
അടുത്തത് എന്റെ ഊഴം
ഞാൻ സ്വാമിജിയുടെ അരികിലേക്ക് നിരങ്ങി നീങ്ങി .
സംശയദൃഷ്ടിയോടെയല്ലേ അയാൾ എന്നെ നോക്കുന്നത് എന്ന് ഞാൻ സംശയിച്ചു .
പിതാ കാ നാം
പഴയ മാനേ ഭാഗ്യം ജരെ മനസ്സിലോർത്തു
"ജയകൃഷ്ണൻ "..ഒന്നു പതറിയോ
മാതാ
അയൽവാസി
വത്സല
അയാൾ ഒന്ന് കൂടി തറപ്പിച്ചു നോക്കുന്നുണ്ടോ
മക്കൾ ?
അത് പിന്നെ തിരിച്ചറിയാനാകാത്ത പേരുകളായത് കൊണ്ട് സത്യം തന്നെ പറഞ്ഞു അതിന്റെ ഒരു ആത്മവിശ്വാസം തോന്നി .
അതേ രംഗം
""ഏതു നിവേദ്യം വേണം ലഡു .പശു പാലൻ.?"
""ലഡു "
സ്വാമിജി പറഞ്ഞു പന്ദ്രഹ് ഹസാർ പച് പന്
ബാച്ചോ പിതാ ..ഓർ മാതാ കെ നാം സെ മേ വാദഹ് കർത്താഹും പന്ദ്രഹ് ഹസാർ പച് പന് ........
കുറച്ചു പഞ്ചസാര മിഠായി
അടുത്ത സഹയാത്രിക അസ്വസ്ഥതയോടെ കടന്നിരുന്നു .
""ഏതു നിവേദ്യം വേണം ലഡു .പശു പാലൻ.?"
""ലഡു "
സ്വാമിജി പറഞ്ഞു പന്ദ്രഹ് ഹസാർ പച് പന്
ഹൌ മച്ച് ..ഇൻ ഇംഗ്ലീഷ്
15055 ...!!!
വാഗ്‌ദാനം നൽകിയ ഞങ്ങൾ പരസ്പരം ഞെട്ടി നോക്കി .
ഐ വോണ്ട് ഗിവ് ..സഹയാത്രിക ചാടിയെമേം ഴുന്നേറ്റു
ഉദ്‌നാ മത്
തിരിഞ്ഞു നോക്കുമ്പോൾ കൂടെ ഭജിച്ചിരുന്ന ഭക്തസംഘം നിരങ്ങിയും മുട്ടിലിഴഞ്ഞും വാതിൽ കടന്ന് ഓടി രക്ഷപ്പെടുകയാണ് .
ഞങ്ങൾ മൂന്നുപേരും മാത്രം സ്വാമിജി കൈ നീട്ടുകയാണ്
ഹിന്ദി അക്കങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട വിജയ ലക്ഷ്മി ടീച്ചറുടെ മുഖം തെളിഞ്ഞു വരുന്നു .
""പൈസ നഹി ഹേ ഹമാരാ പാസ് ..കാർ സെ ..""
സാരമില്ല ഞങ്ങൾ രണ്ടു പേരുടെയും കഴുത്തിൽ ഒരു തിളങ്ങുന്ന തുണി വച്ചു തന്നു . രസീതി എഴുതി ഗൈഡിന്റെ കയ്യിൽ കൊടുത്തു
കാറിൽ നിന്നും പൈസ വാങ്ങി വരുവാൻ ഏർപ്പാടാക്കി .
കഴുത്തിൽ തുണിയും കയ്യിൽ കടലാസ്സു പൊതിയുമായി
തടവുകാരാക്കപ്പെട്ട ഭാവത്തിൽ ഞങ്ങൾ കാറിനടുത്തേക്ക് നടന്നു .
ഡ്രൈവർ സുരേഷേട്ടന്റെ അടുത്തെത്തുന്നത് വരെ നിശബ്ദത മാത്രം
പൈസ കൊടുക്കാതെ പോയാൽ എന്താവും ഉണ്ടാവുക ഹിന്ദി ,യൂ പി ,മതം ,ഇടി ...
"ഇയാൾ ഞങ്ങളെ ഒരു സ്വാമിയുടെ അടുത്തു കൊണ്ടുപോയി സംഭാവന ചെയ്യിപ്പിച്ചു ചേട്ടാ "
സുരേഷേട്ടൻ ഉഷാറായി
ലോക്കൽ ഹിന്ദിയിൽ ഗൈഡ് ചെക്കനോട് രണ്ടു പറഞ്ഞു
പിന്നെ ഞങ്ങളോട് വേഗം കാറിൽ കയറാനും പറഞ്ഞു .
യേ ത്തോ മന്ദിർ കി ബാത്ത് ഹൈ
ഗൈഡ് പിന്നെയും പറഞ്ഞു കൊണ്ടിരുന്നു .
രസീതി അവന്റെ കയ്യിൽ തന്നെ തിരിച്ചു കൊടുത്ത് സുരേഷേട്ടൻ കാർ എടുത്തു .ബഹളം കേട്ടുണർന്ന വിദേശികളോട് എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾ പറഞ്ഞില്ല .
പൊടി പറത്തി കൊണ്ട് കാർ ഓരം ചേർന്നോടിയ പന്നി കൂട്ടങ്ങളേയും പോത്തുകളേയും പിന്നിട്ടു ഹൈവേ യിലേക്ക് പാഞ്ഞു വഴിമുടക്കുന്ന നാൽക്കാലികളെ ശപിച്ചു കൊണ്ട് ആരെങ്കിലും പിന്തുടര്ന്നുണ്ടാവുമോ എന്ന പേടിയോടെ
കുറേ നേരം തിരിഞ്ഞു നോക്കികൊണ്ട്‌ യാത്ര തുടർന്നു .

Tuesday, August 1, 2017

വാനപ്രസ്ഥം

കണ്ണുനീരില്‍ അലിഞ്ഞു പോകുന്ന ദൂരകാഴ്ചയില്‍ എല്ലാവരും അകന്നു പോകുന്ന വേദനയോടെ കൈ വീശി നില്‍ക്കുന്ന രവി അമ്മാവന്‍ ...വിങ്ങി കരയുന്ന മായയും രമേചിയും ..ഇതായിരുന്നു പട്ടാമ്പിയിലെ വൃദ്ധ സദനത്തിലേക്ക് രവി അമ്മാവനെ കൊണ്ടു വിട്ടതിനു ശേഷം ഒരാഴ്ച കഴിഞ്ഞു കാര്യങ്ങള്‍ അന്വേഷിക്കുവാന്‍ പുറപ്പെടുന്നതിനു മുന്‍പേ മനസ്സിലുണ്ടാക്കിയ വിടപറയല്‍ ചിത്രം .

രവി അമ്മാവന്‍ രമേചിയുടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ..ഒറ്റയ്ക്കായിരുന്നു എന്ന് പറയാമോ ...പലപ്പോഴും വിദേശത്തും സ്വദേശത്തും പല ആവശ്യങ്ങള്‍ക്കായി പറന്ന് നടക്കുകയും വര്‍ഷത്തിലെപ്പോഴോ എത്തിനോക്കുകയും ചെയ്യുന്ന
രമേചിയുടെ അല്‍സേഷന്‍ നായുടെ പരിശീലകന്‍ പകുതി മലയാളം പറയുന്ന മുത്തുവും മുഴുവന്‍ തമിഴ് പറയുന്ന  അയാളുടെ ഭാര്യയും കൂടെയുണ്ടായിരുന്നു ...നായുടെ ശുശ്രൂഷയ്ക്ക് ശേഷം രവി അമ്മാവനെയും അവര്‍ ശ്രദ്ധിച്ചിരുന്നു.ശ്രദ്ധിച്ചിരുന്നു എന്ന് പറഞ്ഞാല്‍ വസ്ത്രങ്ങള്‍ അലക്കിയും ഭക്ഷണം കൊടുത്തും കൊണ്ടിരുന്നു എന്നാണു അര്‍ഥം സംസാര പ്രിയനായ അമ്മാവന്റെ സംസാരം ഇവിടെയുള്ള പല ബന്ധുക്കളും അപൂര്‍വമായി വരുമ്പോള്‍ പോലും ശ്രധിക്കാതിരുന്നത്‌ പോലെ അവരും ശ്രദ്ധിച്ചിരുന്നില്ല . പ്രത്യേകിച്ച്  പ്രതികരണം ഒന്നുമില്ലാതെ ടി വി യിലേക്ക് തുറിച്ചു നോക്കി അമ്മാവന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള പരിപാടികള്‍ കണ്ടു കൊണ്ടിരുന്നു.

കല്യാണം കഴിക്കാതെയും മറ്റു ബന്ധങ്ങള്‍ കൈവിട്ടു പോവുകയും ചെയ്ത ഏകാന്തതയാവണം ചെറിയ കാര്യങ്ങള്‍ക്ക് പോലും മുത്തുവിനോടും ഭാര്യയോടും കലഹിക്കാന്‍ കാരണമായത് അതോ രാജ്യഭാരം നഷ്ടമായിട്ടും മനസ്സില്‍ നിന്നും ഒഴിഞ്ഞു പോവാത്ത അധികാര ഭാവമാണോ ..?


ആദ്യ കാലങ്ങളില്‍ രാവിലെ റോഡിലൂടെ ചിരിക്ലുബിലേക്ക് പോയിരുന്നവര്‍ അമ്മാവന്റെ സ്ഥിരമായ തമാശകളെ മുന്‍കൂട്ടി കണ്ടു പിന്നീട്  ആ വഴി വരാതായി .പിന്നീട് ടി വി യില്‍ തീപെട്ട തമ്പുരാന്‍ എന്ന പേരിലേക്ക് അറിയപ്പെടാന്‍ മാത്രം ആ ചതുര പെട്ടിയോടു അടിമപെടുകയും ചെയ്തു "അസത് പൂവതു യാര് "എന്ന തമിഴ് പരിപാടിയുടെ കടുത്ത ആരാധികയായ മുത്തുവിന്റെ ഭാര്യ ഒരു ദിവസം അമ്മാവന്റെ കയ്യില്‍ നിന്നും റിമോട്ട് കാന്‍ട്രോള്‍ ‍ കയ്യിലാക്കുകയും തുടര്‍ന്ന് അമ്മാവന്റെ കണ്ട്രോള്‍ പോവുകയും പിന്നീട് ഉണ്ടായ ഗലാട്ടയില്‍ അമ്മാവന്‍ ടി വി യിലേക്ക് ആഞ്ഞു തൊഴിക്കുകയും അമ്മാവന്‍ തെന്നി ടി വി യുടെ അടിയില്‍ പെട്ട് തലയിലും കാലിനും പരിക്കേല്‍ക്കുകയും ചെയ്തത് അമേരിക്കയില്‍ നിന്നും വിവരം അറിഞ്ഞു പാഞ്ഞു വന്ന രമേച്ചിയില്‍ അമ്മാവന്റെ അവസ്ഥയെ കുറിച്ചുള്ള ചിന്ത ഉണര്‍ത്തി . അമ്മാവന് പറ്റുന്നില്ലെങ്കില്‍ ഞങ്ങള്‍ നായെ ഉപേക്ഷിച്ചു നാട്ടില്‍ പോയ്ക്കോളം എന്ന് മുത്ത്‌ പറഞ്ഞതോടെ അമ്മാവനെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്ന ഒരിടത്തേയ്ക്ക് മാറ്റുന്നതിനായി ശ്രമം ..

ഒടുവിലാണ് പറ്റിയ ഇടം കണ്ടെത്തിയത് അവിടെയാകട്ടെ പ്രമുഖ തറവാടുകളില്‍ നിന്നും നടതള്ളിയ മനുഷ്യാവതാരങ്ങളുടെ ബാഹുല്യം നിമിത്തം പേരെടുത്തതും ആയിരുന്നു .യാത്രതിരിക്കുമ്പോള്‍ അല്പം മൌനിയയിരുന്നെങ്കിലും പോകുന്ന വഴിയിലെ കാഴ്ചകള്‍ ആ മുഖത്ത് ആദ്യ വിനോദ യാത്രയ്ക്ക് തിരിയ്ക്കുന്ന സ്കൂള്‍ കുട്ടിയുടെ ഭാവം പകര്‍ന്നു .വൃത്തിയുള്ളതും വിസ്തൃതമായ ഒരു പറമ്പിനോട് ചെര്ന്നതുമായിരുന്നു ഈ വാനപ്രസ്ഥ ശാല  ...ഇവിടെയ്ക്കെന്താന്‍ വേണ്ടിയായിരുന്നു ഞാന്‍ ഈ ജീവിതം മുഴുവന്‍ ആഗ്രഹിച്ചത് എന്ന പോലെ അമ്മാവന്‍ ഉത്സാഹിയായി സ്വന്തം മുറിയിലേക്ക് നടന്നു .************************ഗേറ്റ് കടന്നപ്പോഴേ ഒരു നര്സിനോട് സംസാരിച്ചു ചിരിക്കുന്ന അമ്മാവന്‍ ശ്രദ്ധയില്‍ വന്നു .അമ്മാവനെ ഒന്ന് ചിരിച്ചു കണ്ടിട്ട് വര്‍ഷങ്ങളായി എന്ന് മനസ്സിലോര്‍ത്തു .കണ്ടപ്പോഴേ സന്തോഷത്തോടെ കൂടെ താമസിക്കുന്ന കാരണവരെ അദ്ദേഹവുമായി അമ്മാവന് താവഴിയായി അവിടെ വച്ച് കണ്ടെത്തിയ ബന്ധത്തെക്കുറിച്ച് പറഞ്ഞു പരിചയപെടുത്തി.വിശേഷങ്ങളും അന്വേഷണവും താമസ്സസ്ഥലവും പരിസരവും പരിച്ചയപെടുതി കുറച്ചു സമയം ... ഭക്ഷണ കാര്യങ്ങള്‍ രമേച്ചി പ്രത്യേകം എടുത്തു ചോദിച്ചു ..പിന്നെ പരസ്പരം നോക്കി കുറച്ചു നേരം ..
നെടുവീര്പുകള്‍ .."വൈകുന്നെരമാവുന്നു ഇവിടെ ജപമുണ്ട് ..നിങ്ങള്‍ ഇറങ്ങുകയല്ലേ ..?" അമ്മാവന്‍ ധൃതി കാണിച്ചു .

.."ഞങ്ങള്‍ ഇറങ്ങട്ടെ .."ചേച്ചിയും രമേച്ചിയും കരഞ്ഞു

ആ ചോദ്യത്തില്‍ ആവശ്യത്തിനു വിഷാദം ചേര്‍ത്തിരുന്നു .

മുഖത്തെ നിറഞ്ഞ ചിരി "ശരി ..സന്തോഷം "

ഞങ്ങള്‍ ഇറങ്ങിയതിനോപ്പം അമ്മാവന്‍ എഴുന്നേറ്റു ഇടനാഴിയിലൂടെ നടന്നു

തിരിഞ്ഞു നോക്കാന്‍ വയ്യാത്ത വിധം ചേച്ചിമാര്‍ രണ്ടുപേരും വിഷാദം ഭാവിച്ചു വിദൂരതയിലേക്ക് നോക്കിയിരുന്നു .

ഞാന്‍ തിരിഞ്ഞു നോക്കി.. അമ്മാവന്‍ വേഗത്തില്‍ നടന്നു മുന്‍പേ നടന്ന സംഘത്തോടൊപ്പം ചേര്‍ന്നു അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു ..


ഇരുണ്ടു തുടങ്ങി സൂര്യന്‍ ബാക്കിയാക്കിയ ഒരു ചുവന്ന കീറ് ആകാശത്ത് നീണ്ടു കിടന്നു .കിഴക്ക് നക്ഷത്രങ്ങള്‍ തെളിഞ്ഞും മറഞ്ഞും പടര്‍ന്നു . എവിടെ നിന്നോ പറന്നു വന്ന ഒരു കൂട്ടം നരിച്ചീറുകള്‍ ചിതറി അകന്നു പോയി

Monday, June 26, 2017

ഉറുമ്പ്


നാം ഉണരുന്നത് വീണ്ടും ഉറങ്ങുവാനാണ് .
************************************

"ഛെ..! "
എന്തോ കടിച്ചു ..മുതുകില്‍ ..കൈ കൊണ്ടു വേദനിച്ച ഭാഗത്ത് മാന്തിയെടുത്തു ഒരു ഉറുമ്പ്
"ശല്യം "
ഉറുമ്പിനെ ആകാവുന്ന ശക്തിയില്‍ ഞെരിച്ചു ..
തണുപ്പ് മാറിയിട്ടില്ലാത്ത മഴക്കാറ് കെട്ടിയ ദിവസ്സം ..മഴ ചാരുന്നുണ്ടോ ..?
കൊതുകുവലയുടെ പഴുതിലൂടെ പഴയ ക്ലോക്കില്‍ സമയം പത്തു കഴിഞ്ഞു ..പതിവില്ലാതെ ഉണരല്‍ നേരത്തെയായി ..എഴുനേറ്റിരുന്നു ജനലിലൂടെ കെട്ടിടങ്ങളുടെയും മരങ്ങളുടെയും അപ്പുറം കടല്‍, ഒരു ചെറിയ ഭാഗത്ത് മാത്രം വെയില്‍ തിളങ്ങി നില്‍ക്കുന്നു ..വെളിച്ചം കണ്ണുകളെ അസ്വസ്ഥമാക്കുന്നു .. പതിവില്ലാത്ത ഒരു ബഹളം താഴെ തെരുവില്‍..ചില ഉയരം കൂടിയ കൊടികള്‍ മാത്രം ജനലിലൂടെ കാഴ്ചയില്‍ വരുന്നുണ്ട് ..ഇലക്ഷന്‍. ഫലം വന്നു ആരെയോ തോല്‍പ്പിച്ചിരിക്കുന്നു ആരോ ജയിച്ചിരിക്കുന്നു.. പതുക്കെ കിടക്ക വിട്ടെഴ്നേറ്റു ..

താഴെ കസ്സെരയില്‍ പതിവ് ചര്‍ച്ച ..
"ഇതൊരു വിജയം തന്നെയായി കാണാനാണ് എനിക്ക് തോന്നുന്നത് ..ഈ ഭരണത്തിനും ഇത്രയും വോട്ടു ....."
"അങ്ങിനെയല്ല അതിനെ കാണേണ്ടത് .....കഴിഞ്ഞ തവണ ത്തേക്കാള്‍ കൂടുതല്‍ വോട്ടു ജനങ്ങള്‍ നമ്മുടെ കൂടെ എന്നല്ലാതെ .................
വിജയം ഒരു സാങ്കേതികമായ .. .................. .."

ഒരു ചവിട്ടു കൊടുക്കാനാണ് തോന്നിയത്‌ എന്ത് കുന്തമായാലും ഈ നേരത്ത് ഇങ്ങിനെ തൊള്ള കീറുന്നത് എന്തിനാണ് ഉറക്കം പോയി സമാധാനവും ഇല്ലെന്ന്നു വച്ചാല്‍ ..

പത്രം കയ്യിലെടുത്തു എന്ത് വായിക്കാനാണ് ....മാവോവാദി ,സാമ്പത്തീക മാന്ദ്യം ...ഹാ.. ഉറുമ്പ് കടിച്ചാല്‍ 5000 രൂപ ചെലവ്...... ഒരാള്‍ക്ക്‌ ഉറുമ്പ് കടിച്ചാല്‍ വല്യ പ്രശ്നമാണെന്ന് ...അയ്യോ ഒരു ഉറുമ്പ് കുറച്ചു മുന്‍പ് കടിച്ചതാണല്ലോ..!! ഉറുമ്പ് കടിച്ച ഭാഗം തടിച്ചിട്ടുണ്ടോ ...വീണ്ടും വീണ്ടും തടവി നോക്കി ..ഇനിയും ഉറുമ്പുകള്‍ കിടക്കയി ലുണ്ടാവുമോ ..?

മൂടി വച്ച ചായ തണുത്തിരുന്നു ..ഗ്ലാസ്സിലേക്ക്‌ ഒരു ചെറിയ ഉറുമ്പ് ..വിരല് കൊണ്ടു തട്ടിയെറിഞ്ഞു മേശയിലേക്ക്‌ നോക്കി ഇനിയും ഉറുമ്പുകള്‍ ......
ജനലിന്റെ പടിയില്‍ ...വാതിലിന്റെ മറയില്‍ ...ചുവരുകളില്‍ ഉറുമ്പുകള്‍ ...

*****************************************

മഴ ശക്തിയായി പെയ്യ്തു തുടങ്ങി രാത്രി ഭക്ഷണം പതിവ് പോലെ നേരത്തെ കഴിച്ചു അയാള്‍ കിടക്കയിലേക്ക് കടന്നിരുന്നു ..കൊതുകുവലയുടെ കേട്ട് അഴിച്ചു അതിന്റെ ചുരുളുകളില്‍ ഒളിച്ചിരിക്കുന്ന ഉറുമ്പുകളെ തിരഞ്ഞു .കിടക്കവിരിയുടെ താഴെ കിടക്കയുടെ അടിയില്‍ കട്ടിലിനു താഴെ.... രാത്രിമഴയുടെ ഈറന്‍ തണുപ്പ് മുറിയില്‍ ഉറുമ്പിന്‍കൂട്ടം പോലെ അരിച്ചിറങ്ങി .ഒരു തുള്ളിയിലും കയ്യില്‍ ടോര്‍ച്ചുമായി അയാള്‍ കടിക്കാനെത്തുന്ന ഉറുമ്പിനെ തേടി ..

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..