Sunday, January 9, 2011

ഒരു പക്ഷെ

ഒരു പക്ഷെ
നിങ്ങള്‍ ഓഫീസില്‍ കമ്പ്യൂട്ടറിന് മുന്നില്‍ അത്ര തിരക്കൊന്നുമില്ലാതെ ഇരിക്കുന്നു /മോണിറ്റര്‍ സ്ക്രീനിലേക്ക്  വളഞ്ഞു  നില്‍ക്കുന്നു/ലാപ്ടോപുമായി കിടക്കുന്നു  / അല്ലെങ്കില്‍  വീട്ടില്‍ പതിവ് ചാറ്റിനു ഇടയില്‍ വെറുതെ ഏതെങ്കിലും അഗ്രിഗെടോര്‍ വഴി ഇവിടെ എത്തി നില്‍ക്കുന്നു .

ഒരു പക്ഷെ ഞാന്‍ എഴുതിയ കമന്റില്‍ തൂങ്ങി ഇവിടെഎത്തി. അതും അല്ലെങ്കില്‍ ഇതിനു മുന്‍പ് ഈ വഴി വന്ന ഒരാളാവാം ,ചില ചിത്രങ്ങള്‍ കാണുകയോ   ,പോസ്റ്റുകള്‍   വായിക്കുകയോ ചെയ്തിട്ടുണ്ടാവും .ഇനി .ഇതൊന്നുമല്ലാത്ത സാധ്യതകളും ആവാം .

ഒരു  കപ്പ് ചായയോ കാപ്പിയോ നിങ്ങളുടെ   കൈതൊടാവുന്ന ദൂരത്ത്‌ തണുത്തു ഇരിപ്പുണ്ടാവും..ഇന്ന് തീര്‍ച്ചയായും ചെയ്യണം എന്ന് കരുതി എഴുതി  വച്ചവ ഡയറിയില്‍ നാളത്തെ ദിവസ്സതെയ്ക്ക്  ഒരു വളഞ്ഞ അമ്പു  വരച്ചു മാറ്റിയിട്ടുണ്ടാവാം ..

എത്ര തിരക്കിലോ ചിന്തയിലോ ആണെങ്കിലും      .ഏതായാലും നിങ്ങള്‍,എവിടെയോ ജനിക്കുകയും എനിക്ക് കണ്ടുമുട്ടാന്‍ യാതൊരു  സാധ്യതയും  ഇല്ലാതിരിക്കുകയും  ചെയ്യുന്ന അകലത്തു നിന്നും,   അകന്നിരിക്കുക അല്ലെങ്കില്‍ അറിയാതിരിക്കുക  എന്ന യാഥാര്‍ത്യത്തെ  ഒരു നിമിഷം കൊണ്ടു  മൗസ്ക്ലിക്ക് മാറ്റിമറിച്ചിരിക്കുന്നു..
.
ഞാന്‍ ഇതെഴുതുമ്പോള്‍ എന്‍റെ ഓഫീസിനു  താഴെ ഒരു ഓട്ടോ റിക്ഷ സ്റ്റാര്‍ട്ട്‌ ആവുന്ന   ശബ്ദം കേള്‍ക്കുന്നു ..വെറുതെ ആ ഓട്ടോ റിക്ഷ ഡ്രൈവറുടെ മുഖം സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.ഒരു പക്ഷെ അയാള്‍ക്ക്‌ താടിയുണ്ടാവാം   .വീടിനടുത്തുള്ള ഒരു  ഓട്ടോ റിക്ഷ ഡ്രൈവര്‍  ഫ്രഞ്ച് താടി വച്ചു  എന്നതിനാല്‍  സ്വന്തം ഫ്രഞ്ച് താടി ഉപേക്ഷിച്ച ഒരാളെ ഞാന്‍ ഓര്‍ത്തു അയാള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന  അയാളുടെ ഭാര്യയുടെ അടുത്തേയ്ക്ക് പോയിരുന്നു എന്ന് ഞാനറിഞ്ഞു .അവിടെ എത്തി അയാള്‍ താടി വച്ചിട്ടുണ്ടാവുമോ ..എന്തോ ..?

ഇപ്പോള്‍  നിങ്ങള്‍ നിങ്ങളുടെ പരിചയത്തിലുള്ള  താടിക്കാരെ പറ്റിയോ  ഓട്ടോകാരെപറ്റിയോ ചിന്തിക്കുന്നുണ്ടാവാം ..ഇന്നലെ നിങ്ങള്‍ കൈകാണിച്ച ഓട്ടോ   നിര്‍ത്താതെ  പോയതും അതിലുണ്ടായിരുന്ന സുന്ദരിയായ യുവതി നിങ്ങളെ നോക്കിയതും ചിലപ്പോ നിങ്ങള്‍ ഓര്‍ക്കാം .കുറേ നാളുകള്‍ക്ക് മുന്‍പ് ഞാന്‍ കൈകാണിച്ചു നിര്‍ത്താതെ പോയ ഒരു ബസ്‌ അപകടത്തില്‍പെട്ടിരുന്നു.  ഒരു നിമിഷം  കൊണ്ടു  ചില നഷ്ടങ്ങള്‍  നമ്മെ ചിലപ്പോ രക്ഷിക്കും അത് കൊണ്ടു സങ്കടപെടെണ്ട  കാര്യമില്ല.

ചില അത്യാവശ്യകാരണങ്ങള്‍ കൊണ്ടു ഒരു ദിവസം  ലീവ് എടുത്തു.ശല്യം ഒന്നും വേണ്ടെന്നു കരുതി  മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തു വച്ചു...

പിന്നീട് വൈകുന്നേരം ഓണ്‍ ചെയ്തതും ഒരു കോള്‍ ഒരു പാര്‍ട്ടി ഇന്‍വിറ്റെഷന്‍.പുതിയ ഒരു സ്റ്റാഫിന്റെ വക,.... ,ആയിക്കോട്ടെ... വിശദമായിക്കോട്ടേ പരിച്ചയപെടല്‍.പാര്‍ട്ടി തകര്‍ത്തു എന്ന് തന്നെ പറയാം  ..നടത്തിപ്പുകാരന്‍ നാലുകാലില്‍  .അവസാനം സാധനത്തെ വീട്ടിലെത്തിക്കാനുള്ള ചുമതല ദൈവാനുഗ്രഹം കൊണ്ട് എനിക്ക് തന്നെ കിട്ടി  .ഏതു സമയത്താണോ ആ ഫോണ്‍ ഓണ്‍ ചെയ്യാന്‍ തോന്നിയത് ..!!

കഥാപാത്രം മുഹമ്മദ്‌ ഫാരുക് വേതാളത്തെ പോലെ മുതുകില്‍  തൂങ്ങി ,  പാതിരാത്രി വിക്രമാധിത്യനായി പോലീസിനെ പേടിച്ചു, അയാള്‍ പറഞ്ഞ വഴികളിലൂടെ മട്ടാന്‍ചേരിയിലെ  ചെറിയ വഴികളിലൂടെ ഞാന്‍  ബൈക്ക് ഓടിച്ചു കൊണ്ടിരുന്നു....

.മുഹമ്മദ്‌ ഇടയ്ക്കിടയ്ക്ക് സന്തോഷം കൊണ്ടോ മറ്റോ ചിരിക്കുകയും ഞാനാണ് അയാളുടെ ഏറ്റവും വലിയ സുഹൃത്ത്‌ എന്ന് പറയുകയും ചെയ്തുകൊണ്ടിരുന്നു .ഇടയ്ക്ക് ഹെല്‍മെട്ടിനിടയിലൂടെ ഒരു ചുംബന ശ്രമവും നടത്തി  .ഏതോ വഴികള്‍ പിന്നിട്ടു അയാള്‍ പറഞ്ഞ ഒരു വീടിനു മുന്നില്‍ വണ്ടി നിര്‍ത്തി .
.
ബര്‍മുഡ ധരിച്ച ഒരു വൃദ്ധന്‍ വാതില്‍ തുറന്നു കൂടെ സുന്ദരിയായ ഒരു സ്ത്രീയും ..ആന്ഗ്ലോ ഇന്ത്യന്സാണ്..  ..
വീട് മാറിയതല്ല അത് മുഹമ്മദിന്റെ ഭാര്യയും അമ്മായി അപ്പനുമാണ് ..എന്നെ ഭാര്യക്ക്‌ പരിചയപെടുത്തി ..അമ്മായിഅപ്പന്‍ പരിചയപെടാന്‍ നിന്നില്ല എന്തോ ഇംഗ്ലീഷില്‍ പിറുപിറുതുകൊണ്ട്   അയാള്‍ അകത്തേയ്ക്ക് പോയി.

"മീറ്റ്‌ മൈ ഗ്രേറ്റ്‌ ഫ്രെണ്ട് ..."    പിന്നെ വിശേഷണങ്ങള്‍ ..വിശേഷങ്ങള്‍ .....എന്നെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് ഇരുത്തി .എന്തൊക്കെയോ കഴിച്ചെന്നു വരുത്തി .

പിന്നെ പാതി രാത്രിയാണ്  വഴി തെറ്റി പോകും അത് കൊണ്ടു  ഇന്ന് ഇവിടെ കിടന്നു നാളെയെ പോവാന്‍ അനുവദിക്കൂ എന്നായി മുഹമ്മദ്‌ ..മുന്നിലെ ചാര് കസ്സെരയില്‍ കിടന്നോളാം എന്ന് പറഞ്ഞു ഞാന്‍ ആ കസ്സെരയില്‍ ചടഞ്ഞു കൂടി .

 കുറേ നേരം കഴിഞ്ഞു കാണണം ... പിന്നെ ഒരു ഗര്‍ജനം കേട്ട് ഞെട്ടിയാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത് ...എന്‍റെ കഴുത്തില്‍ കുത്തിപിടിക്കുകയാണ് മുഹമ്മദ്‌ 
"who are യു...ഹിയര്‍ ..."ഒരു കള്ളനെ പിടിച്ചത് പോലെ മുഹമ്മദ്‌ അലറുകയാണ് .
ഞാന്‍ ചാടി എഴുന്നേറ്റു...... അയാളുടെ ഭാര്യ വന്നു ഇതു നിങ്ങളുടെ സുഹൃതല്ലേ നിങ്ങള്‍ ഒരുമിച്ചല്ലേ വന്നത് എന്നൊക്കെ പറയുന്നുണ്ട് ..ആര് കേള്‍ക്കാന്‍ .അയാള്‍ നടന്ന സംഭവങ്ങളൊക്കെ മറന്നു പോയിരിക്കുന്നു .

..തൊട്ടടുത്താണ് മറ്റു വീടുകള്‍ അവരുണര്‍ന്നു വന്നാല്‍ ജീവനും കൊണ്ടു പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല .. അവര് വന്നാല്‍ എന്തെല്ലാം വ്യാഖാനങ്ങള്‍ ആവും ഉണ്ടാവുക .
ഞാന്‍ മുഹമ്മദിനെ കഴുത്തില്‍ പിടിച്ചു  ഭിത്തിയിലേക്ക് ചാരി .വയറില്‍ ഒരു ഇടിയും കൊടുത്തു .അതോടെ അയാള്‍ ശബ്ദം നിര്‍ത്തി .പുറത്തേയ്ക്ക് പോയി ബൈക്കെടുത്തു  ആ  ഇരുണ്ട വഴികളിലൂടെ തിരിച്ചു പോന്നു .ഒരു വിധം മെയിന്‍ റോഡില്‍ എത്തി .

പാലത്തില്‍ വെളിച്ചമില്ല ഇരുട്ടിലൂടെ കൂടുതല്‍ കട്ടപിടിച്ച ഒരു വഴി  ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍  താഴെ ഒഴുക്കിന്റെ തിളക്കം മാത്രം ഒരു വശത്തുനിന്നും ആരോ ചാടി വീണത്‌ പോലെ തോന്നി ..ഒരാള്‍ ബൈകിന്റെ ഹാന്‍ഡില്‍ തട്ടി താഴേയ്ക്ക് വീഴുന്നു .ചരിഞ്ഞു പോയെങ്കിലും വീഴാതെ വണ്ടി നിര്‍ത്തി .ആകെ ഇരുട്ട്  വീണയാള്‍ പതുക്കെ എഴുന്നേല്‍ക്കാന്‍ നോക്കുന്നുണ്ട് .അടുത്ത് ചെന്നു.അയാള്‍ കരഞ്ഞു തുടങ്ങി ..

"മരിക്കാനും സമ്മതിക്കില്ലേ ..?"

കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു അയാള്‍ ..മരിക്കാന്‍ പോയ ആള് എന്തിനാണാവോ ഈ ചെറിയ വേദന സഹിക്കാതെ ചൂടാവുന്നത് ..?
പിന്നെ അയാളെ മൊത്തത്തില്‍ ഒന്ന് പരിശോധിച്ച് വല്യ കേടൊന്നും ഇല്ല . ....

ഇനി മരിക്കാം കുഴപ്പമൊന്നും പറ്റിയിട്ടില്ല എന്ന് തമാശ പറഞ്ഞു ..പിന്നെ കുറച്ചു നേരം അയാളുടെ കയ്യില്‍ പിടിച്ചു താഴെ ഒഴുക്കിലേക്ക്‌ നോക്കി നിന്നു .

പിന്നെ അയാളോട് ബൈകിനു പിന്നില്‍ കയറാന്‍ പറഞ്ഞു .അയാള്‍ മറുത്തൊന്നും പറയാതെ ബൈകിനു പിന്നില്‍ കയറി .വീട് കുറേ ദൂരെയാണെന്നാണ് പറഞ്ഞത് .തിരിച്ചു പോവാന്‍ അയാളുടെ നാട്ടിലേക്കുള്ള  ബസ്സില്‍ കയറ്റി ഇരുത്തി .ബസ്‌പുറപ്പെടുന്നത് വരെ നോക്കി നിന്നു... അയാള്‍ വീട്ടിലെത്തിയിട്ടുണ്ടാവാം ..

അല്ലെങ്കില്‍ എന്തിനാണ് ഞാന്‍ ആ സമയത്ത് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തത് ...
 .

 .

Friday, January 7, 2011

മഴ ചാറിയ ഒരു ദിവസം

"ഇന്നലെ രാത്രി എപ്പോഴാണ് ഫ്ലാറ്റില്‍ വന്നത് ..? ഒരു ശാസനാ സ്വരം ആ ചോദ്യത്തില്‍ മുഴങ്ങി

ശ്രീധര്‍ സാറിനെ നെഞ്ച് വേദന വന്നു രാത്രി ഹോസ്പിറ്റലില്‍ കൊണ്ടു പോയി ..സീരിയസ് ആണെന്നാണ് പറഞ്ഞത് "

വൈകി മുറിവിട്ടിറങ്ങു കയും പാതിരാവു കഴിയുമ്പോള്‍ പാതി ബോധത്തില്‍ തിരിച്ചെത്തുകയും ചെയ്യുകയാണ് പതിവ് ,മറ്റു താമസ്സക്കാരെ കാണാറില്ല ഒരു ചിരിയില്‍ ഒതുങ്ങും പരിചയം അല്ലെങ്കില്‍ ഇങ്ങനെ ഒഴുകി അകലുന്ന യാത്രയില്‍ ആരാണ് പരിചയക്കാര്‍ ..? എന്നാലും അയല്‍ക്കാരിയുടെ ശബ്ധത്തില്‍ എവിടെയോ എന്തോ ഒന്ന് മനസ്സില്‍ തൊട്ടു .

"husband പോയിട്ടുണ്ട് ..അവര് നാട്ടില്‍ അടുത്ത വീട്ടുകാരാണ് ..ഒരേ വീട് പോലെ തന്നെ ....."

"ഏതു ഹോസ്പിറ്റലില്‍ ആണ് ..?"

മെഡിക്കല്‍ ട്രസ്റ്റില്‍ പിന്നെ മുളന്തുരുത്തി യിലേക്കും അറിയിച്ചിട്ടുണ്ട് ..

മുളന്തുരുത്തിയില്‍ ആണോ husband ഇന്റെ വീട് ..?

അതെ ..അവിടെ വീട്ടു പേര് പറഞ്ഞാല്‍ തന്നെ അറിയും ..

ഓഹോ എന്താ പേര് ..?husband ഇന്റെ .?

"ജോസ് .......".

"ജോസിന്റെ ..ഭാര്യയാണോ ..?"

ഓര്‍മയുടെ ഒരു വെളിച്ചം കാലങ്ങള്‍ക്കപ്പുറതെയ്ക്ക് വലിച്ചെറിഞ്ഞു .. ഈ ഒരു വര്‍ഷത്തിലൊരിക്കലും ഞാന്‍ ജോസിനെ കണ്ടില്ല ...

"ഹാ വന്നല്ലോ .."

ഇടനാഴിയുടെ വെളിച്ചത്തിലേയ്ക്കു തുറക്കുന്ന പഴുതില്‍ നിന്നും ഒരാള്‍ നടന്നു വന്നു ..ആ ചുരുണ്ട മുടി .കൊഴിഞ്ഞു തീര്‍ന്നിരിക്കുന്നു ..

"എങ്ങിനെയുണ്ട് .."

"ഇല്ല കുഴപ്പമൊന്നും ഇല്ലെന്നാണ് പറഞ്ഞത് .."അയാള്‍ മറുപടിയ്ക്കൊപ്പം മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി .ഒരു ചെറിയ ചിരി .. കണ്ണുകള്‍ വിടരുന്നതും ഒരു നനവ്‌ അതില്‍ പടന്നതും കണ്ടു

ഇടതൂര്‍ന്ന താടി രോമങ്ങള്‍ക്കിടയില്‍ നിന്നും അയാള്‍ ഇന്നലെകള്‍ മറച്ചുവച്ച രൂപം തിരിച്ചെടുത്തു ..

"നീ ....ഇപ്പൊ എവിടാ ..?"

"കുറേ നാളായി ഇവിടെ നിന്‍റെ വാതിലിനു മുന്നില്‍ "

"ഇത്ര അടുതായിട്ടും തമ്മില്‍ കാണാതെ ..?"

പല പഴയ കൂട്ടുകാരെയും കണ്ടെന്നും അവരോടു എന്നെ കുറിച്ച് തിരക്കിയെന്നും അവന്‍ പറഞ്ഞു

"പിന്നെ നമ്മുടെ അനില്‍ വന്നിട്ടുണ്ട് ..എന്നെ വിളിച്ചിരുന്നു ..അമ്മയ്ക്ക് തീരെ വയ്യ "

"അവെനെയോന്നു വിളിക്കാം .."

ഫോണ്‍ കാള്‍ ..അതൊരു കാലങ്ങള്‍ക്കപുറത്ത് നിന്നും കടമെടുത്ത രാത്രിയിലേക്ക് ..

ഈ കടന്നു പോയ വര്‍ഷങ്ങള്‍ ഓര്‍മകളില്‍ നിന്നും മറഞ്ഞു പോയ രാത്രി ..

സംസാരത്തിനിടയില്‍ എപ്പോഴോ അനില്‍ പറഞ്ഞു "വിദേശത്തുള്ള എല്ലാവരും വന്നിട്ടുണ്ട് അനിതയും .............."

"അനിത ഇപ്പോള്‍ ......" പിന്നെ കേട്ടതെല്ലാം ശബ്ദങ്ങള്‍ മാത്രമായിരുന്നു ..ഞാന്‍ ഒറ്റയ്ക്കായി ..

എല്ലാവരും എപ്പോഴോ പിരിഞ്ഞു പിറ്റേന്ന് ഫോണ്‍ ബെല്‍ കേട്ട് ഉണരുമ്പോള്‍ മറുതലയ്ക്കല്‍ അനിതയാവും എന്ന് വിചാരിച്ചില്ല തുടക്കത്തിലേ നിശര്ബ്ദതയില്‍ നിന്നും മഴമരങ്ങള്‍ക്ക് താഴെ ചേര്‍ന്നു നടന്ന ആ യൌവനകാലത്ത്തിലേക്ക് ...

"നീ ഇപ്പോഴും പഴയത് പോലെ തന്നെ ..കാണാന്‍ ഇപ്പോഴും പഴയത് പോലെ തന്നെയാണോ ..?"

"നീ തന്നെ വന്നു കണ്ടു ..തിരിച്ചറിയാന്‍ പറ്റുമോയെന്ന് നോക്ക് ഞാന്‍ സണ്‍‌ഡേ പോവും അതിനു മുന്‍പ് നിന്നെ കാണണം .."

"വീണ്ടും വിളിക്കാം .. ....."സംസാരം അവസാനിച്ചു ..

ഇനിയും അവള്‍ വിളിക്കും ..കാണും സംസാരിക്കും ..പുതിയ വിശേഷങ്ങളും കാഴ്ചകളും ..
പിന്നെ ഓര്‍മകളില്‍ മാറിയ അവളുടെ മുഖം ഓര്‍മയില്‍ വരും ..വേണ്ട ..
ഓര്‍മകളില്‍ പാതി മാഞ്ഞു പോയ സന്ധ്യയില്‍ ചാഞ്ഞു പെയ്ത നനുത്ത മഴയില്‍ ഹൃദയത്തിലേക്ക് ഒഴുകി ഉറഞ്ഞ ആ രൂപം അത് മാത്രം മതി ....മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തു ..പുറത്തേയ്ക്ക് ഇറങ്ങി നടന്നു ..മഴയ്ക്കും വെയിലിനുമിടയില്‍ ഉറഞ്ഞു പോയ ഒരു പകല്‍ ...

തിമിര്‍ത്തു പെയ്യാന്‍ ഒരുങ്ങിയ കാര്‍മേഘങ്ങളുടെ നിഴല്‍ വീണ ഓടയില്‍ ആരോ ഒഴുക്കിയ കളിവള്ളം തടഞ്ഞു കിടന്ന പടര്‍പ്പുകളില്‍ തട്ടിയും കറങ്ങിയും ഒരു വശം ചെരിഞ്ഞു ഒഴുകിപോയി


പ്രണയകഥ -1


പ്രണയകഥ -2

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..