Saturday, May 28, 2016

വേനല്‍-2 -സര്‍പ്പസുന്ദരി

അപരിചിതമായ ഒരു ഗന്ധം അവിടെ പരന്നിരുന്നു ..വിചിത്രവും നിഗൂഡവുമായ താളത്തില്‍ എന്തോ ഒരു ശബ്ദവും ....ചുറ്റിപരന്ന പുകപടലങ്ങള്‍ക്കിടയില്‍ ആദ്യം കണ്ടത്‌ പാമ്പിന്‍റെ തിളങ്ങുന്ന ഉടലാണ് ... ചുരുണ്ടു കിടക്കുന്ന വലിയ ഉടലില്‍ തിളങ്ങുന്ന പാടുകള്‍ .... നിറംകെട്ട് പോയ സ്വര്‍ണ കിരീടം കെട്ടിയ തലയാണ് അതിന്..ഒരു പെണ്‍കുട്ടിയുടെ തല ..കണ്മഷി പടര്‍ന്ന കണ്ണുകളില്‍ മയക്കത്തിന്റെ മരവിപ്പ് ..വരണ്ട ചുണ്ടുകളില്‍ ഉറഞ്ഞ ഒരു മന്ദസ്മിതം ..എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു ....ഉള്‍കിടിലത്തോടെ മുന്നില്‍ നിന്നവരുടെ പിന്നിലേക്കു മാറിനില്ക്കുമ്പോഴും ആ കണ്ണുകള്‍ എന്നെ തേടുന്നുണ്ടായിരുന്നു ...
*******************************************************************************************************

നരിചീറുകളും വിരിഞ്ഞു വളര്‍ന്ന ശ്മശാനവൃക്ഷങ്ങളിലെ ഭീകരരൂപികള്‍ക്കും സര്‍്പ്പങ്ങള്ക്കും ഇടയിലൂടെ വിക്രമാധിത്യന്‍ തോളില്‍ തൂക്കിയ ശവവുമായി കയ്യില്‍ വാളുമായി തിരിഞ്ഞു നിന്നു ..അപ്പോള്‍ ശവത്തില്‍ സ്ഥിതിചെയ്തിരുന്ന വേതാളം ഇപ്രകാരം പറഞ്ഞു ....എല്ലാ ലക്കവും തുടരുന്ന കഥയിലെ ഭീകരമായ ഭാഗം പേടിയോടെ വായിച്ചു തീര്‍ത്തു ചുറ്റും നോക്കും ....

അവധി ആഘോഷിക്കാന്‍ വന്ന ബന്ധുക്കളും അയല്‍ക്കാരും ഉള്‍പടെ ഒരു വലിയ സംഘം തന്നെയുണ്ടായിരുന്നു കൂടെ എങ്കിലും വല്ലാതെ ഇരുണ്ടു പോയ ആ രാത്രി അധികമാരും പതിവായി കടന്നു പോവാത്ത കാവിനടുത്തുള്ള വഴിയിലൂടെ പള്ളിയിലേക്ക് നടക്കുമ്പോള്‍ ഇരുട്ടിലേക്ക് വളര്‍ന്നു ലയിച്ച മരങ്ങള്‍ക്ക്‌ മുകളിലേക്ക് നോക്കുവാന്‍ ഭയം തോന്നി വേതാളം ഈ ഇരുട്ടില്‍ ചുറ്റിപറക്കുണ്ടോ ..?
പടര്‍ന്നു പന്തലിച്ചു വശങ്ങളിലേക്ക് വേരുകള്‍ തൂക്കിയ ആലിന്റെ ചറം ചവിട്ടിയാല്‍ കാലില്‍ മന്ത് വരുമെന്ന് കൂട്ടത്തിലാരോ ചെവിയില്‍ പറഞ്ഞു. പേടി കൂടിയവര്‍ തമ്മില്‍ കൈകോര്‍ത്തു നടന്നു..
ആകാശത്ത് ഒരു അമിട്ട് വര്‍ണം ചിതറി
"വേഗം നടന്നോ ...വെടികെട്ടു തുടങ്ങി "

പിന്നില്‍ കൈവിരിച്ച ഇരുട്ടില്‍ നിന്നും മുന്നിലെ കാലടികളെ സൂക്ഷിച്ചു മുന്നോട്ട് ...പള്ളിയോടു അടുത്തുള്ള തുറന്ന പറമ്പുകളില്‍ തീ വെട്ടം ..പാകം ചെയ്യുന്നവരാണ് ...അവരുടെ ഇരുണ്ട നിഴലുകള്‍ ഏതോ ആദി മനുഷ്യരെ ഓര്‍മിപ്പിച്ചു..

ആകാശത്ത് വിസ്മയം വിരിച്ചു വര്‍ണകാഴ്കള്‍ക്ക് ശേഷം കാതടപ്പിക്കുന്ന വെടിമരുന്നു പ്രയോഗം കഴിഞ്ഞു

പള്ളിമുറ്റത്തെ വെളിച്ചത്തിലേയ്ക്കു അടുക്കുമ്പോള്‍ ഈ ഭയങ്ങളെല്ലാം പിന്‍വാങ്ങി പഴുത്ത മാംബഴതിന്റെയും കൈതച്ചക്കയുടെയും സമ്മിശ്രമായ ഗന്ധം അതാണ്‌ പള്ളിമുറ്റത്ത് പരക്കുന്ന പൊതുവായ ഗന്ധം ..പിന്നെ ഓരോ സ്ഥലത്തും ..കളിമണ്‍പാത്രങ്ങളുടെ ,മരസാധനങളുടെ വാര്നീഷിന്റെ ,ഈന്ത പഴത്തിന്റെ പോപ്‌ കോണിന്റെ .. ഓരോ ഗന്ധം അതിനോട് ചേരും .

ദീപാലന്കാരങ്ങള്‍ കണ്ടും പുതിയ കളിപ്പാട്ടങ്ങള്‍,മരം കൊണ്ടുള്ള ഉന്തി നടക്കുമ്പോള്‍ ചിത്ര ശലഭം ചിറകു വിരിക്കുന്ന വണ്ടിയാണ് എല്ലാവര്ക്കും ഒരു പോലെ വാങ്ങുന്നത് പിന്നെ കാറുകള്‍ കുളത്തില്‍ ഓടിക്കാന്‍ ബോട്ട് ..അങ്ങിനെ പലതരം വിത്തുകള്‍ ..ചട്ടികള്‍ ..പായ വട്ടി ഇതൊക്കെ വീട്ടാവശ്യത്തിന് ...വല്യവര്‍ ഇതൊക്കെ വാങ്ങുമ്പോള്‍ കൌതുകം പുതിയ കാഴ്ചകളിലാവും ..തത്ത രഥം വലിക്കുന്നത് ..മാജിക്‌ ..അങ്ങിനെ എല്ലാവര്‍ഷവും കാണുന്ന കാഴ്ചകള്‍ ...
പുതിയ ഒരു കൂടാരത്തില്‍ വരച്ചിട്ട ചിത്രമാണ് ആദ്യം കണ്ടത്‌ മനുഷ്യ തലയുള്ള ഒരു സര്‍പം.. പിന്നെ അതിനു മുന്‍പില്‍ ഇരുന്നു മണിയടിച്ചു വിളിച്ചു പറയുന്ന ഒരാളും ..
"സര്‍പ്പ സുന്ദരി ....കണ്ടിട്ട് പോകൂ " മനുഷ്യ തലയുള്ള സര്‍പ്പ സുന്ദരി "....
കൂട്ടത്തിലാരോ അനുമതി ചോദിച്ചു
"ഇവന് സര്‍പ്പസുന്ദരിയെ കാണണമെന്ന് "..
കൂട്ടത്തില്‍ ചെറുതായത് കൊണ്ട് ഇത്തരം ഉദ്യമങ്ങള്‍ക്ക്‌ വാല്‍സല്യം ചൂഷണം ചെയ്യാം ..
"നിനക്ക് ഇവിടെയുള്ള സുന്ദരിമാരോന്നും പോരെ "

അനുമതി കിട്ടി ...

സര്‍പ്പമാണ് അതും മനുഷ്യതലയുള്ളത്‌ ..മുന്നില്‍ നടക്കുന്ന ആരുടെയോ കയ്യ് പിടിച്ചു കൂടാരത്തിലേക്ക് കടന്നു ..

ഒരു ഭാഗത്ത് അറിയാത്ത ഏതോ വാദ്യം മീട്ടി ഒരാള്‍ വിചിത്രമായ ഒരു രൂപത്തില്‍ കാലുകല്‍ക്കുള്ളില്ലൂടെ സ്വന്തം തല പിരിച്ചു നിര്‍ത്തിയ ഒരു പെണ്‍കുട്ടി ഒരു വശത്ത്‌ ...എല്ലാവരും കാഴ്ച്ചയ്ക്കായ് നിരന്നപ്പോള്‍ കര്‍ട്ടന്‍ മാറി ...നിറഞ്ഞ പുക ഒഴുകി മാറി


അപരിചിതമായ ഒരു ഗന്ധം അവിടെ പരന്നിരുന്നു ..വിചിത്രവും നിഗൂഡവുമായ താളത്തില്‍ എന്തോ ഒരു ശബ്ദവും ....ചുറ്റിപരന്ന പുകപടലങ്ങള്‍ക്കിടയില്‍ ആദ്യം കണ്ടത്‌ പാമ്പിന്‍റെ തിളങ്ങുന്ന ഉടലാണ് ... ചുരുണ്ടു കിടക്കുന്ന വലിയ ഉടലില്‍ തിളങ്ങുന്ന പാടുകള്‍ .... നിറംകെട്ട് പോയ സ്വര്‍ണ കിരീടം കെട്ടിയ തലയാണ് അതിന്..ഒരു പെണ്‍കുട്ടിയുടെ തല ..കണ്മഷി പടര്‍ന്ന കണ്ണുകളില്‍ മയക്കത്തിന്റെ മരവിപ്പ് ..വരണ്ട ചുണ്ടുകളില്‍ ഉറഞ്ഞ ഒരു മന്ദസ്മിതം ..എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു ....ഉള്‍കിടിലത്തോടെ മുന്നില്‍ നിന്നവരുടെ പിന്നിലേക്കു മാറിനില്ക്കുമ്പോഴും ആ കണ്ണുകള്‍ എന്നെ തേടുന്നുണ്ടായിരുന്നു..

മടങ്ങുമ്പോള്‍ ഉന്തിനടന്ന കറങ്ങുമ്പോള്‍ ചിറകു വിടര്‍ത്തുന്ന ശലഭത്തിനു കണ്ടുമടങ്ങിയ സര്‍്പ്പത്തിന്റെ കണ്ണുകളായിരുന്നു ....

ബാല്യം കടന്നിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയുടെ തലയാണോ സര്‍പ്പ സുന്ദരിക്ക് ...?സര്‍പ്പ സുന്ദരി യുടെ വീട് എവിടെയായിരിക്കും ..അതിന്റെ അമ്മ എവിടെയായിരിക്കും ..?

ചോദ്യങ്ങള്‍ക്ക് "അതൊരു തട്ടിപ്പല്ലേ വെറുതെ മനുഷ്യരെ പറ്റിക്കാന്‍ "എന്നൊരു ഉത്തരമായിരുന്നു ...

എന്നാലും ആ രാത്രിയില്‍ എപ്പോഴോ ഒരു നിലവിളിക്കുന്ന സര്‍പ്പസുന്ദരിയെ സ്വപ്നം കണ്ടു ...തൊട്ടുറങ്ങിയ കയ്യുകള്‍ സര്പത്തിന്റെ മിനുത്ത ഉടലായി .. ഞെട്ടി ഉണര്‍ന്നു ഉറങ്ങാതെ കിടന്നു ....

പിന്നീടുള്ള പകല്‍ വീട് നഷ്ടപെട്ട സര്‍്പ്പത്തെയോര്ത്തു പതിവായി പറമ്പില്‍ കാണുന്ന ഒരു വിഷ പാമ്പിന്റെയും സാമ്യം ഈ സര്‍്പ്പതിനില്ലല്ലോ...

അടുത്ത ദിവസ്സം രാവിലെ പത്രം വായിച്ചിരുന്നവര്‍ ആ വാര്‍ത്ത കുറച്ച ഉറക്കെ തന്നെ വായിച്ചു ..നഷ്ടപെട്ട മക്കളെ അമ്മ തന്നെ കണ്ടെത്തി എന്നതായിരുന്നു ആ വാര്‍ത്ത ......സര്‍പ പ്രദര്‍ശനം കാണാന്‍ വന്ന ഒരമ്മ നാളുകള്‍ക്കു മുന്‍പ് നഷ്ട പെട്ട അവരുടെ മക്കളെ അവിടെ നിന്നും കണ്ടെത്തി ..പ്രദര്‍ശനം നടത്തിപ്പുകാര്‍ ഓടി രക്ഷപെട്ടു എന്നും വാര്‍്തതയിലുണ്ടായിരുന്നു ..മറ്റെവിടെയെന്കിലും....പിന്നീട് എപ്പോഴെങ്കിലും അവര്‍ വീണ്ടും സര്‍പ്പസുന്ധരിയെ പ്രദര്ശിപ്പിച്ചിരിക്കും.......അപ്പോള്‍ ആരെങ്കിലും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ..?
നിധി
പ്രണയകഥ -1
പ്രണയകഥ -2

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..