Thursday, April 28, 2011

വാതിലുകള്‍
എല്ലാവരും ധ്യാനത്തിന്റെ ലഹരിയിലേക്ക് അലിഞ്ഞു ചേരുമ്പോഴും പ്രക്ഷുബ്ദമായ മനസ്സിലെ  തിര എന്നെ എടുത്തുലച്ചു കൊണ്ടിരുന്നു ...
മനസ്സ് ഒരു തണല്‍ തേടി അലഞ്ഞു  ,പരാജിതനായ് വീണ്ടും വീണ്ടും അസ്വസ്തതയുടെ കൂടാരത്തിലേക്കു  മടങ്ങി ...
 അപമാനമാണോ  ..?സങ്കടമാണോ ..?   ആത്മനിന്ദയാണോ ...?
കണ്ണുകള്‍ക്ക്‌ പിന്നില്‍  ഒരു കനല്‍  നീറി  എരിഞ്ഞു ,.നിറയാതെ ഉഷ്ണം മാത്രം ബാക്കിയായ  കാഴ്ച മങ്ങി ..

"പ്രണയം ......"
"നിന്നെ ...എനിക്കറിയില്ല എന്ത് പറയണംന്ന്  ..
..നീ...ഒരു  അര്‍ത്ഥത്തിലും..എനിക്ക് അങ്ങിനെയായിരുന്നില്ല ..
നിന്റെ ശൂന്യമായ നിശബ്ധതയ്ക്ക് അതൊന്നും മനസ്സിലാവുമെന്ന് .......
അല്ലെങ്കില്‍ നിനക്ക് അങ്ങിനെയാകാന്‍ ആവുമെന്നും എനിക്ക് തോന്നുന്നില്ല ...
....നീ..ഇങ്ങിനെയോക്കെയാണ് വിചാരിക്കുന്നതെങ്കില്‍ ....അത്  നിന്റെ മാത്രം തോന്നലുകളാണ് .." 
പ്രിയയുടെ വാക്കുകള്‍ എവിടെനിന്നൊക്കെയോ മുഴങ്ങി കേട്ടുകൊണ്ടിരുന്നു ..


ഉയര്‍ന്നു വന്ന പാട്ടുകളുടെ , വാദ്യങ്ങളുടെ ,കരഘോഷത്തിന്റെ  ശബ്ദായമാനമായ ആ അന്തരീക്ഷത്തിലും മനസ്സില്‍ ആ  വാക്കുകള്‍ മുറിവിന്റ്റെയോ  
അപമാനത്തിന്റെയോ  ഒരു മന്ത്രം പോലെ മനസ്സില്‍ പ്രതിധ്വനിച്ചു . മുഷ്ടി ചുരുട്ടിയും അയച്ചും പരമാവതി മനസമ്മര്‍ദം ഒഴിവാക്കാന്‍ ശ്രമിച്ചു  .

കൈകള്‍  ഉയര്‍ത്തിയും കരഘോഷം  മുഴക്കിയും   ഉയരുന്ന ഗാനത്തിനൊപ്പം സ്വയം മറന്ന  ആള്‍കൂട്ടത്തോട് ചേര്‍ന്നു നീങ്ങാന്‍ ശ്രമിച്ചു .  
ഒരു യന്ത്രം പോലെ അവരുടെ ചെയ്തികളെ  അനുകരിക്കുമ്പോഴും മനസ്സ് എവിടെയ്ക്കോ ,അജ്ഞാതമായ കാഴ്ചയ്ക്കപ്പുറം  ഇരുണ്ടു പോയ  എവിടെയ്ക്കോ,  തെന്നി നീങ്ങി  ..
മങ്ങിയ കണ്ണ് മുന്നിലൂടെ  നടന്നു പോയ ഒരു സന്യാസ്സിനിയിലേക്ക് ..    അവരുടെ വേഗത്തിലുള്ള നടത്തത്തിലേക്ക് മനസ്സിനെ വലിച്ചടുപ്പിച്ചു ..
ഇത് ..ഇത് അവള്‍ ?.....................അലീന ..?

അവളെ പിന്തുടരുമ്പോള്‍  ഒരു മണിനാദത്തിന്റെ  പ്രകമ്പനം   കാലത്തിനപ്പുറതതുനിന്നും     മനസ്സില്‍  പ്രതിധ്വനിച്ചു   

****************************************************************************************************

അലീന പേര് പോലെ  ആരെയും വേദനിപ്പിക്കാതെ നന്മകള്‍ മാത്രം മനസ്സില്‍  കരുതിയ അലീന .

 മിക്ക ദിവസ്സവും  പാഠഭാഗങ്ങളിലെ  സംശയങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങുന്ന അഭ്യാസം  അവസ്സാനിക്കുമ്പോള്‍ സന്ധ്യ യായിട്ടുണ്ടാവും ..പറയാന്‍ എന്തോ ബാക്കി വച്ചാവും അന്നും പിരിയുക .  ചെറിയയാത്രകളില്‍ കൂട്ടായും എന്റെ, അവള്‍ക്കിഷ്ടപെടാത്ത കുസൃതികളില്‍ പിണങിയും    എനിക്കായി  മാത്രം ചെറിയ രഹസ്യങ്ങള്‍ കാത്തു വച്ചും നാളുകള്‍   ചെറുതും വലുതുമായ വിശേഷങ്ങളിലൂടെ നീണ്ടു വളര്‍ന്നു  .

അടുത്ത വീട്ടിലെ കുട്ടികളുടെ സൌഹൃദം  ,ഏതാണ്ട് ഒരേ താല്പര്യങ്ങള്‍ താല്പര്യമില്ലാത്തത് ഒന്നേ ഉണ്ടായിരുന്നുള്ളൂ വളരുക എന്നത് .  ക്രിസ്മസ് വിളക്കുകളും  പൂക്കളങ്ങളും ഊഞ്ഞാലുകളും  പിന്നിടുന്ന   ബാല്യം  ഞങ്ങളെ ഒരിക്കലും വിട്ടുപോവില്ലെന്നു പരസ്പരം പറഞ്ഞത് ഇതെല്ലാം നഷ്ടമാവുന്നു എന്ന തോന്നലില്‍ നിന്നാവും .  

വിജനമായ ഇടവഴിയില്‍ തലനീട്ടിയ ഏതോ ഇലതലപ്പുകളെ  തലോടി  അല്പം സങ്കോചത്തോടെ സംസ്സാരിച്ചു നില്‍ക്കുന്ന കമിതാക്കള്‍ അത് വഴി നടന്നു പോയ ഞങ്ങളെ കണ്ടു ഒന്ന് വല്ലാതെ ചിരിച്ചു .

"അവര് കല്യാണം കഴിക്കുംന്നാണ് പറയുന്നത്  .."
"അതിനെന്താ .."ഞാന്‍ ചോദിച്ചു ..
"നല്ല കാര്യമാവും ..സുജാത നായരും ..ഗില്‍ബെര്‍ട്ട്   ക്രിസ്ത്യനിയുമാണ് ...തീര്‍ന്നത് തന്നെ ..പക്ഷെ നമ്മുടെ കാര്യത്തില്‍ അതുണ്ടാവില്ല  അല്ലെ ..?"
"അതെന്താ ...?"
"നമ്മള്‍ ഒരേ ജാതിയല്ലേ .."

ശരിയാണ് എല്ലാവരും ഒരേ ജാതിയെ യാണ് കല്യാണം കഴിക്കുക എന്റെ വീടിലും അലീനയുടെ വീട്ടിലും അങ്ങിനെയാണ് .

 "ഒരു  പ്രായം ആവുമ്പോ കല്യാണം കഴിക്കും എല്ലാവരും .... ആദ്യം അലീനേച്ചിയുടെതാവും അല്ലെ ..?"
"ഞാന്‍ ഇപ്പൊ  ആലോചിക്കുന്നത് അലീനേച്ചിയുടെ കല്യാണത്തെ കുറിച്ചാണ് .."
"ഞാന്‍ എന്ത് ചെയ്യുകയാവും ആ കല്യാണം നടക്കുമ്പോ ..ചെലപ്പോ സദ്യ  വിളംബുന്നതിനോപ്പമാവും..അല്ലെങ്കില്‍ മറ്റെന്തെകിലും തിരക്കില്‍ അടുത്ത ബന്ധുകളുടെ കല്യാണം നമ്മള്‍ ഓടി നടന്നും തിരക്ക് പിടിച്ചും അങ്ങ് തീര്‍ക്കും .. അല്ലെ ?ഞാനെവിടെയയിരിക്കും അപ്പൊ ........?"

ഒരു നിശബ്ധത ..ഞാന്‍ അലീനേച്ചിയെ  നോക്കി .

"എന്റെ ഈ ഭാഗത്ത്.................തൊട്ടടുത്ത് .."

 വാക്കുകള്‍ക്ക്  കളിവാക്കിന്റെ  തിളക്കം നഷ്ടമായിരുന്നു ..പതിവില്ലാത്ത  ഒരു ദൃഡത..അറിയാത്ത ഒരു ഭീതിയാണ് തോന്നിയത്‌ .പിന്നീട് നിശബ്ദതയായിരുന്നു തിരികെയെത്തും വരെ. .............വളര്‍ച്ചയുടെ കാലം തുടങ്ങുകയാണ് .സൌഹൃധങ്ങളും പടര്‍ന്നു  വളരുകയായിരുന്നു ..തിരിച്ചു അലീനയുടെ അടുത്തെത്തുമ്പോള്‍ അവധി കാലവും നിറഞ്ഞു പെയ്ത മഴയും മാറി പോയിരുന്നു    കാലം പുതിയ  പൂക്കളങ്ങള്‍ വിരിച്ചു  കഴിഞ്ഞിരുന്നു .

"ഞാനറിഞ്ഞു "
"എന്ത് "
"ട്യൂഷന്‍  ക്ലാസ്സിലെ ആ കുട്ടിയ്ക്കു നീ ലവ് ലെറ്റര്‍ കൊടുത്തത് .."

ആ ശബ്ദത്തില്‍ എന്ത് വികാരമായിരുന്നു ...?പരിഭവം..?
ഒന്നും പറയാതെ ,പരസ്പരം കണ്ണുകളില്‍ നോക്കാതെ  നടന്നകലുമ്പോള്‍ എന്തോ,
 പറയാനറിയാത്ത എന്തോ തിരിച്ചു കിട്ടാനാവാതെ  നഷ്ടമായത്‌ വൃഥാ തിരഞ്ഞു .
     
കുറെ നാളുകള്‍ പുതിയ വഴികളിലൂടെ കടന്നു പോയി... 
കൌമാരം ലോകത്തിന്റെ  വിസ്തൃതിയിലേക്ക്   വളര്‍ന്നു  ..
ഒരു  പകലുറക്കത്തില്‍ നിന്നും അമ്മ വിളിച്ചുണര്‍ത്തി പറയുകയായിരുന്നു

"ഇന്ന് അലീന  മഠത്തില്‍   പോവുകയാണ് നീ  അവിടെ വരെ ഒന്ന് പോവില്ലെ  ?"
ഒരു ഞെട്ടല്‍ .. ഉള്ളിലെവിടെയോ.  ഒരു  നോവ്‌  ..പടരുന്നതായി തോന്നി ...

********************************************************************************************

ജീവിതം മുന്നോട്ടു പോവുകയായിരുന്നു ആഘോഷിച്ചും തകര്‍ത്തെറിഞ്ഞും  തകര്‍ന്നടിഞ്ഞും
കൂട്ടം ചേര്‍ന്നും  കൂട്ട് പിരിഞ്ഞും ഒറ്റപെട്ട  വഴികളില്‍  അറിയാതെ  എപ്പോഴോ പ്രിയ   ജീവിതത്തിന്റെ  ഭാഗമായി .
.ഒറ്റപെട്ടപ്പോള്‍  ..സാന്ത്വനമായപ്പോഴോ..?
നിന്‍റെ   ചുംബനങ്ങളുടെ  ചുവപ്പ്ജീവിതത്തിന്റെ ഹരിതാഭിലേക്ക് വിളിച്ചുണര്‍ത്തിയപ്പോഴോ ..?

പ്രിയ ..നീയെന്‍റെ കൂടെയുണ്ടായിരുന്നു എവിടെയും ...എവിടെയാണ് നിശബ്ദതയുടെ ഇരുട്ട് വീഴുവാന്‍ തുടങ്ങിയത്‌ ...?  
എന്‍റെ സ്വപ്നങള്‍ക്ക് അപ്പുറത്തേയ്ക്ക് നീ അകന്നു പോയത്‌ ..?


"പ്രണയം ......"
"നിന്നെ ...എനിക്കറിയില്ല എന്ത് പറയണംന്ന്  ..
..നീ...ഒരു  അര്‍ത്ഥത്തിലും..എനിക്ക് അങ്ങിനെയായിരുന്നില്ല ..
നിന്റെ ശൂന്യമായ നിശബ്ധതയ്ക്ക് അതൊന്നും മനസ്സിലാവുമെന്ന് .......
അല്ലെങ്കില്‍ നിനക്ക് അങ്ങിനെയാകാന്‍ ആവുമെന്നും എനിക്ക് തോന്നുന്നില്ല ...
....നീ..ഇങ്ങിനെയോക്കെയാണ് വിചാരിക്കുന്നതെങ്കില്‍ ....അത്  നിന്റെ മാത്രം തോന്നലുകളാണ് .." 

"പ്രണയത്തിന്റെ ഭാഷ .. ...നിന്‍റെ ശൂന്യമായ നിശബ്ധത അതറിയുന്നില്ല "

പ്രിയയുടെ വാക്കുകള്‍തീ പടര്‍ത്തിയത്   ആത്മാവിലായിരുന്നു ...
ഒന്ന് തിരിഞ്ഞു നോക്കി പടിയിറങ്ങി പോവുമ്പോള്‍  അവളുടെ ചുണ്ടിന്റെ ഒരു കോണില്‍ പരിഹാസ്സത്തിന്റെ ഭാവം നിറഞ്ഞ കണ്ണുകളാല്‍  ഞാന്‍ കണ്ടു .

കണ്ണാടിയില്‍  പ്രണയം  വാര്‍ന്നകന്ന  ജീവന്‍  കെട്ട  ഒരു കല്‍പ്രതിമ ...പ്രതിധ്വനികള്‍  ....
 ഊതി പെരുത്ത  വാക്കുകളുടെ  കനല്‍ ശിരസ്സില്‍ ഒരു പെരുപ്പായി വളര്‍ന്നു പടര്‍ന്നു ..

********************************************** 

ഗേറ്റു കടന്നു പൂച്ചെടികള്‍  വളര്‍ന്ന വളപ്പലെ നടപ്പാതയിലൂടെ ആശ്രമത്തിന്റെ വരാന്തയിലേക്ക്‌ വേഗത്തില്‍ നടന്നു കയറി 

ഒരു പോലുള്ള വാതിലുകള്‍... ശൂന്യമായ ഇടനാഴി .. ഏതു വഴിയിലൂടെയാണ്     അവര്‍ കടന്നു പോയത് ....?
അല്ലെങ്കില്‍ അത് മറ്റാരെങ്കിലും ആവാം ...അവളെ പോലെ മറ്റാരെങ്കിലും ..ഇനി അവള്‍ തന്നെയാണെങ്കില്‍ ...?.
ഇനിയും എന്നോ കടന്നു പോയ വഴിത്തിരിവുകള്‍ ഓര്‍മപ്പെടുത്തുന്നത്  ആര്‍ക്കു വേണ്ടി ..? 

അടഞ്ഞ വാതിലുകളും മൌനം പേറുന്ന നീണ്ട  ഇടനാഴിയും ...
 തെറ്റിയ  വഴി  തിരിച്ചറിഞ്ഞത്  പോലെ തിരിഞ്ഞു  നിന്നു  .
പിന്നെ ഒരു പുതിയ വഴി കണ്ടെത്തിയത് പോലെ മുന്നോട്ടു നടന്നു . 
വെയിലില്‍ നിന്നും ചെടികളുടെ  തണലിലേക്ക്‌ രണ്ടു ചിത്രശലഭങ്ങള്‍  പറന്നു   ...

പിന്നില്‍  വാതില്‍ തുറക്കുന്ന ശബ്ദം ...വെയിലില്‍ നിന്നും വാതിലിനപ്പുറം നില്‍ക്കുന്ന വ്യക്തമല്ലാത്ത ഇരുട്ടില്‍ ഒരു രൂപം ...

"ആരാ................ ...? "

കാലത്തിന് മുന്നില്‍ നിന്നോ പിന്നില്‍ നിന്നോ എന്നറിയാത്ത ഒരു പ്രതിധ്വനി  ഉള്ളില്‍ മുഴങ്ങികൊണ്ടിരുന്നു .


About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..